---
title: "യുഎൽ  കെയർ; സർഗ്ഗാലയ മേളയിൽ ശ്രദ്ധേയമായി ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവർ നിർമ്മിച്ച ഉത്പന്നങ്ങളുടെ സ്റ്റാൾ"
english_title: "UL Foundation has created a unique experience at Sargalaya International Handicrafts Fair."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/88793/ul-foundation-has-created-a-unique-experience-at-sargalaya-international-handicrafts-fair"
published_at: "2023-01-05T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b6963e2610e_sargalaya.jpg"
keywords: []
---

# യുഎൽ  കെയർ; സർഗ്ഗാലയ മേളയിൽ ശ്രദ്ധേയമായി ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവർ നിർമ്മിച്ച ഉത്പന്നങ്ങളുടെ സ്റ്റാൾ

> **Lead Summary:** ** ഇരിങ്ങൽ:** സർഗ്ഗാലയ അന്താരാഷ്ട്ര കരകൗശലമേളയിൽ വേറിട്ട അനുഭവം ഒരുക്കി യുഎൽ ഫൌണ്ടേഷൻ. ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവർ നിർമ്മിച്ച ഉത്പന്നങ്ങളുടെ പ്രദർശനവും വില്പനയുമാണ് മേള സന്ദർശിക്കുന്ന ആളുകളെ ആകർഷിക്കുന്നത്.

## Article Content

** ഇരിങ്ങൽ:** സർഗ്ഗാലയ അന്താരാഷ്ട്ര കരകൗശലമേളയിൽ വേറിട്ട അനുഭവം ഒരുക്കി യുഎൽ ഫൌണ്ടേഷൻ. ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവർ നിർമ്മിച്ച ഉത്പന്നങ്ങളുടെ പ്രദർശനവും വില്പനയുമാണ് മേള സന്ദർശിക്കുന്ന ആളുകളെ ആകർഷിക്കുന്നത്.

ബുദ്ധിമാന്ദ്യം, ഓട്ടിസം, സെറിബ്രൽ പാൾസി, ബഹുവൈകല്യം, ശൈശവ മാനസിക രോഗം, പഠനപരമായ വൈകല്യം തുടങ്ങിയ വിഭാഗങ്ങളിലെ 18 വയസിനു മുകളിലുള്ളവർക്ക് തൊഴിലും തൊഴിൽ പരിശീലനവും നൽകുന്ന എരഞ്ഞിപ്പാലം യുഎൽ കെയർ നായനാർ സദനത്തിന്റെ നേതൃത്വത്തിലാണ് സ്റ്റാളിന്റെ പ്രവർത്തനം.

മൂന്ന് മാസത്തെ അടിസ്ഥാന പരിശീലനവും മൂന്ന് മാസത്തെ നൈപുണ്യ വികസന പരിശീലനവും നൽകി ഇത്തരം ആളുകളെ ഒന്നോ രണ്ടോ ഉത്പന്ന നിർമാണത്തിൽ വിദഗ്ദ്ധരാക്കി, തൊഴിലുടമയും വരുമാനമുള്ളവരുമാക്കി മാറ്റുക എന്നതാണ് യുഎൽ   കെയർ നായനാർ സധനത്തിന്റെ ലക്ഷ്യം.

ഇവരുടെ പരിശീലനത്തിന്റെ ഭാഗമായി നിർമ്മിച്ച വിവധതരം ബോട്ടിൽ പെയിന്റിംഗ്, മുള, തെങ്ങിൻ തടി എന്നിവ കൊണ്ട് നിർമ്മിച്ച പെൻ ഹോൾഡർ, തവി, ചട്ടുകം തുടങ്ങിയ വിവിധ തരം ഉത്പന്നങ്ങൾ, നൂല് കൊണ്ട് നിർമിച്ച വ്യത്യസ്ത രൂപത്തിലുള്ള ഉത്പന്നങ്ങൾ, വിവിധ തരം ഹാൻഡ് വാഷുകൾ, ഡിഷ് വാഷുകൾ എന്നിവ സ്റ്റാളിന്റെ ആകർഷണീയത കൂട്ടുന്നു.

സാങ്കേതിക സങ്കീർണ്ണതയില്ലാത്ത ഏതൊരു ജോലിയും സാധാരണ ആളുകൾ ചെയ്യുന്നത് പോലെ ഇത്തരം ആളുകൾക്കും ആവർത്തന വിരസതയില്ലാതെ ചെയ്യാനാകുമെന്ന ബോധവത്കരമാണ് സർഗാലയിലെ ഈ സ്റ്റാളിലൂടെ യുഎൽ ഫൌണ്ടേഷൻ ലക്ഷ്യമിടുന്നതെന്നും, പരമാവധി ആളുകൾ ഉത്പന്നങ്ങൾ വാങ്ങി ഈ ഉദ്യമത്തോട് ഐക്യപ്പെടണമെന്നും സംഘാടകർ അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/88793/ul-foundation-has-created-a-unique-experience-at-sargalaya-international-handicrafts-fair)