---
title: "പ്രതീക്ഷയോടെ; ഹൈസ്കൂൾ വരും എന്ന പ്രതീക്ഷയിൽ ഓർക്കാട്ടേരി "
english_title: "Orcattery in anticipation of high school coming"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/90478/orcattery-in-anticipation-of-high-school-coming"
published_at: "2023-01-15T19:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c4099b3c945_ORKKATTERY_1.jpg"
keywords: []
---

# പ്രതീക്ഷയോടെ; ഹൈസ്കൂൾ വരും എന്ന പ്രതീക്ഷയിൽ ഓർക്കാട്ടേരി 

> **Lead Summary:** **ഓർക്കാട്ടേരി:** ഒരു നൂറ്റാണ്ട് മുമ്പേ സ്ഥാപിതമായ ഓർക്കാട്ടേരിയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയമാണ് ഓർക്കാട്ടേരി സ്കൂൾ. ദീർഘകാലത്തിനിടയിൽ നിരവധി മാനേജ്മെന്റുകളുടെ കീഴിലായിരുന്നു വിദ്യാലയം പ്രവർത്തിച്ചുവന്നത്.

## Article Content

**ഓർക്കാട്ടേരി:** ഒരു നൂറ്റാണ്ട് മുമ്പേ സ്ഥാപിതമായ ഓർക്കാട്ടേരിയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയമാണ് ഓർക്കാട്ടേരി സ്കൂൾ. ദീർഘകാലത്തിനിടയിൽ നിരവധി മാനേജ്മെന്റുകളുടെ കീഴിലായിരുന്നു വിദ്യാലയം പ്രവർത്തിച്ചുവന്നത്.

നിലവിൽ എൽ.പി, യു.പി വിഭാഗം ഉൾപ്പെടെ ഒന്നാംതരം മുതൽ ഏഴാം തരം വരെയാണ് ക്ലാസ്. കൂടാതെ കെ.ജിയും അഭ്യസിപ്പിച്ചു വരുന്നു. നിലവിൽ 1200 ഓളം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ടെന്നാണ് കണക്ക്.ഏറാമല ഗ്രാമപഞ്ചായത്തിന്റെ ഹൃദയ ഭൂമിയായ ഓർക്കാട്ടേരിയിൽ പ്രവർത്തിക്കുന്ന പഠനശാലയിൽ ഓർക്കാട്ടേരിയിലെയും, പരിസരപ്രദേശങ്ങളിലുമപ്പുറം ദൂരെ ദിക്കുകളിൽ നിന്ന് പോലും വിദ്യാർഥികൾ പഠിക്കുന്നു എന്നത് വിദ്യാലയത്തിന്റെ മഹിമ വർദ്ധിപ്പിക്കുന്നു.

അതിനാൽ തന്നെ, പി.കെ മെമ്മോറിയൽ യുപി സ്കൂളിനെ ഹൈസ്കൂളായി ഉയർത്തണമെന്ന ആവശ്യം രക്ഷിതാക്കൾക്കിടയിലും വിദ്യാർത്ഥികൾക്കിടയിലും ശക്തമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അപര്യാപ്തത മൂലം പതിറ്റാണ്ടുകളായി കടത്തനാടിന്റെ വിവിധ പ്രദേശങ്ങൾ വീർപ്പ് മുട്ടുകയാണ്. കേരള സർക്കാർ നേരത്തെ നിശ്ചയിച്ച ഒരു ഗ്രാമപഞ്ചായത്തിൽ ഒരു ഹൈസ്കൂൾ എന്ന രീതി തന്നെയാണ് ഇപ്പോഴുമുള്ളത്.

ഗവൺമെന്റ്/എയ്ഡഡ് ഹൈസ്കൂളുകൾ ഗ്രാമപ്രദേശങ്ങളിൽ ക്രമാതീതമായി വർദ്ധിക്കുന്നില്ല. പതിറ്റാണ്ടുകൾക്ക് മുമ്പുള്ള അതേ അവസ്ഥയിൽ തന്നെയാണ്. ചുരുങ്ങിയ ഗ്രാമപ്രദേശങ്ങളിൽ ഒന്നിലധികം ഹൈസ്കൂളുകൾ ഉണ്ടെന്നതല്ലാതെ ഇക്കാര്യത്തിലുള്ള പുരോഗതി വളരെ ദയനീയമാണ്. കഴിഞ്ഞ 7 വർഷത്തോളമായി ഓർക്കാട്ടേരി പി കെ മെമ്മോറിയൽ യുപി സ്കൂളിലെ സ്കൂൾ വാൻ ഡ്രൈവറായ മുസാഫിറിന് പറയാനുള്ളതും മറ്റൊന്നുമല്ല.

