---
title: "കടലിൽ രക്ഷാപ്രവർത്തനങ്ങൾക്കുള്ള സംവിധാനങ്ങളുടെ അപര്യാപ്തത പരിഹരിക്കണം; കെ.കെ രമ.എം.എൽ.എ "
english_title: "The inadequacy of mechanisms for rescue operations at sea should be addressed; KK Rama MLA"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/88508/the-inadequacy-of-mechanisms-for-rescue-operations-at-sea-should-be-addressed-kk-rama-mla"
published_at: "2023-01-02T20:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b2f4030db08_rama_1.jpg"
keywords: []
---

# കടലിൽ രക്ഷാപ്രവർത്തനങ്ങൾക്കുള്ള സംവിധാനങ്ങളുടെ അപര്യാപ്തത പരിഹരിക്കണം; കെ.കെ രമ.എം.എൽ.എ 

> **Lead Summary:** **വടകര:** കടലിൽവച്ച് സംഭവിക്കുന്ന അപകടങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്ക് ആധുനിക സജ്ജീകരണങ്ങൾ ഒരുക്കാൻ സർക്കാർ സംവിധാനങ്ങൾ തയാറാകണമെന്ന് കെ.കെ രമ എം.എൽ.എ പറഞ്ഞു.

## Article Content

**വടകര:** കടലിൽവച്ച് സംഭവിക്കുന്ന അപകടങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്ക് ആധുനിക സജ്ജീകരണങ്ങൾ ഒരുക്കാൻ സർക്കാർ സംവിധാനങ്ങൾ തയാറാകണമെന്ന് കെ.കെ രമ എം.എൽ.എ പറഞ്ഞു.

ഞായറാഴ്ച വൈകുന്നേരം വടകര പുറങ്കരയിൽ കടലിൽ കാണാതായ ഫൈജാസിനെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനത്തിൽ ആധുനിക സജ്ജീകരണങ്ങളുടെ അഭാവം ഏറെ വലച്ചിരുന്നു. ഫയർഫോഴ്‌സ്, തീരദേശ പൊലിസ്, കോസ്റ്റ്ഗാർഡ് എന്നിവർ സ്ഥലത്തെത്തിയെങ്കിലും സംവിധാനങ്ങളൊന്നുമില്ലാതെ കാഴ്ചക്കാരായി നിൽക്കേണ്ട അവസ്ഥയാണ് ഉണ്ടായത്.

രാത്രിയിൽ രക്ഷാപ്രവർത്തനം നടത്താനുള്ള വെളിച്ച സംവിധാനങ്ങൾപോലുമില്ലാത്ത അവസ്ഥയാണ്. മത്സ്യതൊഴിലാളികളും നാട്ടുകാരും സ്വന്തം ജീവൻപോലും പണയംവച്ച് നടത്തിയ രക്ഷാപ്രവർത്തനം മാത്രമാണ് വടകരയിൽ കാര്യമായി നടന്നത്. ഫയർഫോഴ്‌സ്, തീരദേശ പൊലിസ്, കോസ്റ്റ് ഗാർഡ് എന്നിവർക്ക് ആവശ്യമായ സജ്ജീകരണങ്ങൾ ലഭ്യമാക്കാൻ സർക്കാർ അടിയന്തിര നടപടികൾ എടുക്കണം.

നാട്ടുകാരനായ വാടക സ്റ്റോർ ഉടമ സജ്ജീകരിച്ച വെളിച്ചവും ഫയർഫോഴ്‌സിന്റെ ടവർ ലൈറ്റും മാത്രമാണ് രാത്രി മുഴുവൻ തീരത്ത് ഉണ്ടായിരുന്നത്. ഇത് കടലിൽ വെളിച്ചമെത്തിക്കാൻ ഉതകുന്നതായിരുന്നില്ല. സെർച്ച് ലൈറ്റുകൾ, മുങ്ങൽ വിദഗ്ധർക്ക് ആവശ്യമായ ഓക്‌സിജൻ മാസ്‌കുകൾ, കിറ്റുകൾ എന്നിവ ഈ സംവിധാനങ്ങൾക്ക് നൽകണം.

കഴിഞ്ഞ തവണ സാൻഡ് ബാങ്ക്‌സിൽ അപകടമുണ്ടായപ്പോൾ മത്സ്യതൊഴിലാളികൾ അവർക്കിടയിൽതന്നെയുള്ള മുങ്ങൽ വിദഗ്ധർക്ക് ആവശ്യമായ പരിശീലനം നൽകണമെന്ന് അധികാരികളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അത് ഇന്നേവരെ പാലിച്ചിട്ടില്ല. ഇന്നലെയും അവർ ഈ ആവശ്യം ഉന്നയിച്ച് വടകര തീരപ്രദേശത്തുള്ള 13 പേരുടെ പേരുവിവരങ്ങൾ തന്നിട്ടുണ്ട്. അത് ആർ.ഡി.ഒയ്ക്ക് കൈമാറിയിട്ടുണ്ട്. ഇവർക്ക് ആവശ്യമായ പരിശീലനം നൽകാൻ തയാറാകണം.

അടിയന്തിര ഘട്ടങ്ങളിൽ ഇവരുടെ സേവനം ഉപയോഗിച്ചാൽ അപകടമരണങ്ങൾ കുറയ്ക്കാൻ സാധിക്കും. പുറങ്കര നടന്ന അപകടത്തിൽ മത്സ്യതൊഴിലാളികളും നാട്ടുകാരും വാർഡ് കൗൺസിലർ നിസാബിയും പി.വി ഹാഷിമുമടക്കം നടത്തിയ പ്രവർത്തനങ്ങൾ വാക്കുകൾക്ക് അതീതമാണ്. രാവും പകലും തങ്ങളുടെ ജീവൻപോലും പണയംവച്ച് കടലിൽ മുങ്ങി തിരച്ചിൽ കടലിന്റെ മക്കൾ കാണിച്ച മനോധൈര്യം എടുത്തുപറയേണ്ടതാണ്.

യാതൊരു പ്രതിഫലവും ആഗ്രഹിക്കാതെ കണ്ണൂരിൽനിന്ന് എത്തി രാത്രിയും പകലും മുങ്ങി തിരച്ചിൽ നടത്തിയ സംഘത്തെ അത്ര അഭിനന്ദിച്ചാലും മതിയാകില്ലെന്നും കെ.കെ രമ പറഞ്ഞു. തീരദേശ പൊലിസിനും ഫയർഫോഴ്‌സിനും ആധുനിക സജീകരണങ്ങളും ജീവൻരക്ഷാസംവിധാനങ്ങളും ഒരുക്കാൻ സർക്കാരിൽ സമ്മർദം ചെലുത്തുമെന്നും അവർ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/88508/the-inadequacy-of-mechanisms-for-rescue-operations-at-sea-should-be-addressed-kk-rama-mla)