---
title: "മരക്കാരുടെ പേരിൽ; കോട്ടക്കലിൽ ഉയരണം ഒരു ഉന്നത വിദ്യാഭ്യാസ കേന്ദ്രം "
english_title: "In the name of Marakkar; A higher education center should come up in Kottakal"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/89625/in-the-name-of-marakkar-a-higher-education-center-should-come-up-in-kottakal"
published_at: "2023-01-11T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63be8f8fcac16_marakkar.jpg"
keywords: []
---

# മരക്കാരുടെ പേരിൽ; കോട്ടക്കലിൽ ഉയരണം ഒരു ഉന്നത വിദ്യാഭ്യാസ കേന്ദ്രം 

> **Lead Summary:** **ഇരിങ്ങൽ: **സാമൂതിരി രാജാവിന്റെ നാവികത്തലവനായിരുന്ന കുഞ്ഞാലിമരക്കാരുടെ ചരിത്രം കൊണ്ട് ധന്യമായ കോട്ടക്കലിന്റെ മണ്ണിൽ വേണം ഒരു കോളേജ്. 1903ൽ സ്ഥാപിതമായ കുഞ്ഞാലിമരക്കാർ സ്കൂൾ ഇന്ന് ഹയർസെക്കൻഡറി സ്കൂളായി മാറി എന്നത് വളരെ ആശാവഹമാണ്.

## Article Content

**ഇരിങ്ങൽ: **സാമൂതിരി രാജാവിന്റെ നാവികത്തലവനായിരുന്ന കുഞ്ഞാലിമരക്കാരുടെ ചരിത്രം കൊണ്ട് ധന്യമായ കോട്ടക്കലിന്റെ മണ്ണിൽ വേണം ഒരു കോളേജ്. 1903ൽ സ്ഥാപിതമായ കുഞ്ഞാലിമരക്കാർ സ്കൂൾ ഇന്ന് ഹയർസെക്കൻഡറി സ്കൂളായി മാറി എന്നത് വളരെ ആശാവഹമാണ്.

കഴിഞ്ഞ 120 വർഷത്തിനിടയുള്ള ഈ ഒരു മാറ്റം ആവേശകരമാണെങ്കിലും കാലഘട്ടത്തിനനുസരിച്ച് ഇനിയും മാറണമെന്നാണ് ജനപക്ഷം. എഴുത്തു പള്ളിയിൽ നിന്നും തുടങ്ങി ഹയർ സെക്കണ്ടറി വരെ കുഞ്ഞാലിമരക്കാർ സ്കൂളിന് കടന്നു പോകാൻ സാധിച്ചുവെങ്കിലും ഒരു ആർട്സ് ആൻഡ് സയൻസ് കോളേജ് വേണമെന്നതാണ് പതിറ്റാണ്ടുകളായി കോട്ടക്കൽ നിവാസികളും വിദ്യാർത്ഥികളും ആവശ്യപ്പെടുന്നത്. പ്ലസ് ടു പഠനത്തിനുശേഷം ഉപരിപഠനാർത്ഥം പലരും വിദൂര നാടുകളിലോ, ദൂരപ്രദേശങ്ങളിലോ പോയിട്ടാണ് പഠനം നിർവഹിക്കുന്നത്.

വടകര, കൊയിലാണ്ടി താലൂക്കുകളിലെ പ്രധാനപ്പെട്ട കോളേജുകൾ പരിശോധിച്ചാൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ ഉള്ളത് പയ്യോളി മുൻസിപ്പാലിറ്റി കേന്ദ്രീകരിച്ചു തന്നെയാണ്. നിലവിൽ 2500ലധികം വിദ്യാർഥികളാണ് കോട്ടക്കൽ കുഞ്ഞാലിമരക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്നത്. സമൂഹത്തിന്റെ വളരെ താഴെക്കിടയിലുള്ളവരും, മത്സ്യത്തൊഴിലാളികൾ, മത്സ്യബന്ധനം ഉപജീവനമായി കാണുന്നവർ ഇവരുടെ പാവപ്പെട്ട മക്കളാണ് സ്കൂളിൽ പഠിക്കുന്നത്.

വർഷങ്ങൾക്കു മുമ്പ് തന്നെ കോട്ടക്കൽ കേന്ദ്രീകരിച്ച് കുഞ്ഞാലിമരക്കാർ കോളേജ് വേണമെന്ന ആവശ്യം മാനേജ്മെന്റിനിടയിൽ ശക്തമായിരുന്നു. ദൗർഭാഗ്യവശാൽ സ്ഥലപരിമിതി മൂലവും, പുതിയ സ്ഥലം കണ്ടെത്താനുള്ള സാങ്കേതിക ബുദ്ധിമുട്ടും, സാമ്പത്തിക പ്രയാസവും കാരണം പദ്ധതി ഏതാണ്ട് ഉപേക്ഷിക്കുകയായിരുന്നു. കോവിഡാനന്തരം ഈ ഒരു ആവശ്യത്തിന് വീണ്ടും ശക്തമായ പിന്തുണയും, പുത്തനുണർവ്വുമാണ് നാട്ടുകാർക്കിടയിൽ പ്രകടമായിട്ടുള്ളത്.

