---
title: "ബോധവൽക്കരണം; സുരക്ഷിത യാത്രയ്ക്കായി ജില്ലാ പൊലീസ്"
english_title: "awareness; District Police for safe journey"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/90654/awareness-district-police-for-safe-journey"
published_at: "2023-01-16T16:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c52c1cc32fb_road_awarness.jpg"
keywords: []
---

# ബോധവൽക്കരണം; സുരക്ഷിത യാത്രയ്ക്കായി ജില്ലാ പൊലീസ്

> **Lead Summary:** **വടകര:** ഒരു നിമിഷത്തെ അശ്രദ്ധ ഒരായുസ്സിന്റെ കണ്ണുനീരാവാം. ജീവൻ വിലപ്പെട്ടതാണ് ആരുടേതായാലും. ട്രാഫിക് നിയമങ്ങൾ പാലിക്കുക റോഡ് അപകടങ്ങൾ ഒഴിവാക്കുക.

## Article Content

**വടകര:** ഒരു നിമിഷത്തെ അശ്രദ്ധ ഒരായുസ്സിന്റെ കണ്ണുനീരാവാം. ജീവൻ വിലപ്പെട്ടതാണ് ആരുടേതായാലും. ട്രാഫിക് നിയമങ്ങൾ പാലിക്കുക റോഡ് അപകടങ്ങൾ ഒഴിവാക്കുക.

ജനുവരി 11 മുതൽ 17 വരെ കേന്ദ്ര ഗവൺമെന്റിന്റെ നേതൃത്വത്തിൽ നടത്തുന്ന ട്രാഫിക് ബോധവൽക്കരണ ക്യാമ്പയിന്റെ ഭാഗമായി വടകരയിലും വിപുലമായ പരിപാടികൾ. സ്വച്ഛതാ പ്രകാശ് എന്നാണ് കേന്ദ്രസർക്കാർ ക്യാമ്പയിന്റെ പേര്.

***

കോഴിക്കോട് റൂറൽ പൊലീസിന്റെ നേതൃത്വത്തിൽ ഒരാഴ്ച നീളുന്ന ട്രാഫിക് ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ട്രാഫിക് സംവിധാനം ശക്തമാക്കി. ഇന്ന് കൈനാട്ടി ടൗണിൽ ആയിരുന്നു അപകട രഹിത വടകരക്കായുള്ള ജില്ലാ പൊലീസിന്റെ മഹാ യജ്ഞം.

കേന്ദ്രസർക്കാരിൻറെ നേതൃത്വത്തിൽ ശക്തമായ ബോധവൽക്കരണ പരിപാടികളുമായാണ് രാജ്യം മുന്നോട്ടുപോകുന്നത്. ദിനേന റോഡ് അപകടങ്ങളിലും, റോഡ് മുറിച്ച് കടക്കുന്നതിലും നിരവധി പേരാണ് മരണപ്പെട്ടു കൊണ്ടിരിക്കുന്നത്. സംസ്ഥാനങ്ങളുടെ കണക്ക് വന്നപ്പോൾ റോഡ് അപകട നിരക്കിൽ കേരളത്തിന് മൂന്നാം സ്ഥാനമാണ്.

ശക്തമായ ബോധവൽക്കരണവും ട്രാഫിക് ക്യാമ്പിയനും അത്യന്താപേക്ഷിതമാണ്. വാഹനത്തിൻറെ വേഗത, കാൽനടയാത്രക്കാർ പാലിക്കേണ്ട നിർദ്ദേശങ്ങൾ, ഡ്രൈവർമാർക്കുള്ള നിർദ്ദേശങ്ങൾ തുടങ്ങിയവയാണ് പ്രധാനമായും ഉൾക്കൊള്ളിച്ചത്.

ഹൈവേ പൊലീസ് ഉദ്യോഗസ്ഥന്മാരുടെ നേതൃത്വത്തിലാണ് ബോധവൽക്കരണം. സബ് ഇൻസ്പെക്ടർ സുരേന്ദ്രന്റെ നേതൃത്വത്തിൽ, ഉദ്യോഗസ്ഥന്മാരായ ഷാജു, ഷാജി എന്നിവരാണ് പങ്കെടുത്തത്. സംഘം വളരെ ജാഗ്രതയോടും, നാടിന്റെ നന്മക്ക് വേണ്ടിയുമാണ് പ്രവർത്തനം നടത്തിയത്.

