---
title: "ദേശീയപാതാ വികസനം; ഓർമ്മയായി കെഎസ്ഇബി ഓഫീസും കുറുപ്പാൾ ഒന്തവും "
english_title: "National Highway Development; KSEB office and Kurupal only"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/91631/national-highway-development-kseb-office-and-kurupal-only"
published_at: "2023-01-21T17:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cbcf967fd16_road_f.jpg"
keywords: []
---

# ദേശീയപാതാ വികസനം; ഓർമ്മയായി കെഎസ്ഇബി ഓഫീസും കുറുപ്പാൾ ഒന്തവും 

> **Lead Summary:** **മുട്ടുങ്ങൽ: ** ദേശീയ പാതയിൽ ത്വരിതഗതിയിലാണ് വികസന പ്രവർത്തനങ്ങൾ നടന്നു വരുന്നത്. പ്രസിദ്ധമായ മുട്ടുങ്ങൽ കെഎസ്ഇബി ഓഫീസ് ഇപ്പോഴില്ല. മാത്രവുമല്ല കെഎസ്ഇബി ഓഫീസ് സ്ഥിതി ചെയ്തിരുന്ന കുറുപ്പാൾ ഒന്തവും ഓർമ്മയായി. എ ബി വാജ്പേയ് പ്രധാനമന്ത്രിയായിരുന്ന കാലത്തായിരുന്നു ദേശീയപാത വികസനം രണ്ടാമതായി ആരംഭിച്ചത്. ചോറോട് റെയിൽവേ ഓവർ ബ്രിഡ്ജിന് സമാനമായുള്ള റോഡ് നിർമ്മാണത്തിന് ഇടയിലായിരുന്നു കുറുപ്പാളൊന്തത്തിന്റെ പ്രധാന ഭാഗങ്ങൾ ഇല്ലാതായത്.

## Article Content

**മുട്ടുങ്ങൽ: ** ദേശീയ പാതയിൽ ത്വരിതഗതിയിലാണ് വികസന പ്രവർത്തനങ്ങൾ നടന്നു വരുന്നത്. പ്രസിദ്ധമായ മുട്ടുങ്ങൽ കെഎസ്ഇബി ഓഫീസ് ഇപ്പോഴില്ല. മാത്രവുമല്ല കെഎസ്ഇബി ഓഫീസ് സ്ഥിതി ചെയ്തിരുന്ന കുറുപ്പാൾ ഒന്തവും ഓർമ്മയായി. എ ബി വാജ്പേയ് പ്രധാനമന്ത്രിയായിരുന്ന കാലത്തായിരുന്നു ദേശീയപാത വികസനം രണ്ടാമതായി ആരംഭിച്ചത്. ചോറോട് റെയിൽവേ ഓവർ ബ്രിഡ്ജിന് സമാനമായുള്ള റോഡ് നിർമ്മാണത്തിന് ഇടയിലായിരുന്നു കുറുപ്പാളൊന്തത്തിന്റെ പ്രധാന ഭാഗങ്ങൾ ഇല്ലാതായത്.

ബി.ഒ.ടി അടിസ്ഥാനത്തിൽ ഡോ: എം കെ മുനീർ പൊതുമരാമത്ത് വകുപ്പ് കൈകാര്യം ചെയ്തിരുന്ന കാലത്താണ് ചോറോട് റെയിൽവേ ഓവർ ബ്രിഡ്ജ് ജനങ്ങൾക്കായി തുറന്നു കൊടുത്തത്. അന്ന് രണ്ടു വരി പാത കൂടാതെ ഭാവിയിലുള്ള വികസനത്തിന് വേണ്ടിയുള്ള കരുതലും അന്നത്തെ കേന്ദ്ര-കേരള സർക്കാരുകൾ ചെയ്തിരുന്നു. 20 വർഷങ്ങൾക്കിപ്പുറം ദേശീയപാത ആറു വരി പാത ആകണമെന്ന ഒരു നിഗമനത്തിൽ എത്തുകയായിരുന്നു.

കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്കരിയും, മുഖ്യമന്ത്രി പിണറായി വിജയനും തത്വത്തിൽ ഇതിന് അംഗീകാരം നൽകുകയായിരുന്നു. അതുകൊണ്ടാണ് കേരളം ഇതുവരെ കാണാത്ത രീതിയിലുള്ള വലിയ റോഡ് വികസനം നാട്ടിൽ നടന്നുകൊണ്ടിരിക്കുന്നത്. വടകരയിലെ ദേശീയപാത വികസനത്തിനോടനുബന്ധിച്ച് ഏറ്റവും സുപ്രധാനമായ കെഎസ്ഇബി ഓഫീസ് ആയിരുന്നു മുട്ടുങ്ങൽ ഓഫീസ്. അതാണ് ഇപ്പോൾ ഓർമ്മയായത്.

വടകരയിലെ ദേശീയപാതകൾക്കിരുവശവും നിരവധി ബിൽഡിങ്ങുകൾ പൊളിച്ചുമാറ്റിയതായി കാണാം. കുറുപ്പാൾ ഒന്തം ബസ്റ്റോപ്പ് ഉണ്ടെങ്കിലും വളരെ ബുദ്ധിമുട്ടിയാണ് സ്ത്രീകൾ ഉൾപ്പെടെയുള്ളവർ അവിടെ നിൽക്കുന്നത്. ദേശീയപാത വികസനം നടക്കുന്നതിനിടെ ബസ്റ്റോപ്പിന്റെ സ്ഥലം നഷ്ടപ്പെട്ടിരുന്നു. കനത്ത ചൂടും നിൽക്കാനുള്ള സ്ഥലവും ഇല്ലാത്തതിനാലാണ് പലരും കഷ്ടപ്പെടുന്നത്. ചോറോട് പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ കുടിവെള്ളക്ഷാമവും രൂക്ഷമാണ്.

ദേശീയപാത വികസനം നടക്കുന്നതിനാൽ പല കുടിവെള്ള പൈപ്പുകളും നിർത്തിവച്ചിരിക്കുകയാണ്. ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ കഴിഞ്ഞയാഴ്ച ഇത് സംബന്ധിച്ച് വടകരയിൽ വാർത്താസമ്മേളനം വിളിച്ചു കൂട്ടിയിരുന്നു. എല്ലാത്തിനും പരിഹാരം വഗാഡ് കമ്പനിയുടെ നേതൃത്വത്തിലുള്ള ദേശീയപാത പണി എത്രയും പെട്ടെന്ന് പൂർത്തിയാക്കുക എന്നുള്ളതാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/91631/national-highway-development-kseb-office-and-kurupal-only)