---
title: "കലാ-കരവിരുതിന്റെ ഏറ്റവും മികച്ച കരകൗശല മേള;10-ാമത് സര്‍ഗാലയ അന്താരാഷ്ട്ര കലാ- കരകൗശല മേളയ്ക്ക് ഇന്ന് തുടക്കം "
english_title: "Best of Arts and Crafts Fair; 10th Sargalaya International Arts and Crafts Fair Begins Today"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/86617/best-of-arts-and-crafts-fair-10th-sargalaya-international-arts-and-crafts-fair-begins-today"
published_at: "2022-12-22T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a3fcd245ae1_craft_3.jpg"
keywords: []
---

# കലാ-കരവിരുതിന്റെ ഏറ്റവും മികച്ച കരകൗശല മേള;10-ാമത് സര്‍ഗാലയ അന്താരാഷ്ട്ര കലാ- കരകൗശല മേളയ്ക്ക് ഇന്ന് തുടക്കം 

> **Lead Summary:** വടകര: കലാ-കരവിരുതിന്റെ ഏറ്റവും മികച്ച കരകൗശല മേളകളില്‍ ഒന്നായ 10-ാമത് സര്‍ഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേളയ്ക്ക് ഇന്ന് തുടക്കമാകും . ഡിസംബര്‍ 22 മുതല്‍ ജനുവരി 9 വരെയാണ് മേള നടക്കുക . ഇന്ന് വൈകുന്നേരം നാലു മണിക്ക് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് മേള ഉദ്ഘാടനം ചെയ്യും.

## Article Content

വടകര: കലാ-കരവിരുതിന്റെ ഏറ്റവും മികച്ച കരകൗശല മേളകളില്‍ ഒന്നായ 10-ാമത് സര്‍ഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേളയ്ക്ക് ഇന്ന് തുടക്കമാകും . ഡിസംബര്‍ 22 മുതല്‍ ജനുവരി 9 വരെയാണ് മേള നടക്കുക . ഇന്ന് വൈകുന്നേരം നാലു മണിക്ക് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് മേള ഉദ്ഘാടനം ചെയ്യും.

കേന്ദ്ര ടൂറിസം വകുപ്പ്, ടെക്സ്റ്റൈല്‍സ് ഡവലപ്പ്മെന്റ് കമ്മിഷണര്‍ ഓഫ് ഹാന്‍ഡി ക്രാഫ്ട്സ്, നബാര്‍ഡ്, കേരള സര്‍ക്കാര്‍, വിനോദ സഞ്ചാര വകുപ്പ്, പൊതു വിദ്യാഭ്യാസ വകുപ്പ്(സമഗ്ര ശിക്ഷാ കേരളം) എന്നിവയുടെ നേതൃത്വത്തിലാണ് ക്രാഫ്റ്റ് മേള സംഘടിപ്പിക്കുന്നത്. ബംഗ്ലാദേശ്, ജോര്‍ദാന്‍, കിര്‍ഗിസ്ഥാന്‍, നേപ്പാള്‍, സിറിയ, താജിക്കിസ്ഥാന്‍, തായ്ലാന്‍ഡ്, മൗറീഷ്യസ്, ഉസ്ബെക്കിസ്ഥാന്‍, ലെബനന്‍ തുടങ്ങി 10 ല്‍ പരം രാജ്യങ്ങളിലെ കരകൗശല വിദഗ്ധരാണ് മേളയില്‍ പങ്കെടുക്കുന്നത്. ഉസ്ബെക്കിസ്ഥാന്‍ പാര്‍ട്ണര്‍ രാജ്യമായി മേളയില്‍ പങ്കെടുക്കും. 26 സംസ്ഥാനങ്ങളില്‍ നിന്നും 500 ല്‍ പരം കരകൗശല വിദഗ്ധര്‍ മേളയുടെ ഭാഗമാവും.

മേളയില്‍ വിദേശ വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ രണ്ട് ലക്ഷത്തില്‍പരം സന്ദര്‍ശകരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 19 ദിവസം നീണ്ടു നില്‍ക്കുന്ന മേളയില്‍ വിവിധ വിഭാഗങ്ങളിലായി 236 സ്റ്റാളുകളാണ് ഒരുക്കിയിട്ടുള്ളത്. വാഹന പാര്‍ക്കിങ്ങ്, ഗതാഗത സൗകര്യം എന്നിവയ്ക്ക് പ്രത്യേക സജ്ജീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സംസ്ഥാന പ്രവൃത്തി പരിചയ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്ക് മേളയില്‍ പങ്കെടുക്കാനും സര്‍ഗശേഷി പരിപോഷിപ്പിക്കുന്നതിനും അവസരമൊരുക്കിയിട്ടുണ്ട്. ഇവര്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും വിദഗ്ധരുമായി സംവദിക്കുന്നതിനും മേളയില്‍ സൗകര്യമുണ്ടാവും. പൊതു വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളയും സര്‍ഗാലയയും ചേര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഈ അവസരമൊരുക്കിയത്.

മിനിസ്ട്രി ഓഫ് ടെക്സ്റ്റൈല്‍സ് ഡവലപ്പ്മെന്റ് കമ്മീഷണര്‍ ഓഫ് ഹാന്‍ഡി ക്രാഫ്ട്സ് ഒരുക്കുന്ന ക്രാഫ്റ്റ് ബസാര്‍, നബാര്‍ഡ് ക്രാഫ്റ്റ് പവിലിയന്‍, വിദേശ രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ ഒരുക്കുന്ന ഇന്റര്‍നാഷണല്‍ ക്രാഫ്റ്റ് പവിലിയന്‍,കേരള ഫുഡ് ഫെസ്റ്റ്, ഉസ്ബെക്കിസ്ഥാന്‍ ഫുഡ് ഫെസ്റ്റ്, അമ്യൂസ്മെന്റ് റൈഡുകള്‍, കലാപരിപാടികള്‍, ബോട്ടിംഗ്, കളരി പവിലിയന്‍, മെഡിക്കല്‍ എക്സിബിഷന്‍ എന്നിവ മേളയെ ആകര്‍ഷകമാകും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/86617/best-of-arts-and-crafts-fair-10th-sargalaya-international-arts-and-crafts-fair-begins-today)