പുതിയ സോഷ്യൽ മീഡിയ കാലഘട്ടത്തിൽ ട്രാഫിക് സംവിധാനങ്ങളോടും നിയമങ്ങൾ പാലിക്കുന്നതിലും ഒരുതരത്തിലുള്ള നിഷേധാത്മകമായ നിലപാടാണ് ചിലർ സ്വീകരിക്കുന്നത്. മറ്റു ചിലർ വ്ലോഗ് വഴി ട്രാഫിക് പൊലീസിനെയും മറ്റു സംവിധാനങ്ങളെയും പരിഹസിക്കുകയും അവരുടെ നടപടി തെറ്റാണെന്ന് വ്യാഖ്യാനിക്കുകയും ചെയ്യുന്നു.

ഇത്തരത്തിലുള്ള അസത്യങ്ങൾക്കെതിരെയും, കുപ്രചരണങ്ങൾക്കുമെതിരെയുമാണ് ബോധവൽക്കരണം. വാഹന നിയമങ്ങൾ പാലിക്കാത്ത നിരവധി വാഹനങ്ങളെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി. സീറ്റ് ബെൽറ്റ് ഇടാത്ത വാഹനങ്ങൾ, സൈഡ് മിറർ ഇല്ലാത്ത ബൈക്കുകൾ, സുരക്ഷിതമല്ലാത്ത ഹെൽമെറ്റുകൾ തുടങ്ങിയ നിരവധിപേരെ ബോധ്യപ്പെടുത്തുവാൻ സാധിച്ചു.

തുടർന്നും ഇത്തരത്തിലുള്ള പരിപാടികളുമായി മുന്നോട്ടു പോകുവാൻ ആണ് റൂറൽ പോലീസിന്റെ തീരുമാനം.

***

***കാൽനടയാത്രക്കാരായി ചില നിർദ്ദേശങ്ങൾ താഴെ...***

1,ഫുട്പാത്തുള്ള സ്ഥലങ്ങളിൽ ഫുട്പാത്തിലൂടെ നടക്കുക.

2, നമ്മുടെ അടുത്തേക്ക് വരുന്ന വാഹനം മുൻകൂട്ടി കാണുന്നതിനായി നമ്മുടെ വലതുവശം ചേർന്ന് നടക്കുക.

3, നിർത്തിയിട്ടിരിക്കുന്ന വാഹനത്തിന്റെ മുന്നിൽ കൂടിയോ പിന്നിൽ കൂടിയോ റോഡ് മുറിച്ച് കടക്കരുത്.

4, സീബ്രാ ക്രോസിംഗ് ഉള്ള സ്ഥലത്തോ ട്രാഫിക് പോലീസുള്ള സ്ഥലത്തോ റോഡ് മുറിച്ച് കടക്കുക.

5, വൃദ്ധരെയും വികലാംഗരെയും കുട്ടികളെയും റോഡ് മുറിച്ച് കടക്കുവാൻ സഹായിക്കുക.

6, ഏറ്റവും പ്രധാനമായത് വിദ്യാർത്ഥികളോടും യാത്രക്കാരോടും ബസ്സിൽ നിന്ന് ഇറങ്ങിയ ഉടനെ റോഡ് മുറിച്ച് കടക്കാതിരിക്കുക. ബസ് കടന്നുപോയതിനു ശേഷം മാത്രം കടക്കുക.

*** വാഹന ഡ്രൈവർമാർക്കുള്ള നിർദ്ദേശങ്ങൾ...***

1, വാഹനങ്ങളിൽ കൊണ്ടുപോകുന്ന ലോഡ് മറ്റുള്ളവരുടെ സുരക്ഷിതത്വത്തിന് തടസ്സമല്ലെന്ന് ഉറപ്പുവരുത്തുക.

2, ഇരുചക്രവാഹനം ഓടിക്കുമ്പോൾ നിർബന്ധമായും ഹെൽമെറ്റ് ധരിക്കുക.

