---
title: "ആ ദൃശ്യവിരുന്ന് ഇനിയെന്ന്; ശാപമോക്ഷമാകാതെ രണ്ട് സിനിമാശാലകൾ "
english_title: "Two cinemas without being cursed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/90083/two-cinemas-without-being-cursed"
published_at: "2023-01-13T18:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c14fb8ae271_TAKIES.jpg"
keywords: []
---

# ആ ദൃശ്യവിരുന്ന് ഇനിയെന്ന്; ശാപമോക്ഷമാകാതെ രണ്ട് സിനിമാശാലകൾ 

> **Lead Summary:** **ഒഞ്ചിയം: **സിനിമ ദൃശ്യവിരുന്നിന് മഹത്തായ പാരമ്പര്യമുള്ള ഒരു പ്രദേശമാണ് ഒഞ്ചിയം. ഒഞ്ചിയം ഗ്രാമപഞ്ചായത്തിൽ രണ്ടു സിനിമശാലകൾ നിലവിലുണ്ടായിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു.വെള്ളികുളങ്ങര ശ്രീജയും, മടപ്പള്ളി പ്രിയേഷും. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കം മുതലേ വളരെ സജീവമായിരുന്നു രണ്ടു ടാക്കീസുകളും.

## Article Content

**ഒഞ്ചിയം: **സിനിമ ദൃശ്യവിരുന്നിന് മഹത്തായ പാരമ്പര്യമുള്ള ഒരു പ്രദേശമാണ് ഒഞ്ചിയം. ഒഞ്ചിയം ഗ്രാമപഞ്ചായത്തിൽ രണ്ടു സിനിമശാലകൾ നിലവിലുണ്ടായിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു.വെള്ളികുളങ്ങര ശ്രീജയും, മടപ്പള്ളി പ്രിയേഷും. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കം മുതലേ വളരെ സജീവമായിരുന്നു രണ്ടു ടാക്കീസുകളും.

70കളുടെ അവസാനത്തോടെയാണ് നാട്ടിൻപുറങ്ങളിൽ സിനിമ ശാല (ടാക്കീസ്) വ്യാപകമായി രൂപാന്തരം പ്രാപിച്ചത്. ഗ്രാമീണ മേഖലയിലുള്ള പ്രേക്ഷകർക്ക് പട്ടണത്തിൽ എത്താനുള്ള സാങ്കേതിക തടസ്സവും, ഗതാഗത ബുദ്ധിമുട്ടും കാരണമാണ് ഇത്തരത്തിലുള്ള ടാക്കീസുകൾ കേരളത്തിൽ വ്യാപകമായി വളർന്നുവന്നത്. ടെലിവിഷനോ, പുതിയ കാലഘട്ടത്തിലുള്ള മൊബൈൽ, മറ്റ് സാങ്കേതിക വിദ്യകളോ തീർത്തും സങ്കൽപ്പിക്കാൻ പോലും ഇല്ലാതിരുന്ന കാലം എന്തുകൊണ്ടും വൈകുന്നേരങ്ങളെ അവിസ്മരണീയമാക്കുന്നതിൽ സിനിമാശാലകൾ വഹിച്ച പങ്ക് സ്മരണീയമായിരുന്നു.

ഇന്നും മുൻകാല കലാ ആസ്വാദകർ വൈകുന്നേരങ്ങളിൽ പാതയോരത്തെ ഇരിപ്പിടങ്ങളിൽ ഇരുന്നുകൊണ്ട് ഗതകാല സ്മരണകൾ അയവിറക്കുന്ന കാഴ്ചകൾ, ഒഞ്ചിയത്തും പരിസരപ്രദേശങ്ങളിലും കാണുവാൻ സാധിക്കും. സിനിമാശാലകൾ ഒരു നാടിന്റെ സാംസ്കാരിക വൈഭവം പ്രകടമാക്കുന്നതിന്റെ ഉത്തമ ഉദാഹരണങ്ങളാണ്. ഒഞ്ചിയം, വള്ളിക്കാട് തുടങ്ങിയ പരിസരപ്രദേശങ്ങളിലൊക്കെ നിറഞ്ഞുനിൽക്കുന്ന സാംസ്കാരിക സംഘടനകൾ രൂപാന്തരപ്പെടുന്നതിൽ സിനിമാ ശാലകളുടെ പങ്ക് നിസ്തുലമാണ്.

