---
title: "അസത്യവും യാഥാർത്ഥ്യവും; കുട്ടോത്ത് അട്ടക്കുണ്ട് കടവ് റോഡ് വിവാദം -കെ.പി കുഞ്ഞമ്മദ് കുട്ടി എംഎൽഎയുടെ വിശദീകരണം"
english_title: "Falsehood and Reality; Kutoth Attakund Kadav Road Controversy - Explanation of KP Kunhammed Kutty MLA"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/90669/falsehood-and-reality-kutoth-attakund-kadav-road-controversy-explanation-of-kp-kunhammed-kutty-mla"
published_at: "2023-01-16T17:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c53dde21110_mla.jpg"
keywords: []
---

# അസത്യവും യാഥാർത്ഥ്യവും; കുട്ടോത്ത് അട്ടക്കുണ്ട് കടവ് റോഡ് വിവാദം -കെ.പി കുഞ്ഞമ്മദ് കുട്ടി എംഎൽഎയുടെ വിശദീകരണം

> **Lead Summary:** **വടകര: **കുട്ടോത്ത് അട്ടക്കുണ്ട് കടവ് റോഡ് നവീകരണം സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിലായി പത്രങ്ങളിൽ വന്ന വാർത്തകൾ ജനങ്ങളിൽ ഏറെ തെറ്റിദ്ധാരണ ഉണ്ടാക്കാനിടയുണ്ടെന്ന് കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞദിവസം പത്രസമ്മേളനം നടത്തിയ ആക്ഷൻ കമ്മിറ്റിയുടെ പ്രവർത്തകർ റോഡിൻറെ വീതി 12 മീറ്ററിൽ നിന്ന് 10 മീറ്റർ ആക്കി കുറയ്ക്കാൻ സ്ഥലം എംഎൽഎയും പഞ്ചായത്ത് പ്രസിഡണ്ടും ചേർന്ന് പദ്ധതി ‘അട്ടിമറിക്കാൻ’ നീക്കങ്ങൾ നടത്തുന്നതായി ആരോപിച്ചിരുന്നു. എന്നാൽ 12 മീറ്ററിൽ നിന്ന് 10 മീറ്ററായി റോഡിൻറെ വീതി കുറയ്ക്കണമെന്ന് ആവശ്യം ഉന്നയിച്ച് ബന്ധപ്പെട്ട അധികാരികൾക്ക് സ്ഥലം എംഎൽഎയോ പഞ്ചായത്ത് പ്രസിഡണ്ടോ നൽകിയ വല്ല രേഖയും ഉണ്ടെങ്കിൽ പ്രസിദ്ധീകരിക്കാൻ ആക്ഷൻ കമ്മിറ്റി തയ്യാറാകണം എന്ന് അഭ്യർത്ഥിക്കുകയാണ്.

## Article Content

**വടകര: **കുട്ടോത്ത് അട്ടക്കുണ്ട് കടവ് റോഡ് നവീകരണം സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിലായി പത്രങ്ങളിൽ വന്ന വാർത്തകൾ ജനങ്ങളിൽ ഏറെ തെറ്റിദ്ധാരണ ഉണ്ടാക്കാനിടയുണ്ടെന്ന് കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞദിവസം പത്രസമ്മേളനം നടത്തിയ ആക്ഷൻ കമ്മിറ്റിയുടെ പ്രവർത്തകർ റോഡിൻറെ വീതി 12 മീറ്ററിൽ നിന്ന് 10 മീറ്റർ ആക്കി കുറയ്ക്കാൻ സ്ഥലം എംഎൽഎയും പഞ്ചായത്ത് പ്രസിഡണ്ടും ചേർന്ന് പദ്ധതി ‘അട്ടിമറിക്കാൻ’ നീക്കങ്ങൾ നടത്തുന്നതായി ആരോപിച്ചിരുന്നു. എന്നാൽ 12 മീറ്ററിൽ നിന്ന് 10 മീറ്ററായി റോഡിൻറെ വീതി കുറയ്ക്കണമെന്ന് ആവശ്യം ഉന്നയിച്ച് ബന്ധപ്പെട്ട അധികാരികൾക്ക് സ്ഥലം എംഎൽഎയോ പഞ്ചായത്ത് പ്രസിഡണ്ടോ നൽകിയ വല്ല രേഖയും ഉണ്ടെങ്കിൽ പ്രസിദ്ധീകരിക്കാൻ ആക്ഷൻ കമ്മിറ്റി തയ്യാറാകണം എന്ന് അഭ്യർത്ഥിക്കുകയാണ്.

