---
title: "കാണാപ്പുറങ്ങൾ; ഒരു കടത്തനാടൻ അപാരത "
english_title: "The release of the book titled 'kadathanadinte kanappurangal' is being prepared"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/90867/the-release-of-the-book-titled-kadathanadinte-kanappurangal-is-being-prepared"
published_at: "2023-01-17T16:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c6814b741e2_kadathanad.jpg"
keywords: []
---

# കാണാപ്പുറങ്ങൾ; ഒരു കടത്തനാടൻ അപാരത 

> **Lead Summary:** **വടകര:** കോഴിക്കോട് എലത്തൂരിന് വടക്ക് കോരപ്പുഴ മുതൽ മയ്യഴിയുടെ തെക്കൻ ഭാഗം വരെ വ്യാപിച്ച ഒരു നാട്ടുരാജ്യമായിരുന്നു കടത്തനാട്. വടകരക്ക് കിഴക്കുഭാഗത്തുള്ള കുറ്റിപ്പുറം എന്ന സ്ഥലത്തായിരുന്നു ഇതിന്റെ ആസ്ഥാനം.

## Article Content

**വടകര:** കോഴിക്കോട് എലത്തൂരിന് വടക്ക് കോരപ്പുഴ മുതൽ മയ്യഴിയുടെ തെക്കൻ ഭാഗം വരെ വ്യാപിച്ച ഒരു നാട്ടുരാജ്യമായിരുന്നു കടത്തനാട്. വടകരക്ക് കിഴക്കുഭാഗത്തുള്ള കുറ്റിപ്പുറം എന്ന സ്ഥലത്തായിരുന്നു ഇതിന്റെ ആസ്ഥാനം.

കോഴിക്കോടിനടുത്തുള്ള വരയ്ക്കൽ ആയിരുന്നു ആദ്യത്തെ തലസ്ഥാനം. സാമൂതിരിയുടെ രാജ്യത്തിന്റെ വടക്കേക്കര ആയതുകൊണ്ടാണ് വടകരയായി മാറിയത്. ഇത്തരത്തിൽ കടത്തനാടൻ ചരിത്രത്തിൽ ഇതേവരെ എഴുതപ്പെടാതെ പോയ സംഭവങ്ങളും പുതിയ അന്വേഷണങ്ങളും തെളിവുകളും ശേഖരിച്ചു കൊണ്ടുള്ള പുസ്തകം പ്രകാശനത്തിന് ഒരുങ്ങുന്നു.

' കടത്തനാടിന്റെ കാണാപ്പുറങ്ങൾ എന്നാണ് പുസ്തകത്തിന്റെ പേര്. കവിയും നാടകകൃത്തുമായ നടക്കുതാഴെ എടയത്ത് ശശീന്ദ്രൻ നടത്തിയ അന്വേഷണങ്ങളുടെയും പഠനങ്ങളുടെയും ഫലമായി ഉരുത്തിരിഞ്ഞു വന്ന ചരിത്രമാണ് പുസ്തകമായി പ്രസിദ്ധീകരിക്കുന്നത്. ഫെബ്രുവരി അഞ്ചിന് വടകര ടൗൺഹാളിലാണ് പ്രകാശനം.

മേമുണ്ട ഹയർസെക്കൻഡറി സ്കൂളിലെ 81 ബാച്ച് കൂട്ടായ്മയാണ് പുസ്തക പ്രകാശനത്തിന്റെ സംഘാടകർ. ഉണ്ണിയാർച്ച, ആരോമൽ ചേകവർ, തുടങ്ങിയവരിലൂടെ പ്രശസ്തമായ പുത്തൂരം(തീയർ) വീട് തറവാടും, തച്ചോളി ഒതേനൻ തുടങ്ങിയവരിലൂടെ പ്രശസ്തമായ തച്ചോളി മാണിക്കോത്ത് എന്ന നായർ തറവാടും കടത്തനാട്ടിലായിരുന്നു.

പ്രശസ്തമായ ലോകനാർക്കാവ് ക്ഷേത്രം കടത്തനാടൻ കളരിപ്പയറ്റിലൂടെയാണ് പ്രസിദ്ധമായത്. വടക്കൻ പാട്ടുകളിലെ പുത്തൂരം പാട്ടുകളും, തച്ചോളി പാട്ടുകളും കടത്തനാടിന്റെ സ്വന്തമാണ്.

ഇത്തരത്തിൽ പുതുതലമുറ അറിഞ്ഞിരിക്കേണ്ട നിരവധി കാര്യങ്ങൾ 'കടത്തനാടിന്റെ കാണാപ്പുറങ്ങൾ' എന്ന പുസ്തകത്തിൽ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് ഓരോ കടത്തനാട്ടുകാരും. അതുവഴി സ്വന്തം നാടിന്റെ ചരിത്രം മറ്റുള്ളവരിലേക്കും പകർന്നു നൽകാൻ കഴിയട്ടെ എന്ന പ്രത്യാശയിലുമാണ് നാട്ടുകാർ

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/90867/the-release-of-the-book-titled-kadathanadinte-kanappurangal-is-being-prepared)