---
title: "വടകര കൊലപാതകം; അറസ്റ്റ് വൈകുന്നത് പൊലീസിന്റെ പരാജയം - യൂത്ത് കോൺഗ്രസ്‌"
english_title: "Vadakara murder; Delay in arrest is failure of police - Youth Congress"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/88037/vadakara-murder-delay-in-arrest-is-failure-of-police-youth-congress"
published_at: "2022-12-30T17:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63aecdc901d6c_vadakara_murder.jpg"
keywords: []
---

# വടകര കൊലപാതകം; അറസ്റ്റ് വൈകുന്നത് പൊലീസിന്റെ പരാജയം - യൂത്ത് കോൺഗ്രസ്‌

> **Lead Summary:** **വടകര : **നഗര ഹൃദയ ഭാഗത്ത്‌ വ്യാപാരി കൊല ചെയ്യപ്പെട്ടിട്ട് 6 ദിവസം കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാനോ,പ്രതി മോഷ്ടിച്ച വ്യാപാരിയുടെ ബൈക്ക് കണ്ടെത്താനോ പൊലീസിന് സാധിക്കാത്തത് വടകരയിലെ പൊലീസിന്റെ പരാജയമാണെന്ന് യൂത്ത് കോൺഗ്രസ്‌ വടകര നിയോജകമണ്ഡലം കമ്മിറ്റി ആരോപിച്ചു.

## Article Content

**വടകര : **നഗര ഹൃദയ ഭാഗത്ത്‌ വ്യാപാരി കൊല ചെയ്യപ്പെട്ടിട്ട് 6 ദിവസം കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാനോ,പ്രതി മോഷ്ടിച്ച വ്യാപാരിയുടെ ബൈക്ക് കണ്ടെത്താനോ പൊലീസിന് സാധിക്കാത്തത് വടകരയിലെ പൊലീസിന്റെ പരാജയമാണെന്ന് യൂത്ത് കോൺഗ്രസ്‌ വടകര നിയോജകമണ്ഡലം കമ്മിറ്റി ആരോപിച്ചു.

വടകരയിൽ മുൻപ് നടന്ന മോഷണങ്ങളെ സംബന്ധിച്ച് വ്യാപാരികൾ മുൻപ് തന്നെ പരാതി നൽകിയിട്ടും ആയത് സംബന്ധിച്ചു പൊലീസ് ശക്തമായ നടപടികൾ സ്വീകരിക്കാതിരുന്നതാണ് വടകരയിൽ വ്യാപാരിയുടെ കൊലപാതകത്തിലേക്ക് നയിച്ചത്. സിപിഎമ്മിലെ ഉന്നതരായ ചിലരുടെ ചരടിനൊത്ത് ചലിക്കുന്ന പാവകളായി വടകരയിലെ പൊലീസ് മാറി.

ലഹരി മാഫിയകൾക്കെതിരെ പൊലീസിന്റെ ഭാഗത്ത്‌ നിന്നും കൃത്യമായ ഇടപെടൽ ഇല്ലാത്തതിനാൽ ലിങ്ക് റോഡിലും ഉൾവഴികളിലും ലഹരി മാഫിയ തമ്പടിക്കുന്ന സ്ഥിതിയാണ്.

വൈകുന്നേരങ്ങളിൽ വടകരയിൽ അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗത കുരുക്ക് നിയന്ത്രിക്കാൻ പോലും പൊലീസിന്റെ സാനിധ്യം ഇല്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്.

ടു വീലർ യാത്രക്കാരെ പെറ്റിയടിച്ചുവിടാൻ പൊലീസ് കാണിക്കുന്നതിന്റെ പകുതി ഉത്സാഹം ഉണ്ടായിരുന്നെങ്കിൽ വടകരയിലെ കൊലപാതകം സംഭവിക്കില്ലായിരുന്നെന്നും യൂത്ത് കോൺഗ്രസ്‌ ആരോപിച്ചു.

കൊലപാതകികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അല്ലാത്ത പക്ഷം പ്രത്യക്ഷ സമരപരിപാടികൾക്ക് യൂത്ത് കോൺഗ്രസ്‌ നേതൃത്വം നൽകുമെന്നും യൂത്ത് കോൺഗ്രസ്‌ മുന്നറിയിപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/88037/vadakara-murder-delay-in-arrest-is-failure-of-police-youth-congress)