---
title: "രാജകീയ പ്രൗഢി ;വിസ്മയമായി ഉസ്ബക്കിസ്ഥാൻ പവലിയൻ"
english_title: "royal pride; The Uzbekistan Pavilion is amazing"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/88182/royal-pride-the-uzbekistan-pavilion-is-amazing"
published_at: "2022-12-31T14:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63aff630cda72_SARGALAYA_6.jpg"
keywords: []
---

# രാജകീയ പ്രൗഢി ;വിസ്മയമായി ഉസ്ബക്കിസ്ഥാൻ പവലിയൻ

> **Lead Summary:** **ഇരിങ്ങൽ:** ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കരകൗശലമേളയായ സർഗാലയ അന്താരാഷ്ട്ര കരകൗശലമേള അവസാനിക്കാൻ ഏതാനും ദിവസങ്ങൾ കൂടി മാത്രം.

## Article Content

**ഇരിങ്ങൽ:** ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കരകൗശലമേളയായ സർഗാലയ അന്താരാഷ്ട്ര കരകൗശലമേള അവസാനിക്കാൻ ഏതാനും ദിവസങ്ങൾ കൂടി മാത്രം.

ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിൽ പുരോഗമിക്കുന്ന ഈ മഹാമേളയിലെ ഏറ്റവും വലിയ ആകർഷണമാണ് ഉസ്ബകിസ്ഥാൻ പവലിയൻ. പത്താമത് അന്താരാഷ്ട്ര കാരകൗശല മേളയിലെ സൗഹൃദ രാജ്യം കൂടിയാണ് ഉസ്ബകിസ്ഥാൻ. മേള തുടങ്ങിയിട്ട് ഇന്നേക്ക് പത്ത് ദിവസം പൂർത്തിയാകുന്നു.

ഈ മാസം 22നായിരുന്നു ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അന്താരാഷ്ട്ര കരകൗശല മേള ഉദ്ഘാടനം ചെയ്തത്. ഉസ്ബെകിസ്ഥാൻ പാവലിയന്റെ വിശേഷങ്ങൾ പ്രൗഢമാണ് .ഏറ്റവും മനോഹരമായ പാത്രങ്ങളാണ് ഉസ്ബകിസ്ഥാന്റേത്. ഓരോ പാത്രങ്ങളും ഒന്നിനൊന്നു വ്യത്യസ്തങ്ങളായ കൈകൊണ്ട് ഡിസൈൻ ചെയ്തെടുക്കുന്നവയാണ്.

നൂറുകണക്കിന് പാത്രങ്ങളാൽ സമ്പുഷ്ടമാണ് ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിലെ അഖദ് ജോണിന്റെ ഉസ്ബകിസ്ഥാൻ സ്റ്റാൾ. ഓരോന്നും ഒന്നിനൊന്ന് വ്യത്യസ്തം. അഖദ് ജോൺ സ്വന്തം കൈകൊണ്ട് വരച്ചെടുത്തവയാണ് ഓരോന്നും. പക്ഷികളുടെയും, മീനുകളുടെയും, മറ്റു പ്രകൃതി ദൃശ്യങ്ങളുടെയും ചിത്രങ്ങൾ പാത്രങ്ങളിൽ അലങ്കരിച്ച് ചേർത്തിട്ടുണ്ട്.

അവയ്ക്കൊപ്പം തനത് റിഷ്ദാൻ അബ്സ്ട്രാക്ട് ഡിസൈനുകൾ കൂടെ വരുന്നതോടെ പാത്രങ്ങൾക്ക് രാജകീയ രൂപവും ഭാവവും കൈവരികയായി. നീലനിറം അത്രമാത്രം ഫിനിഷിങ്ങോടെ പാത്രത്തെ മനോഹരമാക്കുന്നു. റെഡിമെയ്ഡ് ഇഷ്കോർ ഉപയോഗിക്കുന്നുണ്ടെങ്കിലും പാരമ്പര്യ രീതിയിലുള്ള ഇഷ്കോറാണ് അഖദ് ജോൺ ഇപ്പോഴും ഉപയോഗിക്കുന്നത്.1500 രൂപ മുതൽ ക്രാഫ്റ്റ് വില്ലേജിൽ നിന്ന് റിഷ്ദാൻ, ഗിജ്ദുവാൻ, സെറാമിക്കുകൾ വാങ്ങാം. ഉസ്ബകിസ്ഥാനിലെ പാരമ്പര്യ വസ്ത്രങ്ങളും തുണികളും സ്റ്റാളിലുണ്ട്.

ആദ്യമായി ഉസ്ബെകിസ്ഥാൻ സംഘത്തിൻറെ വാർത്ത കൊടുത്തത് ട്രൂ വിഷൻ ന്യൂസ് ആണ്. താഷ്കന്റിൽ നിന്നും ഇരിങ്ങലിലേക്ക് എന്ന വാർത്ത ഡിസംബർ 22ാം തീയ്യതിയായിരുന്നു നൽകിയത്.

ഉസ്ബകിസ്ഥാനെ കൂടാതെ 10 രാജ്യങ്ങളിലെ സ്റ്റാളുകൾ കൂടി കരകൗശലമേളയെ ധന്യമാക്കുന്നു. ബംഗ്ലാദേശ്, ജോർദാൻ, നേപ്പാൾ, സിറിയ, കിർഗിസ്ഥാൻ, താജികിസ്താൻ, തായ്‌ലൻഡ്, ലെബനാൻ, മൗറീഷ്യസ് എന്നിവയാണവ. കരകൗശല മേളയിലെ കൗതുകങ്ങൾ ദർശിക്കുവാനും, ആസ്വദിക്കുവാനും ആയിരങ്ങളാണ് ഓരോ ദിവസവും കടന്നുവരുന്നത്.

ഇവർക്ക് വേണ്ട പാർക്കിംഗ് മറ്റു അടിസ്ഥാന സൗകര്യങ്ങളെല്ലാം ഒരുക്കി മാതൃകയാവുകയാണ് സർഗാലയ അധികൃതർ. ഇരിങ്ങൾ പ്രദേശത്തുള്ള നാട്ടുകാരുടെ സേവനങ്ങളും അനുകരണീയമാണ്. പുതുവർഷപ്പുലരിയെ വരവേൽക്കാൻ ഒരുങ്ങിയിരിക്കുകയാണ് ക്രാഫ്റ്റ് വില്ലേജ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/88182/royal-pride-the-uzbekistan-pavilion-is-amazing)