---
title: "വേണം മെമു; വടകരയില്‍  സ്ഥിരം തീവണ്ടി യാത്രക്കാർ വലയുന്നു"
english_title: "Vadakara is surrounded by regular train passengers"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/8628/vadakara-is-surrounded-by-regular-train-passengers"
published_at: "2021-11-03T08:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6181ff96f3da9_tarin.jpg"
keywords: []
---

# വേണം മെമു; വടകരയില്‍  സ്ഥിരം തീവണ്ടി യാത്രക്കാർ വലയുന്നു

> **Lead Summary:** **വടകര**: കോവിഡിൻ്റെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ ജനറൽ കോച്ചുകളുള്ള തീവണ്ടികൾ തിരിച്ചുവന്നുതുടങ്ങിയെങ്കിലും വടകരയിലെ സ്ഥിരം തീവണ്ടി യാത്രക്കാർക്ക് കാര്യമായ ഗുണമില്ലെന്ന് ആക്ഷേപം. നിലവിൽ കണ്ണൂർ-ഷൊർണൂർ റൂട്ടിൽ ഉള്ളത് പോലെ തെക്കോട്ട് ഓടുന്ന ഒരു മെമു എന്നതാണ് വടകരയിലെ യാത്രക്കാരുടെ പ്രധാന ആവശ്യം.

## Article Content

**വടകര**: കോവിഡിൻ്റെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ ജനറൽ കോച്ചുകളുള്ള തീവണ്ടികൾ തിരിച്ചുവന്നുതുടങ്ങിയെങ്കിലും വടകരയിലെ സ്ഥിരം തീവണ്ടി യാത്രക്കാർക്ക് കാര്യമായ ഗുണമില്ലെന്ന് ആക്ഷേപം. നിലവിൽ കണ്ണൂർ-ഷൊർണൂർ റൂട്ടിൽ ഉള്ളത് പോലെ തെക്കോട്ട് ഓടുന്ന ഒരു മെമു എന്നതാണ് വടകരയിലെ യാത്രക്കാരുടെ പ്രധാന ആവശ്യം.

രാവിലെ 4.30-ന് ഷൊർണൂരിൽനിന്ന് പുറപ്പെടുന്ന മെമു 6.32-നാണ് കോഴിക്കോട്ടെത്തുക. 7.34-ന് വടകരയിലെത്തും. വടകരയിൽ നിന്ന് കണ്ണൂരിലേക്ക് ജോലിക്ക് പോകുന്നവർക്കും വൈകീട്ട് തിരിച്ചുവരാനും ഈ വണ്ടി ഉപകാരപ്പെടും. എന്നാൽ തലശ്ശേരി, വടകര, കൊയിലാണ്ടി ഭാഗങ്ങളിൽനിന്ന് ഏറ്റവും കൂടുതൽ പേർ ജോലിചെയ്യുന്ന കോഴിക്കോട് ഭാഗത്തേക്ക് മെമു സർവീസില്ല.

രാവിലെ ഒമ്പതിനും 9.30-നും മധ്യേ കോഴിക്കോട് എത്തുന്നവിധത്തിൽ മെമു സർവീസ് തുടങ്ങിയാൽ യാത്രാപ്രശ്നം ഒരുപരിധിവരെ പരിഹരിക്കാമെന്നാണ് സ്ഥിരം യാത്രക്കാർ പറയുന്നത്. ഇപ്പോൾ കോഴിക്കോട് ഭാഗത്തേക്ക് കണ്ണൂരിൽനിന്ന് പുറപ്പെടുന്ന മൂന്ന് തീവണ്ടികൾക്കാണ് അൺറിസർവ്ഡ്‌ ടിക്കറ്റും സീസൺ ടിക്കറ്റും ലഭ്യമാകുന്നത്. എന്നാൽ സ്ഥിരം യാത്രക്കാരിൽ വളരെ ചെറിയൊരു വിഭാഗത്തിനുമാത്രമേ ഇതിന്റെ ഗുണം കിട്ടൂ എന്നാണ് പരാതി.

