---
title: "ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക പരീക്ഷകള്‍ നടത്തണമെന്ന് കെ.കെ രമ എംഎല്‍എ"
english_title: " KK Rema MLA wants special examinations for differently abled"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/8746/kk-rema-mla-wants-special-examinations-for-differently-abled"
published_at: "2021-11-03T18:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618282d191faa_k k rama mla .jpg"
keywords: []
---

# ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക പരീക്ഷകള്‍ നടത്തണമെന്ന് കെ.കെ രമ എംഎല്‍എ

> **Lead Summary:** തിരുവനന്തപുരം: ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക മത്സര പരീക്ഷകള്‍ നടത്തണമെന്ന് കെ.കെ രമ എംഎല്‍എ നിയമസഭയില്‍ ആവശ്യപ്പെട്ടു.

## Article Content

തിരുവനന്തപുരം: ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക മത്സര പരീക്ഷകള്‍ നടത്തണമെന്ന് കെ.കെ രമ എംഎല്‍എ നിയമസഭയില്‍ ആവശ്യപ്പെട്ടു.

സെറിബ്രല്‍ പാള്‍സി രോഗബാധിതരായ ആളുകള്‍ വ്യത്യസ്ത സ്വഭാവത്തില്‍ വ്യത്യസ്ത ഭിന്നശേഷികളോടെ നമ്മുടെ സമൂഹത്തില്‍ ജീവിക്കുന്നുണ്ട്. ഭിന്നശേഷി എന്നതിന് ഒരൊറ്റ ഉത്തരമല്ല, പ്രത്യേകിച്ച് സെറിബ്രല്‍ പാള്‍സി രോഗം ബാധിച്ച വ്യക്തികള്‍. ശാരീരികമായി വിവിധ വൈകല്യങ്ങളാണ് ഇവര്‍ ഓരോരുത്തരും അനുഭവിക്കുന്നത്.

ഭിന്നശേഷിക്കാര്‍ക്ക് സര്‍ക്കാര്‍ അനുവദിക്കുന്ന സ്വാഭാവിക ധനസഹായങ്ങള്‍ക്കും പരസഹായങ്ങള്‍ക്കുമപ്പുറം സ്വതന്ത്രമായ തൊഴില്‍ സാധ്യതകള്‍ സൃഷ്ട്ടിക്കാന്‍ കഴിയുന്ന അനുഭാവ പൂര്‍ണമായ ഒരു നിലപാട് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നില്ല എന്നത് ഏറെ ദു:ഖകരമാണ്. ഈ വിഭാഗത്തില്‍പെടുന്ന പലരെയും അവര്‍ക്കിടയില്‍ മികവു തെളിയിക്കുന്ന വ്യക്തികളെ തിരഞ്ഞെടുത്ത് സര്‍ക്കാര്‍ തൊഴിലിടങ്ങളില്‍ സജ്ജരാക്കാവുന്നതാണ്.

ഇന്നത്തെ പി.എസ്.സി പരീക്ഷ സമ്പ്രദായമനുസരിച്ച് സെറിബ്രല്‍ പാള്‍സി രോഗികളും പൂര്‍ണ ആരോഗ്യമുള്ള ആളുകളും ഒരേ രീതിയിലാണ് പരീക്ഷയെഴുതുന്നത്. ഭിന്നശേഷിയുള്ളവര്‍ക്ക് സമ്പൂര്‍ണ ആരോഗ്യമുള്ളവരോട് മത്സരിച്ച് ജയിക്കാന്‍ കഴിയുന്നില്ല. കെ കെ രമ പറഞ്ഞു.

ഭിന്നശേഷി വിഭാഗക്കാര്‍ക്ക് പ്രത്യേകിച്ച് സെറിബ്രല്‍ പാള്‍സി വിഭാഗക്കാര്‍ക്ക് അവര്‍ക്ക് ചെയ്യാന്‍ കഴിയാവുന്ന തൊഴിലിടങ്ങളില്‍ പരസ്പര യോഗ്യമായ മൂല്യനിര്‍ണയങ്ങള്‍ക്ക് സാധ്യമാകുന്ന പ്രത്യേക പരീക്ഷകള്‍ നടത്താനും അതിനനുസൃതമായ പ്രത്യേക തസ്തികകള്‍ സൃഷ്ടിക്കുകയും വേണമെന്ന് കെ.കെ രമ എം.എല്‍.എ നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ ആവശ്യപ്പെട്ടു. ഭിന്നശേഷി വിഭാഗങ്ങള്‍ക്ക് പ്രത്യേക പരീക്ഷയെന്നത് സര്‍ക്കാര്‍ ആലോചിക്കുന്ന വിഷയമാണെന്നും ഇക്കാര്യത്തില്‍ വേണ്ടതെല്ലാം ചെയ്യുമെന്നും മന്ത്രി കെ.രാധാകൃഷ്ണന്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/8746/kk-rema-mla-wants-special-examinations-for-differently-abled)