---
title: "ശ്രദ്ധേയമായി എക്സിബിഷൻ; സർഗാലയത്തിൽ നമ്മളെ കാണാം"
english_title: "The Sargalaya International Handicrafts Fair is packed with people."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/87957/the-sargalaya-international-handicrafts-fair-is-packed-with-people"
published_at: "2022-12-30T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ae7c2e42d13_SARGALAYA.jpg"
keywords: []
---

# ശ്രദ്ധേയമായി എക്സിബിഷൻ; സർഗാലയത്തിൽ നമ്മളെ കാണാം

> **Lead Summary:** **ഇരിങ്ങൽ:** സർഗാലയ അന്താരാഷ്ട്ര കരകൗശല മേളയിൽ ജനത്തിരക്കേറുന്നു. ഡിസംബർ 21നാണ് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അന്താരാഷ്ട്ര കരകൗശലമേള ഉദ്ഘാടനം ചെയ്തത്.

## Article Content

**ഇരിങ്ങൽ:** സർഗാലയ അന്താരാഷ്ട്ര കരകൗശല മേളയിൽ ജനത്തിരക്കേറുന്നു. ഡിസംബർ 21നാണ് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അന്താരാഷ്ട്ര കരകൗശലമേള ഉദ്ഘാടനം ചെയ്തത്.

തുടർന്നോരോ ദിവസവും നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും ജനങ്ങളുടെ വൻ ഒഴുക്കായിരുന്നു. ഇരിങ്ങൽ പ്രദേശവാസികളുടെ സഹായസഹകരണമാണ് സംഘാടനത്തിലെ ഏറ്റവും വലിയ വിജയം. വിവിധ സ്റ്റാളുകളിൽ വൈവിധ്യങ്ങളുടെ ഒരു കലവറ തന്നെയാണ് സർഗാലയ ഒരുക്കിയിരിക്കുന്നത്.

ഇതിൽ മലബാർ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിന്റെ മെഡിക്കൽ എക്സിബിഷൻ ഏറെ ശ്രദ്ധേയമായി. തലച്ചോറും ഹൃദയവും ഉൾപ്പെടെ മനുഷ്യ ശരീരത്തിലെ ഓരോ അവയവവും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. കടാവർ(ശവശരീരം) ഉൾപ്പെടെയുള്ള മെഡിക്കൽ കോളേജിന്റെ പ്രദർശനത്തിൽ ഇടം പിടിച്ചു.

കാഴ്ചക്കാർക്ക് അവരുടെ വിവിധതരത്തിലുള്ള സംശയങ്ങൾ ചോദിച്ചു മനസ്സിലാക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്. വിവിധ രോഗങ്ങളെ പ്രതിരോധിക്കാനുള്ള മാർഗങ്ങളും ഇവിടെ ലഭ്യമാണ്.

ഓർത്തോ, മെഡിസിൻ, പൽമനോളജി, ഗൈനക്ക്, സർജറി വിദഗ്ധരുടെ നിർദ്ദേശങ്ങളും കടന്നു വരുന്നവർക്ക് ലഭിക്കുന്നു. മലബാർ മെഡിക്കൽ കോളേജ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ: രമേശ് രവീന്ദ്രൻ, സീനിയർ മാനേജർ സുനീഷ് കുമാർ എന്നിവരാണ് എക്സിബിഷന് നേതൃത്വം നൽകുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/87957/the-sargalaya-international-handicrafts-fair-is-packed-with-people)