---
title: "ഒരേ നമ്പറിൽ രണ്ടു ബുള്ളറ്റ്; അന്വേഷണം തുടങ്ങി മോട്ടോർ വാഹന വകുപ്പ് "
english_title: "Two bullets of the same number; The Motor Vehicle Department has started an investigation"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/86638/two-bullets-of-the-same-number-the-motor-vehicle-department-has-started-an-investigation"
published_at: "2022-12-22T13:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a40ffdbd73c_bike.jpg"
keywords: []
---

# ഒരേ നമ്പറിൽ രണ്ടു ബുള്ളറ്റ്; അന്വേഷണം തുടങ്ങി മോട്ടോർ വാഹന വകുപ്പ് 

> **Lead Summary:** **വടകര: **ഒരേ നമ്പറിൽ രണ്ട് റോയൽ എൻഫീൽഡ് ബുള്ളറ്റുകൾ കണ്ടെത്തിയ സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് അന്വേഷണം തുടങ്ങി. വടകര മേമുണ്ട സ്വദേശിയുടെ പേരിലും, പാനൂർ സ്വദേശിയുടെ പേരിലുമാണ് കെ.എൽ.04 എ 4442 എന്ന നമ്പറിൽ റോയൽ എൻഫീൽഡ് ബുള്ളറ്റുകൾ കണ്ടെത്തിയത്.

## Article Content

**വടകര: **ഒരേ നമ്പറിൽ രണ്ട് റോയൽ എൻഫീൽഡ് ബുള്ളറ്റുകൾ കണ്ടെത്തിയ സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് അന്വേഷണം തുടങ്ങി. വടകര മേമുണ്ട സ്വദേശിയുടെ പേരിലും, പാനൂർ സ്വദേശിയുടെ പേരിലുമാണ് കെ.എൽ.04 എ 4442 എന്ന നമ്പറിൽ റോയൽ എൻഫീൽഡ് ബുള്ളറ്റുകൾ കണ്ടെത്തിയത്.

1993 ആലപ്പുഴയിലാണ് ഈ നമ്പറിൽ ബൈക്ക് രജിസ്റ്റർ ചെയ്തത്. ഇതിനുശേഷം പല ഘട്ടങ്ങളിലായി പല ആളുകളുടെ പേരിലും ഉടമസ്ഥാവകാശം മാറിയിട്ടുണ്ട്. ഇരു വാഹനങ്ങൾക്കും ഒറിജിനൽ ആർസിയുമുണ്ട്. മേമുണ്ട സ്വദേശിയുടെ പേരിലുള്ള ബുള്ളറ്റ് കൈമാറ്റം ചെയ്തെങ്കിലും ഉടമസ്ഥാവകാശം മാറിയിട്ടില്ല. വടകരയിലെ ഒരു വ്യാപാരിയാണ് ഇപ്പോൾ ബൈക്ക് ഉപയോഗിക്കുന്നത്. ഈ ബൈക്കിന് 2022 ജനുവരിയിൽ വടകര ആർടിഒ 2026 വരെ കാലാവധി പുതുക്കി നൽകിയിട്ടുണ്ട്.

പാനൂർ സ്വദേശിയുടെ ബുള്ളറ്റ് ഒന്നരമാസം മുമ്പ് കാലാവധി നീട്ടിക്കിട്ടാനായി രേഖകൾ ഹാജരാക്കിയപ്പോഴാണ് ഇതേ നമ്പറിൽ വടകര ആർടിഒ ഓഫീസിൽ ബുള്ളറ്റ് രജിസ്റ്റർ ചെയ്തതായി കണ്ടെത്തിയത്. തുടർന്ന് മോട്ടോർ വാഹന വകുപ്പ് ഇരു വാഹനങ്ങളും കസ്റ്റഡിയിലെടുത്ത് വടകരയിലെത്തിച്ചു.

ചേസിസ് നമ്പർ ഹാൻഡ് മെയ്ഡ് പഞ്ചിങ് ആയതിനാൽ പെൻസിൽ സ്കെച്ചെടുത്ത് പരിശോധന നടത്തിയാൽ മാത്രമേ ഒറിജിനലും വ്യാജനും കണ്ടെത്താൻ കഴിയുകയുള്ളുവെന്നാണ് മോട്ടോർ വാഹന വകുപ്പ് അധികൃതർ വിശദീകരിക്കുന്നത്. കേസ് പോലീസിന് കൈമാറുമെന്ന് വടകര ആർടിഒ ഇൻചാർജ് ബിജുമോൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/86638/two-bullets-of-the-same-number-the-motor-vehicle-department-has-started-an-investigation)