---
title: "ക്ഷമിക്കണം കറണ്ടില്ല; തീരത്തെ കാവൽസേന ഇരുട്ടിൽ "
english_title: " Coast Guard in the dark"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/86609/coast-guard-in-the-dark"
published_at: "2022-12-22T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a3f64e55281_STATION_COAST.jpg"
keywords: []
---

# ക്ഷമിക്കണം കറണ്ടില്ല; തീരത്തെ കാവൽസേന ഇരുട്ടിൽ 

> **Lead Summary:** **വടകര: **കടൽ വഴിയെത്തി രാജ്യത്തെ അക്രമിച്ച മുംബൈ അക്രമണത്തിൻ്റെ പശ്ചാത്തലത്തിലാണ് തീരദേശ പൊലീസ് സ്റ്റേഷനുകൾ കേരളത്തിലും ആരംഭിച്ചത്. കനത്ത ഉത്തരവാദിത്വ നിർവ്വഹണ കേന്ദ്രമായിട്ടും പല കാര്യങ്ങളിലും കടുത്ത അവഗണനയാണ് ഈ പൊലീസ് വിഭാഗം നേരിടുന്നത്.വടകര സാൻ്റ്ബാങ്ക്സിനടുത്ത് ഉദ്ഘാടനം കഴിഞ്ഞ് അഞ്ചു വർഷമായിട്ടും തീരാ ദുരിതത്തിലാണ് വടകര തീരദേശ പോലീസ് സ്റ്റേഷൻ.

## Article Content

**വടകര: **കടൽ വഴിയെത്തി രാജ്യത്തെ അക്രമിച്ച മുംബൈ അക്രമണത്തിൻ്റെ പശ്ചാത്തലത്തിലാണ് തീരദേശ പൊലീസ് സ്റ്റേഷനുകൾ കേരളത്തിലും ആരംഭിച്ചത്. കനത്ത ഉത്തരവാദിത്വ നിർവ്വഹണ കേന്ദ്രമായിട്ടും പല കാര്യങ്ങളിലും കടുത്ത അവഗണനയാണ് ഈ പൊലീസ് വിഭാഗം നേരിടുന്നത്.വടകര സാൻ്റ്ബാങ്ക്സിനടുത്ത് ഉദ്ഘാടനം കഴിഞ്ഞ് അഞ്ചു വർഷമായിട്ടും തീരാ ദുരിതത്തിലാണ് വടകര തീരദേശ പോലീസ് സ്റ്റേഷൻ.

പോലീസ് സ്റ്റേഷനിൽ വൈദ്യുതി നിലച്ചാൽ പകരം സംവിധാനമില്ല. പല പ്രധാന ജോലികളും ചെയ്യുന്നതിനിടയിൽ ആയിരിക്കാം വൈദ്യുതി മുടങ്ങുന്നത്. പക്ഷേ ഇൻവെർട്ടറോ, ജനറേറ്ററോ ഇല്ലാത്തത് ദൈനംദിന പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. ആറ് കോസ്റ്റൽ വാർഡന്മാരും, നാല് ബോട്ട് സ്റ്റാഫും, 26 പോലീസ് ഉദ്യോഗസ്ഥന്മാരും ഉൾപ്പെടെ 36 പേരാണ് വടകര തീരദേശ പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്നത്. വൈദ്യുതി നിലച്ചാൽ പിന്നീട് വൈദ്യുതി വരുന്നതുവരെ കാത്തിരിക്കുക എന്നതല്ലാതെ മറ്റു നിർവാഹമില്ല.സ്റ്റേഷൻ ഇരുട്ടിൽ വൈദ്യുതി മുടങ്ങിയാൽ മൊബൈൽ വെളിച്ചത്തിലാണ് പല പ്രധാന ജോലികളും ചെയ്യുന്നത്.

അഞ്ചുവർഷമായിട്ട് പോലും ഇതിനൊരു പരിഹാരം കാണാത്തതിന്റെ പ്രയാസത്തിലാണ് ഇവിടുത്തെ ഓരോ ഉദ്യോഗസ്ഥരും ജോലിക്കാരും. ഏറ്റവും പ്രധാനമായി പോലീസ് സ്റ്റേഷന്റെ സുരക്ഷയ്ക്ക് വേണ്ടി ഗെയിറ്റ് പോലുമില്ല. നന്തി ലൈറ്റ് ഹൗസ് മുതൽ അഴിയൂർ വരെയാണ് വടകര തീരദേശ പോലീസിന്റെ അതിർത്തി. ഈ അതിർത്തി സംരക്ഷിക്കുവാനോ, പൈലറ്റിംഗ് നടത്തുവാനോ ബോട്ട് ഉണ്ടെങ്കിലും ഇന്ദനം. മാസങ്ങളായി സബ്സിഡിയായി എണ്ണ അനുവദിച്ചിട്ട്. കടലിൽ വെച്ചുണ്ടാകുന്ന അപകടങ്ങൾ അപകട മരണങ്ങൾ ഇവ പരിശോധിക്കുവാൻ ബോട്ടിന് എണ്ണയില്ലാത്തതിനാൽ സാധ്യമാകുന്നില്ല. പ്രതികൂലമായ കാലാവസ്ഥ കൊണ്ടും ഉപ്പുരസമുള്ള കടൽക്കാറ്റ് കൊണ്ടും ഓഫീസിലെ കമ്പ്യൂട്ടർ, ടേബിൾ, വെള്ളം ഉപയോഗിക്കുന്ന പൈപ്പുകൾ, ടോയ്ലറ്റ് സിംഗ് ഉൾപ്പെടെയുള്ളവ തുരുമ്പെടുക്കുന്നു.

സാധാരണഗതിയിൽ തീരദേശ മേഖലയിലെ പൊലീസ് സ്റ്റേഷനുകൾ ഉൾപ്പെടെയുള്ള കെട്ടിടങ്ങളിൽ കടൽക്കാറ്റിനെ പ്രതിരോധിക്കാൻ സ്റ്റീൽ ഉപകരണ സംവിധാനമാണ് ഒരുക്കുന്നത്, പക്ഷേ വടകര തീരദേശ പോലീസ് സ്റ്റേഷനിൽ എല്ലാം സാധാരണ രീതിയിൽ ഉപയോഗിക്കുന്നവ മാത്രമേയുള്ളൂ. അതുകൊണ്ടു പെട്ടെന്ന് തന്നെ ഇവ കേടുവരുന്നുണ്ടെന്നും ഉദ്യോഗസ്ഥന്മാർ അറിയിച്ചു. കമ്പ്യൂട്ടർ, പ്രിൻ്റ്ർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ നശിക്കുന്നു. ഇത് തടയാൻ കാറ്റ് കടക്കാത്ത മുറികൾ ഒരുക്കണം. ഇതിനിടയിൽ വടകര തീരദേശ പോലീസിന് ഏറ്റവും അത്യാവശ്യമുള്ള ഇൻവെർട്ടർ സേവനവും, ഉറപ്പുള്ള ഗെയിറ്റും, പെട്ടെന്ന് തുരുമ്പെടുക്കാത്ത വസ്തുക്കളുടെ സേവനവും ഉറപ്പുവരുത്തണമെന്നാണ് ആവശ്യം. ഇക്കാര്യത്തിൽ പൊലീസ് മേധാവികളും ഭരണകർത്താക്കൾ ഉചിതമായ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷയിലാണ് ഇവിടുത്തെ പൊലീസുകാർ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/86609/coast-guard-in-the-dark)