---
title: "നൻമയുടെ ശബ്ദം; മോട്ടോർ തൊഴിലാളികളോട് നീതി പാലിക്കുക"
english_title: "Be fair to motor workers"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/91468/be-fair-to-motor-workers"
published_at: "2023-01-20T19:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ca9ee4869a5_yogam_auto.jpg"
keywords: []
---

# നൻമയുടെ ശബ്ദം; മോട്ടോർ തൊഴിലാളികളോട് നീതി പാലിക്കുക

> **Lead Summary:** **ഓർക്കാട്ടേരി:** ഗതകാല പ്രൗഢി നിലനിൽക്കുന്ന കടത്തനാട്ടിലെ പ്രധാന പട്ടണമാണ് ഓർക്കാട്ടേരി. ഉത്ഭവകാലം മുതൽ തന്നെ ഏറ്റവും പഴക്കം ചെന്ന ഓട്ടോറിക്ഷ സ്റ്റാൻഡാണ് കെഎസ്ഇബിക്ക് മുൻവശമുള്ള ഓട്ടോ സ്റ്റാൻഡ്. ഇതോടനുബന്ധിച്ച് തന്നെ ഓർക്കാട്ടേരി ബസ്റ്റോപ്പിന് സമീപം വ്യാപാര സ്ഥാപനത്തോടനുബന്ധിച്ചുള്ള സ്റ്റാൻഡും.

## Article Content

**ഓർക്കാട്ടേരി:** ഗതകാല പ്രൗഢി നിലനിൽക്കുന്ന കടത്തനാട്ടിലെ പ്രധാന പട്ടണമാണ് ഓർക്കാട്ടേരി. ഉത്ഭവകാലം മുതൽ തന്നെ ഏറ്റവും പഴക്കം ചെന്ന ഓട്ടോറിക്ഷ സ്റ്റാൻഡാണ് കെഎസ്ഇബിക്ക് മുൻവശമുള്ള ഓട്ടോ സ്റ്റാൻഡ്. ഇതോടനുബന്ധിച്ച് തന്നെ ഓർക്കാട്ടേരി ബസ്റ്റോപ്പിന് സമീപം വ്യാപാര സ്ഥാപനത്തോടനുബന്ധിച്ചുള്ള സ്റ്റാൻഡും.

നിർഭാഗ്യവശാൽ മൂന്ന് ദിവസം മുമ്പ് സമീപത്തുള്ള വ്യാപാരിയുടെ പരാതിയെ തുടർന്ന് എടച്ചേരി പോലീസ് ഇൻസ്പെക്ടർ ഓട്ടോ വ്യാപാര സ്ഥാപനത്തിന് സമീപം പാർക്ക് ചെയ്യുന്നതിനെതിരെ നടപടി സ്വീകരിക്കുകയായിരുന്നു. ഏകപക്ഷീയമായ ഈ ഒരു തീരുമാനത്തിനെതിരെ സംയുക്ത മോട്ടോർ തൊഴിലാളി യൂണിയൻ പ്രതിഷേധിച്ചിരിക്കുകയാണ്. വ്യാപാരികളോട് ഒരു നയവും പാവപ്പെട്ട ഓട്ടോ തൊഴിലാളികളോട് മറ്റൊരു നയവും എന്നുള്ളത് നീതീകരിക്കാനാവാത്തതാണ്. തീർത്തും പക്ഷപാതപരമായിട്ടാണ് പോലീസ് പെരുമാറിയത്.

വർഷങ്ങളോളം ഓട്ടോ പാർക്ക് ചെയ്തിരുന്ന സ്ഥലമാണ്. ഇതൊരു സുപ്രഭാതത്തിൽ പെട്ടെന്ന് മാറ്റണമെന്ന് പറഞ്ഞത് ഒരു കാരണവശാലും അംഗീകരിക്കാൻ പറ്റാത്തതാണ്. രാഷ്ട്രീയ സാമ്പത്തിക സ്വാധീന വലയം കൊണ്ടാകാം പെട്ടെന്നുള്ള തീരുമാനം എന്ന നിഗമനത്തിലാണ് ഓട്ടോ തൊഴിലാളികൾ. മാത്രവുമല്ല കെഎസ്ഇബി റോഡിന് സമീപമുള്ള ഓട്ടോ സ്റ്റാൻഡ് മുഴുവനായും തന്നെ അവിടെ നിന്ന് മാറ്റാനുമുള്ള ഗൂഢാലോചനയും അണിയറയിൽ നടക്കുന്നുണ്ട്.

മാസങ്ങൾക്ക് മുമ്പാണ് ലോഡ് ഇറക്കുന്നതിനിടെ ഷോക്കടിച്ചുകൊണ്ട് ഒരു തൊഴിലാളി മരണപ്പെട്ടത്. ഉഗ്രശേഷിയുള്ള വൈദ്യുതി ലൈൻ വ്യാപാര സ്ഥാപനങ്ങളുടെ മുകളിലൂടെ വളരെ സമീപത്തായാണ് പോകുന്നത്. ഇതിനെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. സമീപത്തെ തട്ടുകടയും ലൈസൻസില്ലാതെയാണ് പ്രവർത്തിക്കുന്നത്. ഓട്ടോ തൊഴിലാളികൾ ആരോപിച്ചു. എല്ലാവർക്കും തുല്യനീതി വേണമെന്നുള്ളതാണ് ഓട്ടോ തൊഴിലാളികൾക്ക് ആവശ്യപ്പെടാനുള്ളത്. ഓട്ടോറിക്ഷ തൊഴിലാളികൾക്ക് മറ്റൊരു നീതിയും വ്യാപാരികൾക്ക് വേറൊരു രീതിയും അനുവദിക്കുന്നത് ശരിയല്ല.

പ്രതിഷേധത്തിന്റെ ഭാഗമായാണ് സംയുക്ത മോട്ടോർ തൊഴിലാളി യൂണൻ ഓർക്കാട്ടേരി ജനറൽ ബോഡി യോഗം നടത്തിയത്. സംയുക്ത മോട്ടോർ തൊഴിലാളി യൂണിയൻ്റെ ജനറൽ ബോഡി യോഗം ഓർക്കാട്ടേരി കമ്യൂണിറ്റി ഹാളിലാണ് ചേർന്നത്.. ഓർക്കാട്ടേരി ടൗണിലെ ഓട്ടോറിക്ഷ തൊഴിലാളികളോട് എടച്ചേരി പോലീസുകാർ പക്ഷപരമായ സമീപനം സ്വീകരിക്കുന്നതിൽ നിന്ന് പിൻമാറണമെന്നും. ഓർക്കാട്ടേരി ടൗണിൽ അനധികൃത പാർക്കിങിന് പഞ്ചായത്ത് അധികൃതർ പരിഹാരം കാണണമെന്നും ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.

സത്യൻ എടച്ചേരിയുടെ അധ്യക്ഷത വഹിച്ചു. ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷക്കീല ഈങ്ങോളി, ഉദ്ഘാടനം ചെയ്തു. ഇ.പി രാജേഷ്, നിസാർ വി കെ, എം.പി ദാമോധരൻ, ചന്ദ്രൻ നെല്ലോളി, ദീപ് രാജ്, വിജയൻ ,ടി എൻ റഫീക്ക് സംസാരിച്ചു.ശ്രുതി മനോജ് സ്വാഗതവും, ഷാജു ചുട്ടപ്രത്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/91468/be-fair-to-motor-workers)