---
title: "വടകര നഗരസഭ; ഇടപെടലിന്റെ പുതു ചരിത്രം രചിച്ചു "
english_title: "The Vadakara Municipal Corporation has made massive interventions for the development of the National Highway"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/91662/the-vadakara-municipal-corporation-has-made-massive-interventions-for-the-development-of-the-national-highway"
published_at: "2023-01-21T20:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cbfef6c008b_VADAKARA_F_COR.jpg"
keywords: []
---

# വടകര നഗരസഭ; ഇടപെടലിന്റെ പുതു ചരിത്രം രചിച്ചു 

> **Lead Summary:** **വടകര:** ദേശീയപാത വികസനത്തിനു വേണ്ടി വമ്പിച്ച ഇടപെടലുകളാണ് വടകര നഗരസഭ നടത്തിയത്.2020 ഡിസംബർ 28നാണ് പുതിയ കൗൺസിൽ അധികാരമേറ്റത്. അധികാരമേറ്റ് 5 മാസത്തിനുശേഷമാണ് ദേശീയപാതയുമായി ബന്ധപ്പെട്ട DPR കൗൺസിലിന്റെ മുമ്പാകെ വരുന്നത്. DPR വിശദമായി പഠിക്കുകയും വടകര നഗരത്തിനുണ്ടാകാവുന്ന വിവിധ പ്രയാസങ്ങൾ മനസ്സിലാക്കുകയും ചെയ്തു.

## Article Content

**വടകര:** ദേശീയപാത വികസനത്തിനു വേണ്ടി വമ്പിച്ച ഇടപെടലുകളാണ് വടകര നഗരസഭ നടത്തിയത്.2020 ഡിസംബർ 28നാണ് പുതിയ കൗൺസിൽ അധികാരമേറ്റത്. അധികാരമേറ്റ് 5 മാസത്തിനുശേഷമാണ് ദേശീയപാതയുമായി ബന്ധപ്പെട്ട DPR കൗൺസിലിന്റെ മുമ്പാകെ വരുന്നത്. DPR വിശദമായി പഠിക്കുകയും വടകര നഗരത്തിനുണ്ടാകാവുന്ന വിവിധ പ്രയാസങ്ങൾ മനസ്സിലാക്കുകയും ചെയ്തു.

22.5.21ന് നാഷണൽ ഹൈവേ എൻജിനീയർ ഗോപകുമാറിന്റെ നേതൃത്വത്തിൽ നഗരസഭ എൻജിനീയർമാർ, ചെയർമാൻ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, വൈസ് ചെയർമാൻ എന്നിവർ പെരുവാട്ടിൻ താഴെ മുതൽ മൂരാട് പാലം വരെ ഫീൽഡ് സ്റ്റഡി നടത്തുകയും ഓരോ പ്രദേശത്തും വരാവുന്ന ബുദ്ധിമുട്ടുകൾ മനസ്സിലാക്കി ബദൽ നിർദ്ദേശങ്ങൾ തയ്യാറാക്കുകയും ചെയ്തു.

കണ്ടെത്തിയ പ്രധാന ന്യൂനതകൾ പെരുവാട്ടിൻ താഴെ മുതൽ കരിമ്പന പാലം വരെ ഫ്ലൈ ഓവർ, രണ്ട് അണ്ടർ പാസുകളും മാത്രമേ ഉള്ളൂ. വടകര പട്ടണത്തിന്റെ ഭൂരിഭാഗം സ്ഥലവും മണ്ണിട്ട് ഉയർത്തി രണ്ട് ഭാഗങ്ങളായി മാറും. മാത്രമല്ല പ്രധാനപ്പെട്ട പല ഭാഗങ്ങളിലും ക്രോസിംഗ് പോലുമില്ല. ഇത് മനസ്സിലാക്കി പെരുവാട്ടിൻ താഴെ ( ചെയിനേജ് 199 +100 മുതൽ ) കരിമ്പന പാലം വരെ ( ചെയിനേജ് 201+ 700 ) വരെ 2.40km വയഡക്ട് ടൈപ്പ് പാലം വേണമെന്ന നിർദ്ദേശം മുന്നോട്ടുവച്ചു.

ഈ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ 31.5.2021ന് നഗരസഭ കൗൺസിൽ യോഗത്തിൽ ചെയർപേഴ്സൺ ഒരു പ്രമേയം അവതരിപ്പിക്കുകയും പ്രതിപക്ഷ നേതാവ് അസീസ് മാസ്റ്റർ പിന്താങ്ങുകയും ചെയ്തു. ഐകകണ്ഠ്യേന അംഗീകരിച്ച പ്രമേയം മുഖ്യമന്ത്രി, പൊതുമരാമത്ത് മന്ത്രി, കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി, കേന്ദ്ര ഉപരിതല ഗതാഗത സെക്രട്ടറി എന്നിവർക്ക് ഇ - മെയിൽ വഴി അയച്ചുകൊടുക്കുകയും ചെയ്തു.

മാത്രവുമല്ല ബിജെപി നേതാവും കേന്ദ്ര ഉപരിതല ഗതാഗത കമ്മിറ്റി അംഗവുമായ പി കെ കൃഷ്ണദാസിനെ വീട്ടിൽ പോയി കാണുകയും കേന്ദ്ര മന്ത്രിക്കുള്ള നിവേദനം നേരിട്ട് നൽകുകയും ചെയ്തു. പിറ്റേദിവസം തന്നെ സർവ്വകക്ഷി യോഗം ചേരുകയും ആവശ്യമായി വന്നാൽ നിവേദക സംഘം ഡൽഹിയിൽ പോകാനും തീരുമാനിച്ചു.