80 കളുടെ തുടക്കം മുതൽ കലുശിതമായ കടത്തനാടൻ രാഷ്ട്രീയത്തിൽ നിന്നും തെല്ലൊരാശ്വാസമായിരുന്നു പ്രേക്ഷകർക്ക് നാട്ടിൻപുറങ്ങളിലെ സിനിമാ ശാലകൾ. ഗവ: കോളേജ് മടപ്പള്ളിയുടെ സമീപത്ത് സ്ഥിതി ചെയ്യുന്ന പ്രിയേഷ് ടാക്കീസ് വൈകുന്നേരങ്ങളിൽ കോളേജ് വിദ്യാർത്ഥികളുടെ കളി തമാശ പങ്കുവെക്കുന്നതിനും, പുത്തൻ സിനിമാവിശേഷം അറിയാനുമുള്ള ഒരു സാംസ്കാരിക ഇടമായിരുന്നു. മുൻ കാല കോളേജ് വിദ്യാർത്ഥികൾക്ക് സാംസ്കാരിക കലാമൂല്യവും, ചലച്ചിത്രസ്വാദനവും നൽകുന്നതിൽ മികച്ച പങ്കാണ് പ്രിയേഷ് ടാക്കീസ് വഹിച്ചത്.

കുറഞ്ഞ ചെലവിൽ ഒരു സിനിമ കാണാം എന്നുള്ളതായിരുന്നു മുൻകാലങ്ങളിൽ ഇത്തരത്തിലുള്ള ടാക്കീസുകളെ ആകർഷിച്ചത്. രാവോളം അധ്വാനിക്കുന്ന ഒഞ്ചിയത്തെ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം വൈകുന്നേരങ്ങളിൽ ഒഞ്ചിയത്തെ ടാക്കീസുകളിൽ പോയി സിനിമ കാണുക എന്നുള്ളത് ജീവിതത്തിന്റെ ദിനചര്യ കൂടി യായിരുന്നു. നാഷണൽ ഹൈവേ 66 വീതി കൂട്ടിയത് കാരണവും, മറ്റു ചില തടസ്സങ്ങൾ കാരണവും ഇന്ന് പ്രിയേഷ് ടാക്കീസ് നമുക്ക് ചിത്രത്തിലേ കാണുവാൻ സാധ്യമല്ല.

പ്രിയേഷ് ടാക്കീസ് മടപ്പള്ളി കാലയവനികയ്ക്കുള്ളിൽ അസ്തമിച്ചു പോയി, എന്ന ദുഃഖസത്യം വളരെ ആശ്ചര്യത്തോടെയാണ് പലരും പങ്കുവെക്കുന്നത്. വെള്ളികുളങ്ങര ശ്രീജ ടാക്കീസിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. പത്തുവർഷം മുമ്പ് നടന്ന ചില നിയമ സാങ്കേതിക പ്രശ്നങ്ങളാൽ പോലീസ് അടച്ചിടുകയായിരുന്നു. പിന്നീട് ഉടമ ഇത് മറ്റു ആവശ്യങ്ങൾക്ക് വേണ്ടി വിട്ടുകൊടുക്കുകയായിരുന്നു. ഇന്ന് ശ്രീജ ടാക്കീസിന്റെ ഉൾവശം മനോഹരമായ ഫർണിച്ചർ നിർമിക്കുന്ന ഒരു നിർമ്മാണ യൂണിറ്റും, കാർപെറ്റ്, മാറ്റ് വിപണ കേന്ദ്രവുമാണ്.

ഇത്തരത്തിൽ ഒഞ്ചിയത്തിന്റെ സിനിമ ശാലകൾ നാടുനീങ്ങിയതിൽ പൂർവ്വകാല കലാ ആസ്വാദകർക്കും സിനിമ പ്രേമികൾക്കും ഏറെ സങ്കടമുണ്ട്. സമീപപ്രദേശങ്ങളായ ഓർക്കാട്ടേരിയിലും, എടച്ചേരിയിലും ഡി.ടി.എസ് രൂപത്തിൽ പുതിയ കാലഘട്ടത്തിനനുസരിച്ചുള്ള സിനിമ തിയേറ്റർ സ്ഥാപിച്ചിട്ടുണ്ട്. ഒഞ്ചിയത്തും പുത്തൻ സാങ്കേതിക വിദ്യകളോടുകൂടി തീയേറ്റർ വരുമെന്ന പ്രതീക്ഷയിലാണ് പുതിയകാലത്തെ സിനിമ പ്രേമികളും നാട്ടുകാരും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/90083/two-cinemas-without-being-cursed)