3, സീറ്റ് ബെൽറ്റ് ഉള്ള വാഹനങ്ങളിൽ മുഴുവൻ യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കുക.

4, പൊലീസോ സിഗ്നൽ ലൈറ്റോ തരുന്ന സിഗ്നൽ അനുസരിക്കുക.

5, മദ്യപിച്ചു വാഹനം ഓടിക്കാതിരിക്കുക.

6, നിർത്തിയിട്ട വാഹനം റോഡിലേക്ക് എടുക്കുമ്പോൾ തൊട്ടു പുറകിൽ നിന്ന് വാഹനം വരുന്നില്ലെന്ന് ഉറപ്പുവരുത്തുക.

7, ദീർഘദൂര ഡ്രൈവിംഗ് നടത്തുമ്പോൾ ഉറങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിൽ സൗകര്യപ്രദമായ ഒരു സ്ഥലത്തേക്ക് വാഹനം മാറ്റിയിട്ട് വിശ്രമിച്ച ശേഷം മാത്രം യാത്ര തുടരുക. ജീവിതമാണ് വലുത് യാത്രയല്ല എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം യാത്ര തുടരുക.

8, മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് വാഹനം ഓടിക്കാതിരിക്കുക. ഫാഷന് വേണ്ടി സ്വന്തം ജീവൻ അപകടത്തിൽ പെടാതെ സൂക്ഷിക്കുക.

9, ഓവർടേക്ക് ചെയ്യുന്നതിനും വലതുവശത്തേക്കോ, ഇടതുതുവശത്തേക്കോ തിരിക്കുന്നതിനും മുമ്പായി റിയർവ്യൂ മിററിൽ കൂടി പുറകിൽ നിന്ന് വരുന്ന വാഹനങ്ങൾ ശ്രദ്ധിക്കണം.

10, വാഹനങ്ങൾ തമ്മിൽ സുരക്ഷിതമായ അകലം കൃത്യമായി പാലിക്കുക.

11, സീബ്ര ക്രോസിംഗിനടുത്തോ, കവലുകളുടെ അടുത്തോ വാഹനങ്ങളെ മറികടക്കാൻ ശ്രമിക്കരുത്.

12, ജന നിബിഡമായ ജംഗ്ഷനുകൾ, സ്കൂൾ പരിസരം, ആശുപത്രി പരിസരം, ടൗണുകൾ, മാർക്കറ്റുകൾ, എന്നീ സ്ഥലങ്ങളിൽ പരമാവധി വേഗതകുറച്ച് വാഹനം ഓടിക്കുവാൻ ശ്രമിക്കുക.

13, നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ നിര മുന്നിൽ കണ്ടാൽ ക്യൂ തെറ്റിച്ച് മുന്നിലേക്ക് കയറി പോകരുത്. ഇടതുവശം ചേർന്ന് വാഹനം ഒതുക്കി നിർത്തുക.

14, കുട്ടികളോ വൃദ്ധരോ സ്ത്രീകളോ റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുന്നത് കണ്ടാൽ വാഹനത്തിൻറെ വേഗത കുറയ്ക്കുക.

15,അന്ധരോ വികലാംഗരോ റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുമ്പോൾ വാഹനം നിർത്തി അവരെ റോഡ് മുറിച്ച് കടക്കുവാൻ അനുവദിക്കുക.

16, വളവുള്ള സ്ഥലങ്ങൾ, കയറ്റം, ഇടുങ്ങിയ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ വെച്ച് ഓവർടേക്ക് ചെയ്യരുത്.

17, രാത്രി സമയം മറ്റു വാഹനങ്ങൾ വരുന്നത് കാണുമ്പോൾ ഹെഡ്ലൈറ്റ് ഡിം ചെയ്യണം. പുതിയകാലത്ത് പലപ്പോഴും ഇത് തെറ്റിക്കുന്നതായി കാണാം. ഹെഡ്ലൈറ്റ് ഡിം ചെയ്തില്ലെങ്കിൽ അപകടം വരുവാനുള്ള സാധ്യത കൂടുതലാണ്.

18, മത്സരിച്ചു വാഹനം ഓടിക്കാതിരിക്കുക.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/90654/awareness-district-police-for-safe-journey)