---
title: "ഒറ്റപ്പെട്ട വടക്കൻ പാട്ടുകൾ ; 2021 ലെ നാട്ടിപ്പാട്ട് പുരസ്കാരം മാണി കടമേരിക്ക് "
english_title: " 2021 Nattipaat award to Mani Kadameri"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/90058/2021-nattipaat-award-to-mani-kadameri"
published_at: "2023-01-13T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c12f255c3e7_MANI_KADAMERI.jpg"
keywords: []
---

# ഒറ്റപ്പെട്ട വടക്കൻ പാട്ടുകൾ ; 2021 ലെ നാട്ടിപ്പാട്ട് പുരസ്കാരം മാണി കടമേരിക്ക് 

> **Lead Summary:** **വടകര: **വേറിട്ട വടക്കൻ പാട്ടുകൾ കൊണ്ട് ശ്രദ്ധേയമായ വലിയ കുന്നോത്ത് മാണി കടമേരി നാട്ടിപാട്ട് പുരസ്‌ക്കാരത്തിന് അർഹയായി. ഫോക്‌ലോർ അക്കാഡമിയാണ് പുരസ്ക്കാരം ഏർപ്പെടുത്തിയത് .

## Article Content

**വടകര: **വേറിട്ട വടക്കൻ പാട്ടുകൾ കൊണ്ട് ശ്രദ്ധേയമായ വലിയ കുന്നോത്ത് മാണി കടമേരി നാട്ടിപാട്ട് പുരസ്‌ക്കാരത്തിന് അർഹയായി. ഫോക്‌ലോർ അക്കാഡമിയാണ് പുരസ്ക്കാരം ഏർപ്പെടുത്തിയത് .

അമ്പത് വർഷത്തിലധികമായി കേരളത്തിലെ നാട്ടിപ്പാട്ട് കലാരംഗത്ത് പ്രവർത്തിച്ചു വരുന്ന കലാകാരിയായ മാണി കടമേരിയെയാണ് കേരള ഫോക്‌ലോർ അക്കാഡമി 2021 വർഷത്തെ അവാർഡ് നൽകി ആദരിക്കുന്നത് .

ചെറുപ്രായത്തിൽ കൃഷിപ്പണിക്ക് പോവേണ്ടി വന്ന മാണി കൂടെയുള്ള മുതിർന്ന നാട്ടിപ്പാട്ടുകാരുടെ വാമൊഴികളിൽ നിന്നാണ് വടക്കൻ പാട്ടുകൾ പഠിച്ചെടുത്തത് .പിന്നീട് വടക്കൻ പാട്ടുകളിലെ മുൻനിരപ്പാട്ടുകാരിയായി മാണി .

ഒറ്റപ്പെട്ട വടക്കൻ പാട്ടുകൾ മാണി കടമേരിയുടെ പാട്ടുവഴികളിലെ വേറിട്ട കാഴ്ചയായി മാറി .തച്ചോളിപാട്ടുകൾ ,പുത്തൂരം പാട്ടുകൾ ,ഒറ്റപ്പാട്ടുകൾ ,അരവുപ്പാട്ടുകളിലെല്ലാം മാണിയുടെ സാന്നിധ്യമുണ്ടായിരുന്നു .

മാണിയുടെ വേറിട്ട വടക്കൻ പാട്ടുകളിലൊന്നായിരുന്നു കറ്റൊടി രയരപ്പൻ നമ്പ്യാർ ബ്രിട്ടീഷുകാർക്ക് വേണ്ടി തലശ്ശേരി കോട്ടയിൽ പുലിയെ വെടിവെക്കാൻ പോയ വീര കഥാഗാനം .

കടത്തനാട് തമ്പുരാൻ എടുത്ത് വളർത്തിയ പനയം കുളങ്ങര ചേരന്റെ സത്യസന്ധതയെകുറിച്ചുള്ള വടക്കൻ പാട്ടുകൾ അപൂർവ്വം പാട്ടുകളിൽ ഒന്നാണ് .പണ്ടുകാലത്തെ വിവാഹ വീടുകളിലെ അരവുപാട്ടുകളിൽ മാണിയുടെ നടൻ പാട്ടുകൾ നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു .

അക്കാലത്ത് ആകാശവാണി കോഴിക്കോടിൽ മാണി കടമേരിയുടെ വടക്കൻ പാട്ടുകൾ പ്രസിദ്ധമായിരുന്നു .ദൃശ്യ മാധ്യമങ്ങളിലൂടെയും മാണിയുടെ വടക്കൻ പാട്ടുകൾ ജന മനസുകളിൽ ഇടം പിടിച്ചു .

സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ ഇന്നും നാട്ടറിവ് പ്രചരിപ്പിക്കുന്നതിനായി തന്റെ പ്രായാധിക്യം ഒന്നും വകവെക്കാതെ മാണി കടമേരി പ്രവർത്തിക്കുന്നു .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/90058/2021-nattipaat-award-to-mani-kadameri)