യഥാർത്ഥത്തിൽ 2020 ഡിസംബർ ഒന്നിന് നൽകിയ വിവരാവകാശ രേഖപ്രകാരം റോഡിൻറെ വീതി 10 മീറ്ററായി കിഫ്ബി അംഗീകരിച്ചെന്നും, ഇതിൻറെ ഭാഗമായി സ്ഥലമെടുപ്പിന് 10 കോടി രൂപ അനുവദിച്ചെന്നും, ഈ തീരുമാനം എടുത്തത് 29-10-2020 നു എസ് പി വി സമർപ്പിച്ച പദ്ധതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എന്നും വ്യക്തമാക്കുന്ന രേഖ ഇതിനകം പുറത്തുവന്നിട്ടുണ്ട്. ഈ കാലയളവിൽ കുറ്റ്യാടി എംഎൽഎ കെ പി കുഞ്ഞമത് കുട്ടി മാസ്റ്ററോ, പഞ്ചായത്ത് പ്രസിഡണ്ട് ടി കെ അഷ്റഫ് മാസ്റ്ററോ അല്ല. വസ്തുത ഇതായിരിക്കെ റോഡിൻറെ വീതി കുറയ്ക്കാൻ എംഎൽഎയും പഞ്ചായത്ത് പ്രസിഡണ്ടും ഇടപെട്ട് എന്ന് പറയുന്നത് ശുദ്ധ അസംബന്ധവും അസത്യപ്രചരണവും ആണെന്ന് ഇതിനാൽ അറിയിക്കുകയാണ്.

യഥാർത്ഥത്തിൽ ഇത്തരം ഒരു പ്രതിസന്ധി നിലനിൽക്കുന്ന കുട്ടോത്ത് അട്ടക്കുണ്ട് കടവ് റോഡ് നവീകരണത്തിന് തടസ്സങ്ങൾ നീക്കി പരമാവധി 12 മീറ്റർ വീതിയെന്ന പഞ്ചായത്തിലെ സർവകക്ഷി തീരുമാനം നടപ്പിലാക്കുന്നതിനാണ് എംഎൽഎ എന്ന നിലയിൽ പദ്ധതിയുടെ എസ് പി വി ആയ കെ ആർ എഫ് ബി അധികൃതരെയും, കിഫ്ബി ഉദ്യോഗസ്ഥരെയും കണ്ടു 2021 ജൂണിന് ശേഷം ,വിവിധ ഇടപെടലുകൾ നടത്തിയത്. 12 മീറ്റർ വീതിയിൽ തന്നെ റോഡ് നിർമ്മാണം വേണം എന്ന് എംഎൽഎയുടെ ആവശ്യം നടപ്പിലാക്കണമെങ്കിൽ പി.ഡബ്ല്യു.ഡി എടുത്ത ട്രാഫിക് സർവേയിലെ പിശകുകൾ തിരുത്തുന്നതിന്, ശാസ്ത്രീയമായ ട്രാഫിക് സർവ്വേ നടത്താൻ കിഫ്ബി തയ്യാറാവുകയാണ് ചെയ്തത്. എന്നാൽ 2021 ഡിസംബറിൽ, പൊട്ടിപ്പൊളിഞ്ഞ റോഡിൽ സർവ്വേ നടത്തിയാൽ വാഹനങ്ങളുടെ എണ്ണം കൃത്യമായി ലഭ്യമാകില്ല എന്ന് കണ്ടതിന്റെ അടിസ്ഥാനത്തിൽ 2.69 കോടി രൂപ ചെലവഴിച്ച്‌ റോഡ് റീടാറിങ്‌ നടത്താൻ എം എൽ എ എന്ന നിലയിൽ നടത്തിയ നിരന്തരമായ ഇടപെടലിലൂടെ കഴിഞ്ഞിട്ടുണ്ട്.

