---
title: "പരിഹാരം അകലെ; വെള്ളികുളങ്ങരയിലെ വളവ് ഭീഷണിയാകുന്നു "
english_title: "Vellikulangara curve is threatening"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/90413/vellikulangara-curve-is-threatening"
published_at: "2023-01-15T13:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c3b62716059_VELLIKKULANGARA.jpg"
keywords: []
---

# പരിഹാരം അകലെ; വെള്ളികുളങ്ങരയിലെ വളവ് ഭീഷണിയാകുന്നു 

> **Lead Summary:** **വെള്ളികുളങ്ങര: **മുട്ടുങ്ങൽ- പക്രംതളം സംസ്ഥാന പാതയിൽ വെള്ളികുളങ്ങരയിലെ വളവ് ഭീഷണിയാകുന്നു. റോഡ് ടാർ ചെയ്തതിനുശേഷം വേഗതയിലാണ് വാഹനങ്ങൾ ചീറിപ്പായുന്നത്. ഓർക്കാട്ടേരി ഭാഗത്ത് നിന്നും വെള്ളികുളങ്ങര വഴി ഒഞ്ചിയത്തേക്ക് പോകുന്നവർക്കാണ് ഇത് ഏറ്റവും കൂടുതൽ പ്രയാസം സൃഷ്ടിക്കുന്നത്.

## Article Content

**വെള്ളികുളങ്ങര: **മുട്ടുങ്ങൽ- പക്രംതളം സംസ്ഥാന പാതയിൽ വെള്ളികുളങ്ങരയിലെ വളവ് ഭീഷണിയാകുന്നു. റോഡ് ടാർ ചെയ്തതിനുശേഷം വേഗതയിലാണ് വാഹനങ്ങൾ ചീറിപ്പായുന്നത്. ഓർക്കാട്ടേരി ഭാഗത്ത് നിന്നും വെള്ളികുളങ്ങര വഴി ഒഞ്ചിയത്തേക്ക് പോകുന്നവർക്കാണ് ഇത് ഏറ്റവും കൂടുതൽ പ്രയാസം സൃഷ്ടിക്കുന്നത്.

ഓർക്കാട്ടേരി ഭാഗത്തുനിന്ന് വരുന്നവർക്ക് മുന്നിൽ നിന്നും വാഹനങ്ങൾ വളവായതുകൊണ്ട് പൂർണ്ണ രീതിയിൽ കാണുവാനുള്ള സൗകര്യമില്ലാത്തതാണ് പ്രധാന പ്രശ്നം. വടകര ഭാഗത്ത് നിന്നും വേഗതയിൽ വരുന്ന വാഹനങ്ങളുടെ ഗതി പലപ്പോഴും മനസ്സിലാക്കുന്നതിൽ മറ്റ് ഡ്രൈവർമാർക്ക് സാധിക്കാത്തതും അപകടം ക്ഷണിച്ചു വരുത്തുന്നു.

മുട്ടുങ്ങൽ ഓവർ ബ്രിഡ്ജിനു ശേഷം പുതിയ റോഡിൽ വളരെ വേഗതയിലാണ് വാഹനങ്ങൾ വരുന്നത്. ശേഷം വെള്ളികുളങ്ങര മാത്രമാണ് ഒരു വലിയ വളവുള്ളത്. നേരത്തെ കടത്തനാട്ടിലെ പ്രധാന നഗരമായ പുറമേരി സർവീസ് സഹകരണ ബാങ്കിന് സമീപം ഇത്തരത്തിലുള്ള വളവുണ്ടായിരുന്നു. ഒഴിഞ്ഞ ടാർ വീപ്പകളും, മറ്റും സംവിധാനങ്ങളും സ്ഥാപിച്ചുകൊണ്ട് വളവിന്റെ അപകടനില ഏതാണ്ട് തരണം ചെയ്തിട്ടുണ്ട്.

അത്തരത്തിലുള്ള ഒരു പ്രതിരോധ സംവിധാനങ്ങൾ വെള്ളികുളങ്ങരയിലെ റോഡിൽ സ്ഥാപിച്ചു കഴിഞ്ഞാൽ ഒരു പരിധിവരെ അപകടം കുറക്കാൻ സാധിക്കുമെന്ന് സമീപത്തെ ബേക്കറി ജീവനക്കാരനായ ശുഹൈബ് പറഞ്ഞു. ഇതോടൊപ്പം ഒഞ്ചിയം, കണ്ണൂക്കര ഭാഗത്തേക്ക് പോകുന്ന റോഡിൽ ഹമ്പ് സ്ഥാപിക്കാൻ കഴിഞ്ഞാലും ഒരു പരിധിവരെ വേഗത കുറയുവാൻ സാധിക്കും. പലപ്പോഴും തലനാരിഴക്കാണ് അപകടങ്ങൾ ഒഴിഞ്ഞു പോകുന്നത്.

ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ പ്രധാന ടൗണുകളിൽ ഒന്നാണ് വെള്ളികുളങ്ങര. പ്രധാനപ്പെട്ട ബാങ്കുകൾ, മലബാർ മിൽക്ക് സൊസൈറ്റി, വ്യാപാര വാണിജ്യ സ്ഥാപനങ്ങൾ, പെൻഷൻ ഭവൻ, റേഷൻ ഷോപ്പ്, ജനസേവ കേന്ദ്രങ്ങൾ, മത്സ്യ മാംസ സ്റ്റാളുകൾ ആരാധനാലയങ്ങൾ ഉൾപ്പെടെ ജനങ്ങളുടെ സംഗമഭൂമി കൂടിയാണ് വെള്ളികുളങ്ങര. നിലവിൽ ഹോം ഗാർഡോ മറ്റു ട്രാഫിക് സംവിധാനമോ ഇല്ലാത്തതും അപകടത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നു. ഇക്കാര്യത്തിൽ ബന്ധപ്പെട്ട റോഡ് സുരക്ഷ അധികൃതരുടെ ഭാഗത്തുനിന്ന് ഉചിതമായ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/90413/vellikulangara-curve-is-threatening)