---
title: "വഴി തുറന്നു; ആയിരത്തിലേറെ പേർക്ക് അനുഗ്രഹമായി തൊഴിൽ മേള "
english_title: "The job fair is a relief for those who are looking for a job"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/90417/the-job-fair-is-a-relief-for-those-who-are-looking-for-a-job"
published_at: "2023-01-15T13:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c3ba9b83b77_JOB_FAIR.jpg"
keywords: []
---

# വഴി തുറന്നു; ആയിരത്തിലേറെ പേർക്ക് അനുഗ്രഹമായി തൊഴിൽ മേള 

> **Lead Summary:** **മടപ്പള്ളി: **തൊഴിൽ തേടി നട്ടം തിരിയുന്നവർക്ക് ആശ്വാസമായി തൊഴിൽ മേള. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസിന്റെ സഹകരണത്തോടെ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മെഗാ ജോബ് ഫെസ്റ്റ് സംഘടിപ്പിച്ചത്.

## Article Content

**മടപ്പള്ളി: **തൊഴിൽ തേടി നട്ടം തിരിയുന്നവർക്ക് ആശ്വാസമായി തൊഴിൽ മേള. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസിന്റെ സഹകരണത്തോടെ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മെഗാ ജോബ് ഫെസ്റ്റ് സംഘടിപ്പിച്ചത്.

ജോബ്ഫെസ്റ്റിലൂടെ ആയിരത്തിലേറെപ്പേർക്ക് തൊഴിലിന് വഴിതുറന്നതായി സംഘാടകർ വ്യക്തമാക്കി. ഇതിൽ 302 പേർക്ക് 50 കമ്പനികളിലായി ജോലി ലഭ്യമായി. മൂവായിരത്തോളം ഉദ്യോഗാർഥികൾ പങ്കെടുത്ത മേളയിൽനിന്ന് 858 പേർ ഒന്നാംഘട്ട പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

മടപ്പള്ളി ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ജോബ്ഫെസ്റ്റ് തുറമുഖ-പുരാവസ്തുമന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനംചെയ്തു. എല്ലാവർക്കും തൊഴിൽനേടാനുള്ള അവസരമൊരുക്കുക എന്നതാണ് സർക്കാരിന്റെ പ്രഖ്യാപിതനയമെന്ന് മന്ത്രി പറഞ്ഞു.

തൊഴിലവസരങ്ങൾക്ക് ഉതകുന്ന നൈപുണ്യ പരിശീലനം ഉറപ്പുവരുത്തുമെന്നും അതിന് അടിത്തറ പാകുംവിധത്തിൽ അടിസ്ഥാനസൗകര്യവികസനവും നിക്ഷേപ സൗഹൃദാന്തരീക്ഷവും ശക്തിപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഗിരിജ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് വി.കെ. സന്തോഷ്‌കുമാർ, ആസൂത്രണസമിതി വൈസ് ചെയർമാൻ വി. മധുസൂദനൻ, പഞ്ചായത്ത്‌ പ്രസിഡന്റുമാരായ പി. ശ്രീജിത്ത്‌, ആയിഷാ ഉമ്മർ, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ പി. രാജീവൻ, ബി.ഡി.ഒ. പി.കെ. പുരുഷോത്തമൻ, വ്യവസായ വികസന ഓഫീസർ വിശ്വൻ കോറോത്ത്, മറ്റു ജനപ്രതിനിധികൾ, രാഷ്ട്രീയപ്പാർട്ടി നേതാക്കൾ സംസാരിച്ചു.

പരിപാടിയുടെ വിജയത്തിനായി ഗതാഗതംമുതൽ ഭക്ഷണംവരെ ആറ് സബ് കമ്മിറ്റികൾ മികച്ച പ്രവർത്തനമാണ് നടത്തിയത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/90417/the-job-fair-is-a-relief-for-those-who-are-looking-for-a-job)