---
title: "അവർ വരുന്നത് വോട്ടിന് മാത്രം ; ദുരിതങ്ങൾ ഒഴിയാതെ കടലിന്റെ മക്കൾ "
english_title: "The fishing community of Coastal Road Kuriyadi is facing serious problems"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/89270/the-fishing-community-of-coastal-road-kuriyadi-is-facing-serious-problems"
published_at: "2023-01-09T16:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bbf96fb0629_kuriyadi.jpg"
keywords: []
---

# അവർ വരുന്നത് വോട്ടിന് മാത്രം ; ദുരിതങ്ങൾ ഒഴിയാതെ കടലിന്റെ മക്കൾ 

> **Lead Summary:** > **വടകര : **തകർന്ന കടൽ ഭിത്തി , തകർന്ന തീരദേശ റോഡ് കുരിയാടിയിലെ മത്സ്യത്തൊഴിലാളി സമൂഹം നേരിടുന്നത് ഗുരുതരമായ പ്രശ്നങ്ങൾ . " അവർ വരുന്നത് വോട്ടിന് മാത്രമാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഞങ്ങളെ തിരിഞ്ഞ് നോക്കാറില്ല . കുരിയാടി ബീച്ചിലെത്തിയ ട്രൂവിഷൻ വാർത്ത സംഘത്തോട് സംസാരിക്കുകായിരുന്നു മത്സ്യ തൊഴിലാളികൾ.

## Article Content

> **വടകര : **തകർന്ന കടൽ ഭിത്തി , തകർന്ന തീരദേശ റോഡ് കുരിയാടിയിലെ മത്സ്യത്തൊഴിലാളി സമൂഹം നേരിടുന്നത് ഗുരുതരമായ പ്രശ്നങ്ങൾ . " അവർ വരുന്നത് വോട്ടിന് മാത്രമാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഞങ്ങളെ തിരിഞ്ഞ് നോക്കാറില്ല . കുരിയാടി ബീച്ചിലെത്തിയ ട്രൂവിഷൻ വാർത്ത സംഘത്തോട് സംസാരിക്കുകായിരുന്നു മത്സ്യ തൊഴിലാളികൾ.

മഹാ പ്രളയത്തിൽ കേരളം വെളളത്തിൽ മുങ്ങിയപ്പോൾ സ്വജീവിതം പണയപ്പെടുത്തി ആയിരങ്ങളെ രക്ഷപ്പെടുത്തിയ മത്സ്യ തൊഴിലാളി സമൂഹത്തോട് ഭരണകൂടങ്ങൾ പുലർത്തുന്ന ചിറ്റമ്മ നയം അനീതിയാണെന്ന് പറയാതെ വയ്യ. കോഴിക്കോട് ജില്ലയിൽ ഏറ്റവും കൂടുതൽ മത്സ്യ തൊഴിലാളികൾ തിങ്ങി താമസിക്കുന്ന പ്രദേശമാണ് കുരിയാടി .

ചോറോട് ഗ്രാമ പഞ്ചായത്തിലെ 17 , 18,19 വാർഡുകൾ , വടകര നഗരസഭയിലെ ഒന്നാം വാർഡ് എന്നിവ ഉൾപ്പെടുന്നവയാണ് കുരിയാടി തീരദേശം. കാലവർഷം കനത്താൽ കടൽ ഭിത്തി തകർത്ത് തിരമാലകൾ വീടുകളിലേക്ക് അടിച്ച് കയറും. കടൽ ഭിത്തിയും തീരദേശ റോഡും തകർന്നിട്ട് ഒന്നര വർഷം കഴിഞ്ഞു. അടുത്ത കാലവർഷം മുൻപ് കടൽ ഭിത്തി പുനർ നിർമ്മിച്ചില്ലെങ്കിൽ കടലോരവാസികളെ കാത്തിരിക്കുന്നത് ഭീതിയുടെ ദിനങ്ങൾ.

80 ചെറിയ തോണികളും 20 വലിയ വള്ളങ്ങളുമായി 2000 ത്തോളം മത്സ്യ തൊഴിലാളികൾ ഇവിടെയുണ്ട്. ചോമ്പാൽ ഹാർബർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവരിൽ 60 ശതമാനം പേരും ഇവിടെയുളവരാണ്. കുരിയാടി കേന്ദ്രീകരിച്ച് മിനി ഹാർബറും പുലിമുട്ടും സ്ഥാപിക്കണമെന്നതിന് വർഷങ്ങളുടെ പഴക്കമുണ്ട്.സാങ്കേതിക അനുമതിയുടെ പേരിൽ പദ്ധതി അനന്തമായി നീളുകയാണ്. വടകരയിൽ ഫിഷറീസ് ഓഫീസ് ഒഴിഞ്ഞു കിടക്കുകയാണ്.

അടിയന്തിരമായി പ്രസ്തുത തസ്തികയിൽ ഓഫീസറെ നിയമിക്കണമെന്ന്പരമ്പരാഗത മത്സ്യത്തൊഴിലാളി സംരക്ഷണ സമിതി സംസ്ഥാന പ്രസിഡണ്ട് സതീശൻ കുരിയാടി ആവശ്യപ്പെട്ടു. ഓഫീസർ തസ്തികയിൽ ആളൊഴിഞ്ഞു കിടക്കുന്നത് കാരണം മത്സ്യത്തൊഴിലാളി ക്ഷേമനിധി പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾക്ക് അപേക്ഷിക്കാൻ കഴിയാത്ത ദുരവസ്ഥയിലാണ് മത്സ്യ തൊഴിലാളികൾ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/89270/the-fishing-community-of-coastal-road-kuriyadi-is-facing-serious-problems)