---
title: "പ്രത്യേക ഇടം; ജൻഡർ റിസോഴ്സ് സെന്റർ ആരംഭിച്ചു"
english_title: "special space; Gender Resource Center launched"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/88068/special-space-gender-resource-center-launched"
published_at: "2022-12-30T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63aefb96a5faa_eramala.jpg"
keywords: []
---

# പ്രത്യേക ഇടം; ജൻഡർ റിസോഴ്സ് സെന്റർ ആരംഭിച്ചു

> **Lead Summary:** **ഏറാമല: **കുടുംബശ്രീ ജില്ലാ മിഷന്റെ കോഴിക്കോട് ജെൻഡർ വികസന വിഭാഗത്തിന്റെ നേതൃത്വത്തിൽ വടകര ബ്ലോക്കിൽ ജെൻഡർ റിസോഴ്സ് സെൻറർ ആരംഭിച്ചു.

## Article Content

**ഏറാമല: **കുടുംബശ്രീ ജില്ലാ മിഷന്റെ കോഴിക്കോട് ജെൻഡർ വികസന വിഭാഗത്തിന്റെ നേതൃത്വത്തിൽ വടകര ബ്ലോക്കിൽ ജെൻഡർ റിസോഴ്സ് സെൻറർ ആരംഭിച്ചു.

ഏറാമല സി ഡി എസിൽ ആണ് ജെൻഡർ റിസോഴ്സ് സെന്റർ തുടങ്ങിയത്. ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്റെ കീഴിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള അന്താരാഷ്ട്ര ദിനമായ നവംബർ 25 മുതൽ ഡിസംബർ വരെ നീളുന്ന ജെൻഡർ ക്യാമ്പയിന്റെ ഭാഗമായാണ് റിസോഴ്സ് സെന്റർ ആരംഭിച്ചത്.

പ്രാദേശിക തലത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള പ്രത്യേക ഇടം എന്ന നിലയിലാണ് ജെൻഡർ റിസോഴ്സ് സെന്റർ പ്രവർത്തനം തുടങ്ങിയിട്ടുള്ളത്. സമൂഹത്തിൽ ലിംഗനീതി, ലിംഗ പദവി, ലിംഗ തുല്യത എന്നിവ ഉറപ്പുവരുത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും ആവശ്യമായ നടപടികളും പരിപാടികളും തുടങ്ങും.

സമൂഹത്തിലെ പാർശ്വവത്ക്കരിക്കപ്പെട്ട ആളുകൾക്കായുള്ള അടിയന്തിര സഹായങ്ങൾ, അതിക്രമങ്ങൾ തടയുന്നതിനും പ്രതിരോധിക്കുന്നതിനും ആവശ്യമായ മാർഗങ്ങളുടെ പരിശീലനം എന്നിവയുമുണ്ടാകും. ഇവ മറ്റ് വകുപ്പുകളുമായി ചേർന്ന് കൊണ്ട് സംഘടിപ്പിക്കുന്നതിലൂടെ സ്ത്രീകളുടെ സാമൂഹികവും വ്യക്തിപരവുമായ മുന്നേറ്റങ്ങളെ സഹായിക്കും.

ഇതിന് വേണ്ടിയാണ് ജെൻഡർ റിസോഴ്സ് സെന്ററുകൾ പ്രവർത്തിക്കുന്നത്. സി.ഡി.സ് ചെയർപേഴ്‌സൺ ലത. ഒ.കെ മുഖവുര ഭാഷണം നടത്തി.

ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല ഈങ്ങോളി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഇ. ജി സജീവൻ ,വാർഡ് മെമ്പർ ടി. കെ രാമകൃഷ്ണൻ, രമ്യ കണ്ടിയിൽ സംസാരിച്ചു.

തുടർന്ന് സ്നേഹിത സർവീസ് പ്രൊവൈഡർ മഞ്ജു എ.സി ജെൻഡർ റിസോഴ്സ് സെന്റർ സേവനങ്ങളെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും വിശദീകരിച്ചു.

ഹെഡ് ക്ലാർക്ക് വിനോദൻ, കമ്മ്യൂണിറ്റി കൗൺസിലർ റാസ്മിയ.സി, വൈസ് ചെർപേഴ്സൺ പ്രീതി മോഹൻ, അക്കൗണ്ടന്റ്, മറ്റു സി.ഡി.എസ് മെമ്പർമാർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/88068/special-space-gender-resource-center-launched)