---
title: "പുതുയുഗത്തിലേക്ക്; ഗോൾഡൻ ജൂബിലിയുടെ നിറവിൽ ഒഞ്ചിയത്തെ   മദ്രസ"
english_title: "into the new age; On the golden jubilee"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/91591/into-the-new-age-on-the-golden-jubilee"
published_at: "2023-01-21T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cb9bd517ca5_ONCHIYAM_MADRASA_F.jpg"
keywords: []
---

# പുതുയുഗത്തിലേക്ക്; ഗോൾഡൻ ജൂബിലിയുടെ നിറവിൽ ഒഞ്ചിയത്തെ   മദ്രസ

> **Lead Summary:** **ഒഞ്ചിയം: **കടത്തനാട്ടിലെ വിപ്ലവ പാരമ്പര്യമുള്ള മണ്ണാണ് ഒഞ്ചിയം. നിരവധി രാഷ്ട്രീയ സാമൂഹിക പ്രവർത്തകരെ സംഭാവന ചെയ്ത ഈ നാട് എന്നും കടത്തനാട്ടിന്റെ മുതൽക്കൂട്ടാണ്. ആദ്യകാലത്ത് കുന്നുമ്മക്കര ഗ്രാമപഞ്ചായത്തിന്റെ കീഴിലായിരുന്നു ഒഞ്ചിയവും, ഏറാമലയും. പുനർനിർണ്ണയ പ്രക്രിയയ്ക്ക് ശേഷം രണ്ട് പഞ്ചായത്തുകളായി മാറുകയായിരുന്നു.

## Article Content

**ഒഞ്ചിയം: **കടത്തനാട്ടിലെ വിപ്ലവ പാരമ്പര്യമുള്ള മണ്ണാണ് ഒഞ്ചിയം. നിരവധി രാഷ്ട്രീയ സാമൂഹിക പ്രവർത്തകരെ സംഭാവന ചെയ്ത ഈ നാട് എന്നും കടത്തനാട്ടിന്റെ മുതൽക്കൂട്ടാണ്. ആദ്യകാലത്ത് കുന്നുമ്മക്കര ഗ്രാമപഞ്ചായത്തിന്റെ കീഴിലായിരുന്നു ഒഞ്ചിയവും, ഏറാമലയും. പുനർനിർണ്ണയ പ്രക്രിയയ്ക്ക് ശേഷം രണ്ട് പഞ്ചായത്തുകളായി മാറുകയായിരുന്നു.

കുന്നുമ്മക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലായിരുന്നു 1957ൽ മടപ്പള്ളി കോളേജ് സ്ഥാപിതമായത്. തുടർന്നങ്ങോട്ട് സമൂഹത്തിന്റെ സമസ്ത മേഖലകളിലേക്കും വിദ്യാഭ്യാസം കടന്നു വരികയായിരുന്നു. അറിവിൻറെ അണ്ഡകടാഹങ്ങളിലേക്ക് വിദ്യാർഥികളുടെ കുതിച്ചുചാട്ടമായിരുന്നു പിന്നീട് ഒഞ്ചിയത്തും പരിസരപ്രദേശങ്ങളിലും കണ്ടത്.

എഴുത്തു പള്ളിയിൽ നിന്നും എഴുത്ത് അഭ്യസിക്കുകയും, ഓത്തു പള്ളിയിൽ നിന്ന് ഓത്ത് അഭ്യസിക്കുകയും ചെയ്ത വലിയൊരു വിഭാഗം മുസ്ലിം ജന വിഭാഗങ്ങളും വിദ്യാഭ്യാസത്തിൻറെ പുതിയ പതിപ്പിലേക്ക് മാറുകയുണ്ടായി. അത്തരത്തിൽ സ്ഥാപിതമായതാണ് 1971ൽ ഒഞ്ചിയത്ത് നുസ്റത്തുൽ ഇസ്ലാം ഇസ്ലാം മദ്രസ. ആദ്യ കാലഘട്ടത്തിൽ മത വിദ്യാഭ്യാസത്തിനാണ് പ്രാധാന്യം നൽകിയെങ്കിലും പിന്നീട് മത ഭൗതിക സംയോജിത വിദ്യാഭ്യാസം നൽകുവാനാണ് ശ്രമം നടത്തിയത്.