താൻ ജോലി ചെയ്ത വർഷം മുതൽ ഇന്നേവരെ ഓരോ വർഷവും വിദ്യാർത്ഥികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുകയാണ്. പ്രത്യേകിച്ച് പുതിയ മാനേജ്മെൻറ് അധികാരം ഏറ്റെടുത്തതിനു ശേഷം. സ്കൂളിന് അന്താരാഷ്ട്ര രീതിയിലുള്ള രൂപ സാദൃശ്യ ഭംഗിയുള്ള കെട്ടിടം നിർമ്മിച്ചതോടുകൂടി അടിസ്ഥാന സൗകര്യം മികച്ചതാണ്. ഇതാണ് വിവിധ പ്രദേശങ്ങളിൽ നിന്നും വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും സ്കൂളിലേക്ക് ആകർഷിക്കുന്നത്. മാത്രവുമല്ല കടത്തനാട്ടിലെ പ്രധാന പുരാതന പട്ടണം കൂടിയാണ് ഓർക്കാട്ടേരി.

ഓർക്കാട്ടേരി ടൗൺ കേന്ദ്രീകരിച്ച് ഒരു ഹൈസ്കൂൾ വരുന്നത് മേഖലയാകെയുള്ള വിദ്യാഭ്യാസ പ്രവർത്തനത്തിനും മുതൽക്കൂട്ടാണ്. മുസാഫിർ പറഞ്ഞു. പഴക്കം ചെന്ന കെട്ടിടങ്ങൾ മാറ്റി പുത്തൻ ബഹു നില കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനുള്ള തിരക്കിലാണ് സ്കൂൾ മാനേജ്മെൻറ്. നിലവിൽ ചുരുങ്ങിയ ക്ലാസുകൾ മാത്രമാണ് പഴയ കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. ബാക്കി എല്ലാം പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയും ഗുണമേന്മയുള്ള പഠനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ബാക്കിയുള്ള കെട്ടിടം നിർമ്മാണം പൂർത്തിയാക്കുന്നതിനനുസരിച്ച് പുതിയ കെട്ടിടത്തിലേക്ക് വിദ്യാർത്ഥികളെ മാറ്റും.

പൊതു വിദ്യാഭ്യാസത്തിന്റെ പ്രസക്തി വർദ്ധിച്ച ഈ ഒരു കാലഘട്ടത്തിൽ പൊതു വിദ്യാഭ്യാസ/എയ്ഡഡ് സ്ഥാപനങ്ങളിലേക്കാണ് രക്ഷിതാക്കൾ വിദ്യാർത്ഥികളെ ചേർക്കുന്നത്. ഇത് മുന്നിൽ കണ്ടു കൊണ്ടുള്ള പ്രവർത്തനങ്ങൾ എയ്ഡസ് മാനേജ്മെൻറ് പ്രതിനിധികൾ നടത്തുമെന്ന പ്രതീക്ഷയിൽ തന്നെയാണ് രക്ഷിതാക്കൾ. ഉന്നത വിദ്യാഭ്യാസ രംഗത്ത് വടകര താലൂക്ക് പിന്നിലാണ്. പ്ലസ് ടു സീറ്റിന്റെയും, കോളേജിന്റെയും അപര്യാപ്തത അഭിമുഖീകരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. നിലവിൽ ക്രമാതീതമായുള്ള ഹൈസ്കൂളിന്റെ വർദ്ധനമില്ലായ്മയും വടകര താലൂക്ക് നേരിടുന്ന മറ്റൊരു സുപ്രധാന പ്രശ്നമാണ്. അതുകൊണ്ടുതന്നെ വരും തലമുറയ്ക്ക് വേണ്ടി ഓർക്കാട്ടേരിയിൽ ഹൈസ്കൂൾ യാഥാർത്ഥ്യമാകും എന്ന പ്രതീക്ഷയിൽ തന്നെയാണ് രക്ഷിതാക്കളും വിദ്യാർത്ഥികളും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/90478/orcattery-in-anticipation-of-high-school-coming)