കടത്തനാടിന്റെ മറ്റു ദേശങ്ങളിൽ നിന്നും വിഭിന്നമായി കോട്ടക്കൽ പ്രദേശം കഴിഞ്ഞ 20 വർഷത്തിനിടെ വലിയ മാറ്റമാണ് പ്രായോഗികമാക്കിയത്. വിപ്ലവകരമായ ഈയൊരു മാറ്റത്തിൽ എടുത്തു പറയേണ്ട നിരവധി പദ്ധതികളാണുള്ളത്. ഇരിങ്ങൽ സർഗാലയ ആർട്സ് & ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ്, കൊളാവിപ്പാലം കടലാമ വളർത്തു കേന്ദ്രം, കൊളാവിപ്പാലത്തു തന്നെയുള്ള മിനി ഗോവ, തുടങ്ങി നിലവിൽ വന്നതും ഇനി വരാനിരിക്കുന്നതുമായ വൈവിധ്യങ്ങളായ പദ്ധതികളുടെ ഒരു പറുദീസിയായി മാറിയിരിക്കുന്നു കോട്ടക്കൽ.

അന്തർദേശീയ ദേശീയ വിനോദസഞ്ചാരികളുടെ വിഹാര കേന്ദ്രം കൂടിയാണീ മനോഹര പ്രദേശം. നാവികത്തലവനായ കുഞ്ഞാലിമരക്കാരുടെ മ്യൂസിയം, കുഞ്ഞാലിമരക്കാർ പാറ മുകളിൽ കയറി പോർച്ചുഗീസുകാരുടെ നീക്കം പരിശോധിച്ച പാറ മലകൾ, പറങ്കികൾ ക്കെതിരെ അഭിമാനകരമായ പ്രതിരോധം കാത്ത് ഇന്ത്യൻ സംസ്കാരത്തെ രക്ഷിച്ച മഹാനായ കുഞ്ഞാലിമരക്കാരുടെ പേരിൽ ഇന്ത്യൻ നേവി സ്ഥാപിച്ച സ്മാരകം, തുടങ്ങി നിരവധി ചരിത്ര സ്മാരകങ്ങളാൽ സമ്പുഷ്ടമാണ് കോട്ടക്കലിന്റെ മണ്ണ്. ക്രാഫ്റ്റ് വില്ലേജ് ഇരിങ്ങലിൽ സ്ഥാപിച്ചതോടുകൂടി നിരവധി കുടുംബങ്ങൾക്കാണ് തൊഴിൽ ലഭിച്ചത്.

ഇത് നിർധന കുടുംബത്തിന്റെ സാമ്പത്തിക അഭിവൃദ്ധിക്ക് കാരണമാവുകയും ചെയ്തു. ആദ്യമായി ഒളിമ്പിക് മെഡൽ ഇന്ത്യക്ക് നേടിത്തന്ന വനിതയായ പയ്യോളി എക്സ്പ്രസ് എന്ന പി.ടി ഉഷയുടെ നാടും പയ്യോളി തന്നെ. നേരത്തെ പഞ്ചായത്തായിരുന്ന പയ്യോളി അടുത്തകാലത്താണ് മുൻസിപ്പാലിറ്റി ആയത്. സമൂഹത്തിന്റെ അടിത്തട്ടിൽ നിന്നും വളർന്നുവരുന്ന വിദ്യാർത്ഥികളുടെ അഭിവൃദ്ധിക്ക് ഉന്നത പഠന കേന്ദ്രമെന്ന നിലയിൽ കുഞ്ഞാലി മരക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജ് സ്ഥാപിക്കപ്പെടണം. അത് എത്രയും പെട്ടെന്ന് സ്ഥാപിക്കമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഇക്കാര്യത്തിൽ ബന്ധപ്പെട്ട മാനേജ്മെന്റിന് സഹായകരമായി കേരള ഗവൺമെന്റും, വിദ്യാഭ്യാസ വകുപ്പും ഉചിതമായ തീരുമാനം എടുക്കുമെന്ന പ്രതീക്ഷയിൽ തന്നെയാണ് കോട്ടക്കൽ നിവാസികൾ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/89625/in-the-name-of-marakkar-a-higher-education-center-should-come-up-in-kottakal)