---
title: "കുഞ്ഞുങ്ങളും അമ്മയും; ശുനകന്മാർക്കിത് നല്ലകാലം "
english_title: "It is a good time for dogs"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/92589/it-is-a-good-time-for-dogs"
published_at: "2023-01-26T19:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d281380969e_DOG_F.jpg"
keywords: []
---

# കുഞ്ഞുങ്ങളും അമ്മയും; ശുനകന്മാർക്കിത് നല്ലകാലം 

> **Lead Summary:** **വടകര: **ജീവിതത്തിന്റെ വസന്തകാലമായിട്ടാണ് പലരും കുട്ടിക്കാലത്തെ ഓർക്കുന്നത്. മനുഷ്യരെന്ന പോലെ മിണ്ടാപ്രാണികൾക്കും അവരുടെ കുട്ടിക്കാലം വസന്തകാലം തന്നെ. വടകര എടോടിയിൽ നിന്നും പാർക്ക് റോഡിലെ റിജൻസി കോംപ്ലക്സിന് മുൻവശത്തായി തള്ളയായ നായും, കൂടെ നാല് കുട്ടികളും സദാസമയവും ജനങ്ങളെ വീക്ഷിക്കുകയാണ്.

## Article Content

**വടകര: **ജീവിതത്തിന്റെ വസന്തകാലമായിട്ടാണ് പലരും കുട്ടിക്കാലത്തെ ഓർക്കുന്നത്. മനുഷ്യരെന്ന പോലെ മിണ്ടാപ്രാണികൾക്കും അവരുടെ കുട്ടിക്കാലം വസന്തകാലം തന്നെ. വടകര എടോടിയിൽ നിന്നും പാർക്ക് റോഡിലെ റിജൻസി കോംപ്ലക്സിന് മുൻവശത്തായി തള്ളയായ നായും, കൂടെ നാല് കുട്ടികളും സദാസമയവും ജനങ്ങളെ വീക്ഷിക്കുകയാണ്.

സാധാരണയുള്ള തെരുവ് നായ്ക്കളെ അപേക്ഷിച്ച് വളരെ ശാന്ത സ്വഭാവക്കാരാണിവർ. സദാ സമയത്തും അമ്മയോടൊന്നിച്ചിട്ടാണ് ഇവർ കഴിയുന്നത്. ഒട്ടിയ വയറുമായി പാർക്കിംഗ് ഭാഗത്ത് കാവൽക്കാരായാണ് ഇവരുടെ കിടപ്പ്. ആരെയും ആക്രമിക്കില്ലെങ്കിലും ശ്വാനൻമാരുടെ കുസൃതിക്ക് കുറവൊന്നുമില്ല. സമീപത്തെ കടയുടെ മുൻവശം ചെരിപ്പ് അഴിച്ചുവെച്ചവരുടെ ചെരിപ്പ് എടുത്തുകൊണ്ടുപോകുക. വാഹനത്തിന്റെ അടിയിൽ കിടക്കുക, ഇതൊക്കെയാണ് ഹോബി.

ദിവസങ്ങൾക്കു മുമ്പ് കടയുടമയുടെ വിലകൂടിയ ചെരുപ്പ് എടുത്തുകൊണ്ടു പോയതായി ജീവനക്കാരൻ പറഞ്ഞു. തെരുവു പട്ടികളെ ഏറെ ഇഷ്ടപ്പെടുന്ന വടകരയിലെ പൊതുപ്രവർത്തകൻ നാസർ ചില സമയങ്ങളിൽ റീജൻസി ബിൽഡിങ്ങിന്റെ മുകളിലാണ് ഉറങ്ങാറ്. ആ സമയം നാസറിന് കാവലായി ഒരു തെരുവ് നായ കൂടെ ഉണ്ടാകും. മാസങ്ങളായി തള്ളയും മക്കളും ഇവിടെ തന്നെയാണ് കൂട്ടം കൂടി ഇരിക്കുന്നതും താമസിക്കുന്നതുമെന്ന് ഫോട്ടോ പ്രിന്റിംഗ് കടയിലെ രാജേഷ് പറഞ്ഞു.

ചിലർ ബിൽഡിങ്ങിന്റെ മുകൾ ഭാഗത്തേക്ക് ചവിട്ടുപടിയിൽ കയറി പോകുമ്പോൾ കൂടെ സംരക്ഷകരായി ശ്വാനൻമാരും പോകും. അപരിചിതരായവർക്ക് ചെറിയ പണി കൊടുക്കാം എന്ന ഉദ്ദേശത്തോടുകൂടിയാണ് കൂടിയാണിത്. അന്തരീക്ഷ താപനില മനുഷ്യരിൽ എന്നപോലെ മൃഗങ്ങളെയും ബാധിച്ചിട്ടുണ്ട് എന്നതിന്റെ ഉത്തമ ഉദാഹരണം കൂടി ഇവിടെ നമുക്ക് കാണാം. പുറം കാലാവസ്ഥയിലെ അസഹനീയമായ ചൂട് സഹിക്കവയ്യാതെ അമ്മയും കുട്ടികളും സമീപത്തെ കടയുടെ മുൻവശത്തെ ടൈലിനു മുകളിൽ ഇരിക്കുന്നത് കാണാം.

ടൈലുകളുടെ സ്വാഭാവിക തണുപ്പിനു പുറമേ ഫാൻ, എസി, കൂളർ മുതലായവയുടെ തണുപ്പ് ലഭിക്കാൻ കൂടി വേണ്ടിയാണിത്. വളരെ കുറഞ്ഞ ആയുസ്സ് മാത്രമേ ഇത്തരത്തിലുള്ള തെരുവുനായകൾക്കുള്ളൂ. പലർക്കും വാഹനത്തിന്റെ അടിയിൽപ്പെട്ട് ദാരുണന്ത്യം സംഭവിക്കുന്നു എന്നും കടയുടമകൾ അഭിപ്രായപ്പെട്ടു. തെരുവ് നായകളുടെ കാര്യത്തിൽ ഉചിതമായ തീരുമാനം സർക്കാരിന്റെയും ബന്ധപ്പെട്ട മൃഗസംരക്ഷണ വകുപ്പ് അധികൃതരുടെയും ഭാഗത്തുനിന്നും ഉണ്ടാകണമെന്നാണ് വ്യാപാരികളുടെ അഭിപ്രായം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/92589/it-is-a-good-time-for-dogs)