വടകര: പൊതു വിദ്യാലയങ്ങളുടെ മഹത്വം ഒന്നു കൂടി വിളിച്ചോതി മുഹമ്മദ് സജീർ കേംബ്രിഡ്ജ് സർവകലാശാലയിലേക്ക്. മണിയൂരിലെ പൊതു വിദ്യാലയമായ മുതുവന യു.പി സ്കൂൾ പൂർവ്വ വിദ്യാർത്ഥിയാണ് സജീർ . ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും ഉന്നത വിദ്യാഭ്യസ സ്ഥാപനങ്ങളിലൊന്നായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ (ബാംഗ്ലൂർ) പി എച്ച് ഡി ചെയ്ത് കൊണ്ടിരിക്കുകയാണ്.
മണിയൂർ എളമ്പിലാട് സ്വദേശിയായ മുഹമ്മദ് സജീറിനെ ഇംഗ്ലണ്ടിലെ ലോക പ്രശസ്ഥമായ കേംബ്രിഡ്ജ് യൂനിവേഴ്‌സിറ്റിയിലേക്ക് യു.കെ -ഇന്ത്യ വിദ്യാർത്ഥി കൈമാറ്റ പദ്ധ തിയിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നു.അതോടൊപ്പം കോമൺവെൽത്ത് കമ്മീഷൻ്റെ ഫെല്ലോഷിപ്പോടെ മാഞ്ചസ്റ്റർ യൂനിവേഴ്സിറ്റിയിൽ നിലവിലുള്ള പി എച്ച് ഡി ടോപ്പിക്കിൽ ഗവേഷണം തുടരാനുള്ള അവസരവും ലഭിച്ചിരിക്കുകയാണ്.
സ്വപ്ന തുല്യമായ നേട്ടങ്ങളാണ് സജീർ കൈവരിച്ചുകൊണ്ടിരിക്കുന്നത്. ബ്രിട്ടീഷ് കൗൺസിൽ സ്പോൺസർ ചെയ്യുന്ന പ്രസ്തുത പരിപാടിയുടെ ഭാഗമായി 'ഇൻ്റലക്ച്വൽ പ്രോപ്പർട്ടി ഏൻ്റ് സസ്റ്റൈനിബിലിറ്റി , എന്ന വിഷയത്തിൽ ഒരു പൈലറ്റ് കോഴ്സും നടക്കുകയാണ്. ബെംഗളുരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ വെച്ചും കംബ്രിഡ്ജ് യൂനിവേഴ്സിറ്റിയിൽ വെച്ചുമാണ് പ്രസ്തുത കോഴ്സ് നടക്കുന്നത്.
മണിയുർ എളമ്പിലാട് പറമ്പത്ത് മജീദിൻ്റെയും സക്കീനയും മകനായ മുഹമ്മദ് സജീർ എളമ്പിലാട് എം.എൽ.പി, മുതുവന യു.പി., ജി.എച്ച് എസ് എസ് മണിയൂർ, ജി വി എച്ച് എസ് മേപ്പയൂർ എന്നിവിടങ്ങളിൽ നിന്നും പ്രാഥമിക,ഹൈസ്കൂൾ, ഹയർ സെക്കന്ററി വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഫാറൂഖ് കോളേജിൽ നിന്ന് ഫിസിക്സിൽ ബിരുദവും പോണ്ടിച്ചേരി യൂനിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി.
ഒരു കൊച്ചുഗ്രാമത്തിലെ സാധാരണക്കാരൻ്റെ മകനായി ജനിച്ച് നാട്ടിൻ പുറത്തെ സ്കൂളിൽ പഠിച്ചും കളിച്ചും വളർന്ന്, ഇന്ത്യയിലെ പ്രീമിയർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഡ്മിഷൻ ലഭിക്കുന്നതിനു വേണ്ടി താൻ ആർജിച്ചെടുത്ത അറിവുകൾ മറ്റ് വിദ്യാർത്ഥികൾക്കായി പകർന്ന് നൽകാൻ സദാ തയ്യാറാകുന്ന സജീർ പ്രചോദനാത്മകമായ വിദ്യാർത്ഥി ജീവിതത്തിനു ഉത്തമ മാതൃകയുമാണ്. ഈയൊരു അഭിമാന നിമിഷത്തിൽ ആഹ്ലാദിക്കുകയാണ് മണിയൂർ ഗ്രാമം ഒന്നാകെ.
to Cambridge; The greatness of public schools is a model of the country