---
title: "ഇനി ആര്...! ബൈപ്പാസ് റോഡിൽ കേബിൾ വയർ റോഡിന് മീതെ "
english_title: "Cable wire over road on bypass road"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/86986/cable-wire-over-road-on-bypass-road"
published_at: "2022-12-24T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a6c1ae93356_ROAD_F.jpg"
keywords: []
---

# ഇനി ആര്...! ബൈപ്പാസ് റോഡിൽ കേബിൾ വയർ റോഡിന് മീതെ 

> **Lead Summary:** **വടകര: **റോഡിൽ ആഴ്ചകളായി കേബിൾ വയർ താഴെ കിടക്കുന്നത് അപകടം സൃഷ്ടിക്കുന്നു.

## Article Content

**വടകര: **റോഡിൽ ആഴ്ചകളായി കേബിൾ വയർ താഴെ കിടക്കുന്നത് അപകടം സൃഷ്ടിക്കുന്നു.

വടകര സഹകരണ ആശുപത്രിക്ക് സമീപമുള്ള ഹൈവേയിൽ നിന്നും എളുപ്പവഴിയായി പഴയ ബസ്റ്റാൻഡ് റോഡിലേക്ക് പോകുന്ന വഴിയിലാണ് സംഭവം. ടെലിഫോൺ പോസ്റ്റിൽ നിന്നും കേബിൾ വയർ അറ്റ് താഴെ കിടക്കുകയാണ്.

എളുപ്പവഴി ആയതുകൊണ്ട് തന്നെ നിരവധി വാഹനങ്ങളാണ് ഇത് വഴി പോകുന്നത്. പഴയ ബസ്സ്റ്റാൻഡ് കരിമ്പന പാലം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും എളുപ്പത്തിൽ സഹകരണ ആശുപത്രിയിലേക്കും മാർക്കറ്റിലേക്കും പോകുന്ന ഒരു വഴിയാണിത്.

**

ഡിസംബർ പന്ത്രണ്ടാം തീയതിയായിരുന്നു വൈദ്യുതിവയർ കഴുത്തിൽ കുരുങ്ങി യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടത്.

വടകര-വില്യാപ്പള്ളി റോഡിലെ വൈക്കിലിശ്ശേരി ബസ്റ്റോപ്പിന് സമീപമായിരുന്നു സംഭവം. സമാനമായ ഒരു അവസ്ഥ ഉണ്ടാകാതിരിക്കുവാനുള്ള മുൻകരുതലുകൾ അധികൃതർ പാലിക്കേണ്ടതായിട്ടുണ്ട്.

ഹരിപ്രസാദ് എന്ന യുവാവിന് അപകടം വരുവാൻ കാരണം നേരിയ ചാറ്റൽ മഴ മൂലം കൊണ്ടാണ്. അത്തരത്തിൽ പ്രതികൂലമായ ഒരു കാലാവസ്ഥയാണ് അനുഭവപ്പെടുന്നതെങ്കിൽ അപകടങ്ങൾ സംഭവിക്കാം.

മാത്രവുമല്ല, സമീപത്ത് തന്നെയാണ് വൈദ്യുതി ട്രാൻസ്ഫോർമറും നിലനിൽക്കുന്നത്. ഇടുങ്ങിയ റോഡ് ആയതിനാൽ അപകടത്തിന്റെ വ്യാപ്തിയും വർദ്ധിക്കും.

ഇത്തരത്തിൽ പൊട്ടിവീണ കേബിൾ വയർ ആഴ്ചകളായി റോഡിൽ കിടക്കുന്നത് വാഹന യാത്രക്കാരെയെന്ന പോലെ കാൽനടയാത്രക്കാരെയും പ്രതികൂലമായി ബാധിക്കുന്നു. പലരും രാത്രി കാലങ്ങളിൽ സഞ്ചരിക്കുന്ന സമയത്ത് കാൽ വഴുതി വീഴുന്നു.

