---
title: "കുതിപ്പോടെ ഒഞ്ചിയം; വികസന വഴിയിൽ നാലാം വാർഡും"
english_title: "Onchiyam 4th Ward is also in the way of development"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/91194/onchiyam-4th-ward-is-also-in-the-way-of-development"
published_at: "2023-01-19T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c8f25d497be_ONCHIYAM_F.jpg"
keywords: []
---

# കുതിപ്പോടെ ഒഞ്ചിയം; വികസന വഴിയിൽ നാലാം വാർഡും

> **Lead Summary:** **ഒഞ്ചിയം: **പുതിയ ഭരണസമിതി ഗ്രാമപഞ്ചായത്തിൽ അധികാരമേറ്റതിനു ശേഷം വിപ്ലവകരമായ മാറ്റങ്ങളാണ് ഒഞ്ചിയത്ത് പ്രകടമാകുന്നത്. വെള്ളികുളങ്ങര കണ്ണൂക്കര റോഡ് ഉൾപ്പെടെയുള്ള വൻ പദ്ധതികൾ യാഥാർത്ഥ്യമാക്കിയതിന് പുറമേ നാട്ടിൻപുറങ്ങളിലെ റോഡുകളും ഉറച്ച പാതയാക്കുന്നതിൽ മികച്ച പങ്കാണ് പഞ്ചായത്ത് വഹിക്കുന്നത്.

## Article Content

**ഒഞ്ചിയം: **പുതിയ ഭരണസമിതി ഗ്രാമപഞ്ചായത്തിൽ അധികാരമേറ്റതിനു ശേഷം വിപ്ലവകരമായ മാറ്റങ്ങളാണ് ഒഞ്ചിയത്ത് പ്രകടമാകുന്നത്. വെള്ളികുളങ്ങര കണ്ണൂക്കര റോഡ് ഉൾപ്പെടെയുള്ള വൻ പദ്ധതികൾ യാഥാർത്ഥ്യമാക്കിയതിന് പുറമേ നാട്ടിൻപുറങ്ങളിലെ റോഡുകളും ഉറച്ച പാതയാക്കുന്നതിൽ മികച്ച പങ്കാണ് പഞ്ചായത്ത് വഹിക്കുന്നത്.

ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് നാലാം വാർഡിലെ ആതുരാലയം എന്ന് വിശേഷിപ്പിക്കാവുന്ന എം ആർ സി ആരോഗ്യ സാംസ്കാരിക കേന്ദ്രം റോഡ്. എം.ആർ.സി.യിൽ നിന്നും തുടങ്ങി കരേപീടിക മുക്ക് വരെ അവസാനിക്കുന്ന പാത ദിവസങ്ങൾക്ക് മുമ്പാണ് കോൺക്രീറ്റ് ചെയ്തു അടിയുറച്ച പാതയാക്കി തുറന്നു കൊടുത്തത്.നേരത്തെ വലിയ കയറ്റമുണ്ടായിരുന്ന ഈ മൺപാത ആഴ്ചകളോളം പണിയെടുത്ത് മികച്ച രീതിയിൽ പണിപൂർത്തിയാക്കിയാണ് ഉദ്ഘാടനം നിർവഹിച്ചത്. ഇതിന് മുൻകൈയെടുത്തത് പഞ്ചായത്ത് ഭരണസമിതി, നാലാം വാർഡ് ചാമക്കുന്ന് മെമ്പർ നിരോഷാ ധനേഷ് ഉൾപ്പെടെയുള്ളവരാണ്.

എം ആർ സി ആതുരാലയത്തിൽ സന്ദർശകരായി വരുന്ന രോഗികൾ, പരിചാരകർ, നുസ്രത്തുൽ ഇസ്ലാം മദ്രസയിലേക്ക് വരുന്ന ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം തരം വരെയുള്ള നൂറുകണക്കിന് വിദ്യാർത്ഥികൾ, സമീപത്തുള്ള തുന്നൽശാലയിലേക്ക് തുന്നൽ ആവശ്യത്തിനായി വരുന്ന ഉപഭോക്താക്കൾ, ഉൾപ്പെടെയുള്ളവർക്ക് വലിയ ആശ്വാസമായി ഈ ഒരു റോഡ്. നിരവധി ഇടവഴികൾ നിറഞ്ഞ നാലാം വാർഡിൽ എം ആർ സി ക്ക് തൊട്ടടുത്തായി മറ്റൊരു നടപ്പാതയും വികസനം കാത്ത് കഴിയുകയാണ്.

പാലു കണ്ടി മുക്ക് അറ്റത്തുനിന്നും തുടങ്ങി എം ആർ സി യിലേക്ക് വരാനുള്ള എളുപ്പ വഴിയാണ് ഈ ഒരു പാത. അറ്റകുറ്റപ്പണികൾ നടത്തിയാൽ വളരെ എളുപ്പത്തിൽ ഇതും ഒരു കോൺക്രീറ്റ് പാതയാക്കി മാറ്റുവാൻ സാധിക്കും. അത് നാലാം വാർഡിനെ സംബന്ധിച്ചിടത്തോളം വികസനത്തിന്റെ മറ്റൊരു അധ്യായം കൂടി തുന്നിച്ചേർക്കാൻ സാധിക്കും. 100 മീറ്റർ താഴെ മാത്രമാണ് ആകെയുള്ള നീളം. പക്ഷേ ഇടവഴിയുടെ ചില ഭാഗങ്ങളിൽ ഉയർച്ചയും താഴ്ചയും ഉണ്ട്.

അത് മണ്ണോ മറ്റു അവശിഷ്ടങ്ങളോ ഉപയോഗിച്ചുകൊണ്ട് നിരപ്പാക്കിയതിനുശേഷം ഉറച്ച പാതിയാക്കി ഉറപ്പിച്ചതിനുശേഷം കോൺക്രീറ്റ് ഉപയോഗിച്ച് റോഡ് നിർമിച്ചാൽ വിപ്ലവകരമായ വലിയ മാറ്റമായിരിക്കും ഉണ്ടാക്കുക. നിത്യേന ഒഞ്ചിയത്തിന്റെ പല ഭാഗങ്ങളിൽ നിന്നും വരുന്ന നിരവധി രോഗികൾക്ക് എംആർസിയിലേക്കുള്ള മറ്റൊരു എളുപ്പ വഴി കൂടിയായിരിക്കും ഇത്. അത്തരത്തിൽ എം ആർ സി- പാലു കണ്ടി മുക്ക് റോഡും കോൺക്രീറ്റ് ചെയ്ത് ഉറച്ച പാതയാകുമെന്ന ഉത്തമ പ്രതീക്ഷയിലാണ് നാലാം വാർഡ് നിവാസികൾ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/91194/onchiyam-4th-ward-is-also-in-the-way-of-development)