തുടർന്ന് 24.3.2022ന് നാഷണൽ ഹൈവേ കേരള സംസ്ഥാനത്തിന്റെ ചുമതല വഹിക്കുന്ന റീജണൽ ഓഫീസർ .ഡി.എൽ.മീണയെ തിരുവനന്തപുരം ഓഫീസിൽ ചെയർമാന്റെ നേതൃത്വത്തിലുള്ള സംഘം കാണുകയും നമ്മുടെ ആവശ്യങ്ങൾ സമർപ്പിക്കുകയും ചെയ്തു. അദ്ദേഹം നമ്മുടെ ആവശ്യങ്ങൾ ബോധ്യപ്പെടുകയും ആയത് കേന്ദ്ര സെക്രട്ടറിയേറ്റിലേക്കും കരാറുകാരായ അദാനി ഗ്രൂപ്പിനും റെക്കമെന്‍റ് ചെയ്യുകയും ചെയ്തു.

ഇതിന്‍റെ അടിസ്ഥാനത്തിൽ 2022 ഏപ്രിൽ 20ന് കേന്ദ്ര ഉപരിതല സെക്രട്ടറി അർമാനി ഗിരിധറിന്‍റെ അപ്പോയിൻമെന്‍റ് ലഭിക്കുകയും ചെയർമാന്‍റെ നേതൃത്വത്തിലുള്ള നാലംഗസംഘം ഡൽഹിയിൽ പോവുകയും ചെയ്തു. 45 മിനിറ്റ് നീണ്ട പ്രസന്‍റേഷനിൽ വടകര നഗര പരിധിയിൽ ഫ്ലൈഓവറും കരിമ്പനപ്പാലം മുതൽ പുതുപ്പണം വരെയുള്ള പ്രധാനപ്പെട്ട ഭാഗങ്ങളിൽ (ആയുർവേദ ആശുപത്രി, ജെ.എൻ.എം. ഹൈസ്ക്കൂൾ, എസ്.പി ഓഫീസ്) അണ്ടർപാസോ ഫൂട്ട്ഓവർ ബ്രിഡ്ജോ വേണമെന്ന കാര്യം പ്രധാനമായും ചർച്ച ചെയ്യപ്പെട്ടു.

കാര്യങ്ങൾ ബോധ്യപ്പെട്ട അദ്ദേഹം ആവശ്യമായ നടപടി ഉണ്ടാവും എന്ന് ഉറപ്പുനൽകി. ഇതിന്‍റെ തുടർച്ച എന്ന നിലയിൽ 900 മീറ്റർ എലിവേറ്റഡ് ഹൈവേ പാസായി കൊണ്ടുള്ള ഉത്തരവ് 23.6. 2002 ന് നഗരസഭയ്ക്ക് ലഭിച്ചു. നിലവിലുള്ള DPRൽ പരാമർശിച്ച ഫ്ലൈ ഓവറുകൾക്ക് പുറമെയാണ് ഇത്. പ്രവർത്തി ആരംഭിക്കുന്ന മുറയ്ക്ക് അദാനി ഗ്രൂപ്പുമായും നാഷണൽ ഹൈവേ എൻജിനീയറിങ് വിഭാഗമായും ആവശ്യമായ കൂടിയാലോചന നടത്തി പരിഹാരം കാണാവുന്നതാണെന്ന ധാരണയും ഉണ്ടായി.

ഇതിന്റെ ഭാഗമായി രണ്ടുതവണ ചെയർമാന്റെ നേതൃത്വത്തിൽ ചർച്ച നടന്നു. കൂടാതെ ഏറ്റവും ഒടുവിൽ നാഷണൽ ഹൈവേ എൻജിനീയർ രാജ്പാൽ, അദാനി ഗ്രൂപ്പ്, വാഗാഡ് ഗ്രൂപ്പ്‌ പ്രതിനിധികൾ, നഗരസഭ എൻജിനീയറിങ് വിഭാഗം,ചെയർമാൻ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എന്നിവർ പ്രവർത്തി നടക്കുന്ന അടക്കാതെരു മുതൽ പുതുപ്പണം വരെ സന്ദർശനം നടത്തി. ഡ്രെയിനേജ്, ക്രോസിംഗ്, പെഡസ്ട്രിയർ പ്രശ്നം എന്നിവയ്ക്ക് പരിഹാരം നിർദ്ദേശിക്കുകയും ആവശ്യമായ ഉറപ്പ് ലഭിക്കുകയും ചെയ്തിട്ടുണ്ട്.

എവിടെയെങ്കിലും ആരെങ്കിലും ഇടപെട്ട് നേട്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അതിന്റെയെല്ലാം അവകാശവാദം ഉന്നയിക്കാൻ നഗരസഭ തയ്യാറല്ല. നഗരസഭ ഇടപെടലിന്റെ ഭാഗമായി ഉണ്ടായ നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കാൻ ആരെങ്കിലും ഫ്ലക്സുകളോ ബോർഡുകളോ വച്ചിട്ടുണ്ടെങ്കിൽ അതെല്ലാം സ്വാഭാവികം മാത്രം. ഇടപെടേണ്ട സ്ഥലങ്ങളിൽ യഥാസമയത്ത് തുടർന്നും ഇടപെട്ടു ജനങ്ങൾക്കൊപ്പം നിൽക്കാൻ നഗരസഭ ഉണ്ടാവും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/91662/the-vadakara-municipal-corporation-has-made-massive-interventions-for-the-development-of-the-national-highway)