പ്രധാനപ്പെട്ട 2 ഭാഗങ്ങളിലായി ശാസ്ത്രീയമായ ട്രാഫിക് സ്റ്റഡി ഇതിനകം നടത്തിയിട്ടുണ്ട്. ട്രാഫിക് സ്റ്റഡി നടത്തുന്നതിന് , വിദേശരാജ്യങ്ങളിൽ അടക്കം ഉപയോഗിക്കുന്ന നൂതന സാങ്കേതിക വിദ്യകളാണ് കിഫ്ബി ഉപയോഗിക്കുന്നത്. അതിൻറെ റിപ്പോർട്ട് വരുന്ന രണ്ടാഴ്ചയ്ക്കകം പ്രസിദ്ധീകരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. അതിൻറെ അടിസ്ഥാനത്തിലാണ് റോഡിൻറെ വീതി നിശ്ചയിക്കുന്നതും, നവീകരണം നടപ്പിലാക്കുകയും ചെയ്യുക. ഇത് ഒരു സാങ്കേതികമായ നടപടിക്രമമാണ്. ഇതിൽ എം എൽ എ യ്‌ക്കോ പഞ്ചായത്ത് പ്രെസിഡന്റിനോ ഇടപെടാൻ കഴിയില്ല. 12 മീറ്ററിൽ റോഡ് വീതി കൂട്ടുന്നില്ലെങ്കിൽ ചെങ്കുത്തായ കയറ്റിറക്കങ്ങളും, കൊടും വളവുകളും, കൂടുതൽ അപകടം വരുത്തിക്കുമെന്ന ആശങ്കയും ആക്ഷൻ കമ്മിറ്റി പങ്കുവെക്കുന്നുണ്ട്.

വളരെ ശാസ്ത്രീയമായി എടുത്ത വാഹനസാന്ദ്രത പഠന റിപ്പോർട്ട് വരാനിരിക്കുന്നതേയുള്ളൂ എങ്കിലും കിഫ്ബി അധികൃതരുമായി ഇക്കാര്യം സംസാരിച്ചപ്പോൾ, നിശ്ചിത വാഹനവേഗത അടിസ്ഥാനമാക്കിയാണ് റോഡിലെ വളവുകളും തിരിവുകളും കയറ്റിറക്കങ്ങളും ഡിസൈൻ ചെയ്യുന്നത് എന്നറിയിച്ചിട്ടുണ്ട്. റോഡ് ഡിസൈൻ പ്രകാരം, ഗതാഗതത്തിനു സുരക്ഷിതമായ വീതി, വളവുകളിൽ ഉണ്ടാകുമെന്നും, അതുകൊണ്ടു തന്നെ ഇത്തരം ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും സൂചിപ്പിക്കുകയാണ്. റോഡിൻറെ കല്ലിടൽ നിർത്തിവെക്കാൻ നിലവിലുള്ള എംഎൽഎ ആവശ്യപ്പെട്ടു എന്നതാണ് മറ്റൊരാരോപണം. യഥാർത്ഥത്തിൽ 2019 തന്നെ (4-11-2019) റോഡിൽ പെഗ് മാർക്ക് ചെയ്യുന്നത് വിവിധ സംഘടനകളുടെയും വ്യക്തികളുടെയും തർക്കം കാരണം നിർത്തിവച്ചതായി പിഡബ്ല്യുഡി അധികൃതർ നൽകിയ വിവരാവകാശ രേഖ വ്യക്തമാക്കുന്നുണ്ട്.

അലൈൻമെന്റ് സംബന്ധിച്ച തർക്കങ്ങൾ പരിഹരിക്കാൻ അക്കാലത്ത് അവസരങ്ങൾ ഉണ്ടായിരുന്നിട്ടും, ആയത് പരിഹരിക്കാതെ, നിലവിലെ എംഎൽഎയുടെയും പഞ്ചായത്ത് പ്രസിഡൻറിൻറെയും തലയിൽ മാത്രം കെട്ടിവയ്ക്കുന്നത് തികച്ചും അപഹാസ്യമായകാര്യമാണ്. മേൽ തർക്കങ്ങൾ പരിഹരിക്കാൻ വേണ്ടിയാണ് 2021 ലെ തിരഞ്ഞെടുപ്പിന് ശേഷം എംഎൽഎ എന്ന നിലയിൽ മണിയൂർ പഞ്ചായത്ത് ഓഫീസിൽ ഇരകളുടെ യോഗം വിളിച്ചു ചേർത്തത്. ഏതൊരു പദ്ധതിക്കും ഇരകളുടെ വാദം കേൾക്കുന്നത് തികച്ചും സ്വാഭാവികമായ കാര്യമാണ്. അത് പദ്ധതി അട്ടിമറിക്കാൻ വേണ്ടിയാണ് എന്നു പറയുന്നത് ദുരുദ്ദേശപരമാണ്. ഇതിൽ 12 മീറ്ററിൽ കൂടുതൽ വീതിയിൽ സ്ഥലം എടുക്കുന്ന ഉടമസ്ഥരെ മാത്രമാണ് വിളിച്ചു ചേർത്തത്. അന്ന് നടന്ന ഹിയറിങ്ങിൽ പങ്കെടുത്ത ഉദ്യോഗസ്ഥരാണ് അലൈൻമെന്റിൽ അപാകത ഉണ്ടെന്ന് കണ്ടെത്തിയതും.