വടക്കോട്ട് കണ്ണൂർവരെ മാത്രമാണ് നിലവിൽ ജനറൽ കോച്ചുള്ള വണ്ടിയുള്ളത്. അവിടുന്നങ്ങോട്ട് പയ്യന്നൂർ, കാഞ്ഞങ്ങാട്, നീലേശ്വരം, കാഞ്ഞങ്ങാട്, കാസർകോട്, മംഗളൂരു എന്നിവിടങ്ങളിലേക്ക് പോകാൻ ടിക്കറ്റ് റിസർവ്വ് ചെയ്യകതന്നെ വേണം. പുലർച്ചെ 5.10-ന് കണ്ണൂരിൽനിന്ന് പുറപ്പെടുന്ന കണ്ണൂർ ആലപ്പുഴ എക്സിക്യുട്ടീവ് എക്സ്‌പ്രസ്, 6.20-ന് പുറപ്പെടുന്ന കണ്ണൂർ-കോയമ്പത്തൂർ വണ്ടി, ഉച്ചയ്ക്ക് 2.50-ന് പുറപ്പെടുന്ന കണ്ണൂർ- എറണാകുളം ഇന്റർസിറ്റി എക്സ്‌പ്രസ് എന്നിവയാണ് തിങ്കളാഴ്ച മുതൽ ഓടിത്തുടങ്ങിയത്.

ഇതിൽ എക്സിക്യുട്ടീവ് എക്സ്‌പ്രസ് 5.49-നാണ് വടകരയിലെത്തുക. കണ്ണൂർ, തലശ്ശേരി, വടകര എന്നിവിടങ്ങളിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് സ്ഥിരമായി ജോലിക്ക് പോകുന്നവരെ സംബന്ധിച്ചിടത്തോളം ഈ വണ്ടികൊണ്ട് കാര്യമായ ഗുണമില്ല.

ഇതിൽ കയറാനായി പുലർച്ചെ വീട്ടിൽ നിന്നിറങ്ങേണ്ടിവരും. അതേസമയം മലപ്പുറം, തൃശൂർ പോലുള്ള ദൂരസ്ഥലങ്ങളിലേക്ക് ജോലിക്ക് പോകുന്നവർക്ക് ഉപകാരമാകും. രാവിലെ ഏഴുമണിക്ക് വടകരയിലെത്തുന്ന കണ്ണൂർ- കോയമ്പത്തൂർ വണ്ടിയും മലപ്പുറം ജില്ലയിലേക്കുള്ള യാത്രക്കാർക്ക് ആശ്വസമാണ്. മലപ്പുറം, കോഴിക്കോട് ഭാഗത്തുനിന്ന് ജോലികഴിഞ്ഞ് തിരിച്ചുവരുന്നവർക്കും ഉപകാരപ്പെടും.

വൈകീട്ട് 6.30-നാണ് വണ്ടി കോഴിക്കോട്ടെത്തുക. ജോലി കഴിഞ്ഞ് വണ്ടിക്കായി ഇത്രയും സമയം കാത്തിരിക്കണമെന്നുമാത്രം. പിന്നെയുള്ളത് ഉച്ചയ്ക്ക് 3.29-ന് വടകരയിലെത്തുന്ന ഇന്റർസിറ്റി എക്സ്‌പ്രസാണ്. ജോലി കഴിഞ്ഞുപോകുന്നവർക്കും ജോലിക്കുപോകുന്നവർക്കും യോജിച്ച സമയമല്ലിത്. നവംബർ പത്തിന് അൺറിസർവ്ഡ് ടിക്കറ്റ് കിട്ടുന്ന മംഗളൂരു-കോയമ്പത്തൂർ ഫാസ്റ്റ് പാസഞ്ചർകൊണ്ടും കാര്യമായ ഗുണം സ്ഥിരം യാത്രക്കാർക്കില്ല.

ഉച്ചയ്ക്ക് 12.39 ആണ് വടകരയിലെത്തുന്ന സമയം. തിരിച്ചുള്ള സമയം ഉച്ചയ്ക്ക് 2.04 ആണ്. രാവിലത്തെയും വൈകീട്ടത്തെയും സ്ഥിരംയാത്രക്കാരുടെ പ്രധാന ആവശ്യം പരശുറാം, എഗ്‌മോർ, ഏറനാട് എന്നീ എക്സ്‌പ്രസ് തീവണ്ടികളിൽ പഴയതുപോലെ ജനറൽ കോച്ചുകൾ ഉൾപ്പെടുത്താനാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/8628/vadakara-is-surrounded-by-regular-train-passengers)