ഇനിയൊരു ഹരിപ്രസാദ് ആവർത്തിക്കാതിരിക്കാൻ എത്രയും പെട്ടെന്ന് കേബിൾ മാറ്റി ശരിയായ രീതിയിൽ സ്ഥാപിക്കുക എന്നുള്ളതല്ലാതെ മറ്റു പോംവഴിയില്ല.

സമീപത്തെ തെങ്ങിൽ നിന്നോ ഓലയോ തേങ്ങയോ വീണതായിരിക്കാം കേബിൾ പൊട്ടുവാനുള്ള കാരണം. ആഴ്ചകൾ നിരവധി പിന്നിട്ടിട്ടും അധികൃതർ ഉണർന്നിട്ടില്ല. ഇക്കാര്യത്തിൽ അടിയന്തരശ്രദ്ധ വേണമെന്നാണ് നാട്ടുകാരുടെ അഭ്യർത്ഥന.

**വടകര:** അറ്റു വീണ വൈദ്യുതി വയർ കഴുത്തിൽ കുരുങ്ങി.യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. പൊട്ടിവീണ സർവീസ് വയർ കഴുത്തിൽ കുരുങ്ങി തെറിച്ചു വീണ ബൈക്ക് യാത്രക്കാരനാണ് അത്ഭുതകരമായി രക്ഷപ്പെട്ടത് .ഇന്ന് കാലത്ത് 6:30ന് വടകര- വില്യാപ്പള്ളി റൂട്ടിൽ വൈക്കിലിശ്ശേരി ബസ്റ്റോപ്പിന്റെ അടുത്താണ് സംഭവം നടന്നത് .

അരൂർ ചവേലക്കുളങ്ങര നാണുവിന്റെ മകൻ ഹരിപ്രസാദാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ജോലിസ്ഥലമായ കോഴിക്കോട്ടേക്ക് ട്രെയിനിനു പോകാൻ ബൈക്കിൽ അരൂരിലെ വീട്ടിൽ നിന്നും കാലത്ത് യാത്രതിരിച്ചതായിരുന്നു യുവാവ്. വൈക്കിലിശ്ശേരി റോഡ് ബസ്റ്റോപ്പിനടുത്ത് എത്തിയപ്പോൾ കനത്ത മഴയത്ത് പൊട്ടിവീണ ഇലക്ട്രിസിറ്റി സർവീസ് വയർ കഴുത്തിൽ കുരുങ്ങി യുവാവ് ഇടതുവശത്തേക്ക് ഏകദേശം മൂന്നു മീറ്ററോളം അകലെ റോഡിൽ നിന്ന് തെറിച്ചു വീഴുകയും ഇറക്കത്തിലേക്ക് തനിയെ നീങ്ങിയ ബൈക്ക് വലതുഭാഗത്ത് മദ്രസയുടെ സമീപമുള്ള ഫർണിച്ചർ കടയുടെ ചുമരിൽ ഇടിച്ച് ഇലക്ട്രിക് പോസ്റ്റിനും സ്റ്റേ വയറിനും കടയുടെ മതിലിനും ഇടയിൽ കുരുങ്ങിക്കിടക്കുകയായിരുന്നു.

ജാക്കറ്റും ഹെൽമെറ്റും ധരിച്ചിരുന്നതിനാൽ യുവാവിന് കാര്യമായ പരിക്കുകളൊന്നും സംഭവിച്ചില്ല .നല്ല മഴയത്ത് അതിരാവിലെ റോഡിൽ വാഹനങ്ങൾ ഇല്ലാതിരുന്നതും മദ്രസ പ്രവർത്തനം തുടങ്ങുന്നതിന് മുമ്പായതിനാലും വിദ്യാർത്ഥികൾ റോഡരികിൽ ഇല്ലാതിരുന്നതും ഭാഗ്യമായി.

കെഎസ്ഇബി അധികൃതർ വന്ന് വാഹനം എടുത്തു മാറ്റി. യുവാവിനെ വടകര ഗവൺമെൻറ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു. വടകര പോലീസിൽ ഹരിപ്രസാദ് പരാതി നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/86986/cable-wire-over-road-on-bypass-road)