---
title: "മൊഴി എടുത്തില്ല; ബാലവകാശ കമ്മീഷനെതിരെ പെൺകുട്ടിയുടെ മാതാവ് "
english_title: "Statement not taken; Girl's mother against Child Rights Commission"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/86756/statement-not-taken-girls-mother-against-child-rights-commission"
published_at: "2022-12-22T22:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a491d9d36d7_balavakasha.jpg"
keywords: []
---

# മൊഴി എടുത്തില്ല; ബാലവകാശ കമ്മീഷനെതിരെ പെൺകുട്ടിയുടെ മാതാവ് 

> **Lead Summary:** **അഴിയൂർ:** ബാലാവകാശ കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ മാതാവ്.അഴിയൂരിലെ ലഹരിയാ മാഫിയ സംഘം മകളെ ലഹരിക്കടിമപ്പെടുത്തി ലഹരിക്കടത്തിന് ഉപയോഗിച്ച നാടിനെ ഞെട്ടിച്ച സംഭവത്തിലാണ് മാതാവ് മാധ്യമങ്ങളുടെ മുന്നിൽ കാര്യങ്ങൾ വെളിപ്പെടുത്തിയത്.

## Article Content

**അഴിയൂർ:** ബാലാവകാശ കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ മാതാവ്.അഴിയൂരിലെ ലഹരിയാ മാഫിയ സംഘം മകളെ ലഹരിക്കടിമപ്പെടുത്തി ലഹരിക്കടത്തിന് ഉപയോഗിച്ച നാടിനെ ഞെട്ടിച്ച സംഭവത്തിലാണ് മാതാവ് മാധ്യമങ്ങളുടെ മുന്നിൽ കാര്യങ്ങൾ വെളിപ്പെടുത്തിയത്.

കഴിഞ്ഞദിവസം ഞങ്ങളുടെ വീടിൻ്റെ അരക്കിലോമീറ്റർ അടുത്ത് വരെ എത്തിയ ബാലാവകാശ കമ്മീഷനും അംഗവും എൻ്റേയോ മകളുടെയും മൊഴിയോ ഞങ്ങളിൽ നിന്ന് വിവരങ്ങളോ ശേഖരിക്കാതെ സംഭവത്തിൽ ആശങ്ക അറിയിച്ചു. കമ്മീഷൻ നടത്തുന്ന പരാമർശം ഇരകളായ ഞങ്ങളോട് കാണിക്കുന്ന അനീതിയാണ്. ദിവസങ്ങളോളം ലഹരിക്കടിപ്പെട്ടതിന്റെ ആസക്തിയിൽ നിന്നും മകൾ ഇതുവരെ മോചിതയായിട്ടില്ല.

ഇന്നും കോഴിക്കോട് മെഡിക്കൽ കോളേജിൽ കൗൺസിലിങ്ങിന് വിധേയമായിരുന്നു. ലഹരി മാഫിയയുടെ ഇരയായ മകൾ നിലവിൽ പലയിടങ്ങളിലും മൊഴി നൽകിയിട്ടുണ്ട്. Dysp യുടെ നേതൃത്വത്തിൽ പോലീസ് ഒരു തവണയാണ് വിശദമൊഴി രേഖപ്പെടുത്തിയത്. ദിവസങ്ങളോളം ലഹരിക്കടിമപ്പെടുത്തിയവരുടെ പേര് വിവരങ്ങൾ വരെ മകൾ പറഞ്ഞിട്ടുണ്ട്. കോഴിക്കോട് വെച്ച് ശിശുക്ഷേമ സമിതിയുടെ മുന്നിലും കൃത്യമായി പ്രതികളുടെ പേര് പറഞ്ഞു മൊഴികൊടുത്തിട്ടുണ്ട്. പ്രതികളായ രണ്ടുപേരുടെ ഫോട്ടോ കണ്ട് മകൾ തിരിച്ചറിഞ്ഞത് ഹെഡ് ടീച്ചറുടേയും സ്കൂൾ കൗൺസിലറുടേയും സാന്നിധ്യത്തിലാണ്. സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്നും പോലീസിന്റെ ഭാഗത്തുനിന്നും സംഭവിച്ച വീഴ്ചകൾ ചൂണ്ടിക്കാട്ടി രണ്ടു പേജുള്ള പരാതി അഴിയൂർ പഞ്ചായത്ത് പതിനെട്ടാം വാർഡ് മെമ്പർ സീനത്ത് ബഷീർ ബാലവകാശ കമ്മീഷൻ സ്കൂളിൽ വന്ന സമയം പരാതി സമർപ്പിച്ചിട്ടുണ്ട്.

എന്തുകൊണ്ട് യഥാസമയം ഈ വിവരം നിങ്ങൾ പരാതിയായി സമർപ്പിച്ചില്ല എന്ന് കമ്മീഷൻ സ്കൂളിൽ വെച്ച് ഹെഡ്ടീച്ചറോട് ചോദിച്ചതായി വാർഡ് മെമ്പർ പറഞ്ഞിട്ടുണ്ട്. സംഭവത്തിലെ പ്രതികളെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ആണ് നടന്നുകൊണ്ടിരിക്കുന്നത്. എന്നെയും മകളെയും മാനസികമായി തളർത്തുന്ന നടപടിയാണ് ഇപ്പോഴും പോലീസ് സ്വീകരിക്കുന്നത്.

ഇന്നലെയും മിനിഞ്ഞാന്നും പോലീസ് ആവശ്യപ്പെട്ടതനുസരിച്ച് ഞാനും മകളും കോഴിക്കോട് മെഡിക്കൽ കോളേജിൽ പോയെങ്കിലും കൗൺസിലിംഗ് നടക്കാതെ മടങ്ങി വരേണ്ടിവന്നു. വളരെ കഷ്ടപ്പെട്ടാണ് മകളെ കൊണ്ടു പോകുന്നത്. ഞങ്ങൾ എന്ത് തെറ്റാണ് ചെയ്തത്? ഞങ്ങളോടൊപ്പം നിൽക്കേണ്ട ബാലാവകാശ കമ്മീഷൻ ഇത്തരത്തിൽ സമീപനം സ്വീകരിച്ചതിൽ വേദനയുണ്ട്. ഞാനും മകളും മരിച്ചാൽ നിങ്ങൾക്ക് സമാധാനം ആകുമോ? രോഷത്തോടെ മാതാവ് ചോദിച്ചു. യഥാർത്ഥ പ്രതികളെ പിടികൂടാൻ കോടതിയെയും ബന്ധുക്കൾ സമീപിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/86756/statement-not-taken-girls-mother-against-child-rights-commission)