ഇതിനെ തുടർന്നാണ് അപാകത പരിഹരിച്ച് റോഡ് നവീകരണം നടപ്പിലാക്കാൻ എംഎൽഎ എന്ന നിലയിൽ അധികൃതരോട് ആവശ്യപ്പെട്ടത്. അപാകത പരിഹരിക്കണമെന്ന എൻറെ നിർദ്ദേശത്തെയാണ് ആക്ഷൻ കമ്മിറ്റിക്കാർ വീതി കുറയ്ക്കാനുള്ള നിർദ്ദേശമായി ദുർവ്യാഖ്യാനം ചെയ്തിരിക്കുന്നത്. എന്നാൽ 2019 ഇൽ അന്നത്തെ എംഎൽഎ സർവ്വകക്ഷിയോഗം വിളിച്ച് ,അതിലെ തീരുമാനപ്രകാരം അലൈൻമെന്റ് അപാകത പരിഹരിക്കുന്നതുവരെ നവീകരണ പ്രവർത്തി നിർത്തിവെക്കാൻ ആവശ്യപ്പെട്ടതിനെപ്പറ്റി ഒരാക്ഷേപവും ഉന്നയിക്കുന്നില്ല. നിലവിൽ കുട്ടോത്ത് അട്ടക്കുണ്ട് കടവ് റോഡ് നവീകരണം ഏറ്റെടുത്തിട്ടുള്ളത് കിഫ്ബിയും, കിഫ്ബിയുടെ എസ് പി വി ആയ KRFB യും ആണ്. റോഡ് വീതി നിശ്ചയിക്കുന്നതിന് കിഫ്ബിക്ക് ചില മാനദണ്ഡങ്ങൾ ഉണ്ട്.

ശാസ്ത്രീയമായ വാഹന സാന്ദ്രത പഠനം, വരുന്ന 15 വർഷം കൊണ്ട് വർദ്ധിക്കുന്ന വാഹനങ്ങളുടെ എണ്ണം(15 Years Projected Traffic), റോഡിലെ വാഹനവേഗത എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഡിസൈനിങ്ങിലൂടെയാണ് ഇനി കുട്ടോത്ത് അട്ടക്കുണ്ട് കടവ് റോഡ് നവീകരിക്കാൻ പോകുന്നത് . മറ്റെല്ലാ ബിഗ് പ്രോജക്ടുകളും സംസ്ഥാനത്ത് പ്രഖ്യാപിച്ച് പൂർത്തീകരിച്ചതുപോലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ കുട്ടോത്ത് അട്ടക്കുണ്ട് കടവ് റോഡും കിഫ്ബി മാനദണ്ഡങ്ങൾക്ക് വിധേയമായി നടപ്പിലാക്കും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല ഒരു നാടിൻറെ സ്വപ്ന പദ്ധതിയായ കുട്ടോത്ത് അട്ടക്കുണ്ട് കടവ് റോഡ് വികസനം അട്ടിമറിക്കുന്നതിനായി ചില തൽപരകക്ഷികളുടെ അസത്യപ്രചരണങ്ങൾ പൊതുജനങ്ങൾ തള്ളിക്കണമെന്നും കെ പി കുഞ്ഞമ്മത്കുട്ടി മാസ്റ്റർ എംഎൽഎ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/90669/falsehood-and-reality-kutoth-attakund-kadav-road-controversy-explanation-of-kp-kunhammed-kutty-mla)