ഓർക്കാട്ടേരി റേയ്ഞ്ചിലെ തന്നെ ആദ്യ ഹയർ സെക്കൻഡറി മദ്രസ എന്ന സ്ഥാനമാണ് ഒഞ്ചിയത്തിന് ലഭിച്ചത്. അൽപവർഷം മുമ്പ് മദ്രസയോട് അനുബന്ധിച്ചു തന്നെ യുകെജി മുതൽ നാലാം ക്ലാസ് വരെ നഴ്സറി ആരംഭിച്ചിട്ടുണ്ടായിരുന്നു. ചില കാരണങ്ങളാൽ അത് തുടരാൻ പറ്റാതെയായി. പുതിയ മദ്രസ കമ്മിറ്റി സ്ഥാനം ഏറ്റെടുത്തിട്ട് ഒരു വർഷം പൂർത്തിയാകാൻ പോകുന്നു. പ്രസിഡണ്ടായി കെ.പി. ഷംസുദ്ദീനും, സെക്രട്ടറിയായി പി.പി.കെ. അബ്ദുല്ലയും. നഴ്സറി സ്കൂളിലെ പുതിയ ഒരു ട്യൂഷൻ സെന്ററായി ഉയർത്തുക എന്നുള്ളതാണ് കമ്മിറ്റിയുടെ പ്രധാന ലക്ഷ്യം.

അതുവഴി വിദ്യാർഥികളെ മദ്രസിലേക്ക് ആകർഷിക്കുവാനും രാവിലെ മറ്റ് ട്യൂഷൻ സെന്ററിലേക്ക് പോകുന്നത് തടയാനും സാധിക്കും. ട്യൂഷൻ സെൻറർ എത്രയും പെട്ടെന്ന് ആരംഭിക്കുവാനാണ് ആഗ്രഹം. പിന്നീട് വടകര താലൂക്കിലെ പ്രസിദ്ധമായ എം.യു.എം. വടകര, എം ഐ എം പേരോട്. മുതലായ മദ്രസ കമ്മിറ്റികളുടെ മാതൃകയിൽ ഒരു എയ്ഡഡ് ഹൈസ്കൂൾ ഹയർ സെക്കൻഡറി സ്ഥാപിക്കുക എന്ന സ്വപ്നമായ ലക്ഷ്യവുമുണ്ട്. വടക്കൻ മലബാറിൽ തന്നെ മദ്രസ വിദ്യാഭ്യാസത്തോടൊപ്പം ഭൗതിക വിദ്യാഭ്യാസവും നൽകിയ ആദ്യകാല പ്രസ്ഥാനമായിരുന്നു എം. യു.എം.വടകര. മിസ്ബാഹുൽ ഇസ്ലാം മദ്രസ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയിരുന്നു പേരോട് എം ഐ എം ഹൈസ്കൂൾ സ്ഥാപിച്ചത്.

ഇന്നത് ഹയർസെക്കൻഡറി സ്കൂളായി മാറുകയും കടത്തനാട്ടിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനവുമായി. അത്തരത്തിലുള്ള വൻ കുതിച്ചുചാട്ടമാണ് നുസ്റത്തുൽ ഇസ്ലാം മദ്രസയും പ്രതീക്ഷിക്കുന്നത്. ഇതിന്റെ ആദ്യ ചവിട്ടു പടിയെന്നോളമാണ് ട്യൂഷൻ സെൻറർ തുടങ്ങുവാനുള്ള പ്രയത്നം. വാഹന സൗകര്യം ഉൾപ്പെടെയുള്ളവ നൽകിക്കൊണ്ട് ഗ്രാമപഞ്ചായത്തിലെ വിദ്യാർത്ഥികളെ ട്യൂഷൻ സെന്ററിലേക്ക് ആകർഷിക്കുക എന്നതാണ് ലക്ഷ്യം. പുതിയ കമ്മിറ്റി അധികാരമേറ്റതിനുശേഷം നിരവധി ആറ്റകുറ്റപ്പണികൾ മദ്രസക്ക് വേണ്ടി ചെയ്യുവാൻ സാധിച്ചു. 6 അധ്യാപകരിൽ നിന്നും 10 അധ്യാപകരിലേക്ക് ഉയർത്താൻ സാധിച്ചു.

ഒന്നാംതരം മുതൽ +1 വരെയുള്ള മുടങ്ങാതെയുള്ള ക്ലാസ്സ് ഇപ്പോൾ നൽകിക്കൊണ്ടിരിക്കുന്നു. ഒഞ്ചിയം നുസ്റത്തുൽ ഇസ്ലാം മദ്രസ കമ്മിറ്റിക്ക് വേണ്ടി നാട്ടിലെ ഓരോ ആളുകളുടെയും പിന്തുണയാണ് കമ്മിറ്റി ആവശ്യപ്പെടുന്നത്. എൻ.ഐ.എം. ഹൈസ്കൂൾ എന്ന സ്വപ്നത്തിലേക്കുള്ള പ്രയാണത്തിൽ നാട്ടിലെ എല്ലാ ജനങ്ങളുടെയും പിന്തുണയും സഹായവും കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/91591/into-the-new-age-on-the-golden-jubilee)