വടകര: പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ട്രാഫിക് സിഗ്നലുകൾ മികച്ച പങ്കാണ് വഹിക്കുന്നത്. കാൽനട യാത്രക്കാർക്ക് നടന്നുപോകാനുള്ള സൗകര്യം, വാഹനങ്ങൾ പരസ്പരം കൂട്ടിമുട്ടാതെയുള്ള ശാസ്ത്രീയ പരമായ സംവിധാനം. ഇതൊക്കെയാണ് ട്രാഫിക് സിഗ്നലിനെ കൊണ്ട് ഉദ്ദേശിക്കുന്നത്.ചുരുങ്ങിയത് 20 മുതൽ 40 സെക്കൻഡ് വരെയാണ് ഓരോ വാഹനവും ട്രാഫിക് സിഗ്നലിനെ കാത്തു കഴിയുന്നത്. എപ്പോഴാണോ തന്റെ ഊഴം വരുന്നത് എന്നും കാത്താണ് ഓരോ ഡ്രൈവർമാരുടെയും നിൽപ്പ്.
അടുത്തകാലത്തായി കോഴിക്കോട് ജില്ലയിലെ നിരവധി സിഗ്നലുകളിലെ നിത്യകാഴ്ചയാണ് നാടോടി സംഘങ്ങൾ. കൈകുഞ്ഞുമായും മക്കളുമായും വരുന്ന ഇവർ മറ്റുള്ളവരെ ആകർഷിക്കുവാൻ പല കാര്യങ്ങളും ചെയ്തു വരുന്നു. കോഴിക്കോട് നഗരത്തിലെ പ്രധാന സിഗ്നലുകൾ, തൊണ്ടയാട് ബൈപ്പാസ് ഉൾപ്പെടെ ഇവരുടെ സാന്നിധ്യം കാണാൻ സാധിക്കും.ഇക്കാര്യത്തിൽ സ്ത്രീകളാണ് മുൻപന്തിയിൽ.
രാവിലെ ചില വാഹനങ്ങളിൽ ഇവരെ ഇറക്കിവിട്ട് വൈകിട്ട് തിരിച്ചുകൊണ്ടുപോകുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇതിന്റെ പിന്നിൽ വൻ റാക്കറ്റ് ഉണ്ടോ എന്ന സംശയവും നിലനിൽക്കുന്നു. യാചനക്ക് പുറമേ ചുരുങ്ങിയ സമയം കൊണ്ട് വാഹനം ക്ലീൻ ചെയ്തു കൊടുക്കുകയും ചെയ്യുന്നു. ഇതിനായി വൈപ്പറും സ്പ്രേയും സദാ കയ്യിൽ കാണും. സെക്കൻഡുകൾക്കുള്ളിൽ ക്ലീൻ ചെയ്യുവാൻ വേണ്ടി ഇവർ പുറപ്പെടുമ്പോൾ ഞൊടിയിടയിൽ സിഗ്നൽ ലൈറ്റ് ഓൺ ആവുന്നത് പലരും ശ്രദ്ധിക്കില്ല.
തൻമൂലം വാഹന ഡ്രൈവർമാർ തമ്മിലുള്ള വാക്കേറ്റം നിത്യ കാഴ്ചയാണ്. പലപ്പോഴും സ്ത്രീകൾ ആയതുകൊണ്ട് തന്നെ ട്രാഫിക് പോലീസിന് ഇടപെടാൻ പരിമിതിയുമുണ്ട്. കോഴിക്കോട് നഗരത്തിൽ കഴിഞ്ഞ ദിവസം കാർ വൃത്തിയാക്കാൻ വേണ്ടി സ്പ്രേ അടിക്കുന്നതിനിടെ അടുത്തുള്ള ബൈക്ക് യാത്രികന്റെ മുഖത്ത് സ്പ്രേ തെറിച്ചത് ചോദ്യം ചെയ്യുകയുണ്ടായി.
പക്ഷേ, നാടോടി സ്ത്രീ ആയതുകൊണ്ട് പരാതിയുമായ മുന്നോട്ടുപോകാൻ അദ്ദേഹം തയ്യാറായില്ല. അടുത്ത കാലത്തായി അന്യസംസ്ഥാനങ്ങളിൽ നിന്നും യാചക ഭിക്ഷാടക സംഘങ്ങൾ നാട്ടിൽ പെരുകിയിരിക്കുകയാണ്. വടകരയിലെ സിഗ്നലുകളിൽ നേരത്തെ ക്ലീൻ ചെയ്യാൻ വേണ്ടി നാടോടി സംഘങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ യാചനയാണ് ചെയ്യുന്നത്. തിരക്കേറിയ ട്രാഫിക് സിഗ്നലുകളെങ്കിലും ഇത്തരത്തിലുള്ള പ്രവർത്തിയെ തടയാൻ അധികൃതരുടെ ഭാഗത്തുനിന്ന് ശക്തമായ തീരുമാനം ഉണ്ടാവണമെന്നാവശ്യപ്പെടുകയാണ് നാട്ടുകാർ.
This trend should be stopped; Nomad gang disobeys traffic signals