---
title: "റോഡ് പണി പൂർത്തിയാക്കിയില്ല ; സമരത്തിനൊരുങ്ങി ബിജെപി "
english_title: "Road work not completed; BJP ready for strike"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/91273/road-work-not-completed-bjp-ready-for-strike"
published_at: "2023-01-19T17:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c9341320755_ROAD_BJP.jpg"
keywords: []
---

# റോഡ് പണി പൂർത്തിയാക്കിയില്ല ; സമരത്തിനൊരുങ്ങി ബിജെപി 

> **Lead Summary:** **വില്യാപ്പള്ളി:** റോഡ് പണി പൂർത്തിയാക്കാത്തതിനെതിരെ സമരത്തിന് ഒരുങ്ങി ബിജെപി. കുളത്തൂർ- കോട്ടുമുക്ക് മീൻകണ്ടി താഴെ റോഡ് പണി പൂർത്തിയാക്കാത്തതിലാണ് പ്രതിഷേധം.

## Article Content

**വില്യാപ്പള്ളി:** റോഡ് പണി പൂർത്തിയാക്കാത്തതിനെതിരെ സമരത്തിന് ഒരുങ്ങി ബിജെപി. കുളത്തൂർ- കോട്ടുമുക്ക് മീൻകണ്ടി താഴെ റോഡ് പണി പൂർത്തിയാക്കാത്തതിലാണ് പ്രതിഷേധം.

പണി നീളുകയാണെങ്കിൽ സമരം സംഘടിപ്പിക്കുമെന്ന് ബിജെപി മുന്നറിയിപ്പ് നൽകി. വില്യാപ്പള്ളി പഞ്ചായത്തിലെ 4, 8 വാർഡുകളിലൂടെ കടന്നുപോകുന്ന ഈ റോഡ് വെട്ടിപ്പൊളിച്ചിട്ട് മാസങ്ങളായി.

ഇതിലൂടെ യാത്ര ദുസ്സഹമായിരിക്കുകയാണ്. നാട്ടുകാരും മേമുണ്ട ഹയർസെക്കൻഡറി, എംജെ ഹയർ സെക്കൻഡറി എന്നിവിടങ്ങളിലേക്ക് പോകുന്ന വിദ്യാർത്ഥികളും ഏറെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്.

വാഹനങ്ങൾ പോകുമ്പോൾ ഉണ്ടാകുന്ന പൊടിപടലം കാരണം കാൽ യാത്രക്കാർക്കും ഇരുവശങ്ങളിലെ വീടുകളിൽ താമസിക്കുന്നവരും കഷ്ടപ്പെടുകയാണ്. വീതി കൂട്ടി നല്ല റോഡ് വരും എന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

പക്ഷേ, ദുരിതത്തിലാണ് ഇവിടുത്തുകാരിപ്പോൾ. എത്രയും വേഗം റോഡ് ഗതാഗതയോഗ്യമാക്കണമെന്നും അല്ലെങ്കിൽ പ്രത്യക്ഷ സമര പരിപാടികൽക്ക് നേതൃത്വം നൽകുമെന്നും ബിജെപി ബൂത്ത് കമ്മിറ്റി അറിയിച്ചു.

പി.എം രമേശൻ അധ്യക്ഷത വഹിച്ചു. അരീക്കൽ രാജൻ, തൃക്കയിൽ കണാരൻ, കെ.എം അശോകൻ, അരീക്കൽ ബാലൻ, കെ.എം അജിത്ത് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/91273/road-work-not-completed-bjp-ready-for-strike)