---
title: "ഓർക്കാട്ടേരി ചന്ത; ആദ്യ ദിവസം തന്നെ തിരക്കേറി "
english_title: "Orchatyri Market; It was crowded on the first day itself"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/92759/orchatyri-market-it-was-crowded-on-the-first-day-itself"
published_at: "2023-01-27T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d3a02028e08_chantha_f.jpg"
keywords: []
---

# ഓർക്കാട്ടേരി ചന്ത; ആദ്യ ദിവസം തന്നെ തിരക്കേറി 

> **Lead Summary:** **ഓർക്കാട്ടേരി:** ബ്രിട്ടീഷുകാർ രാജ്യം ഭരിച്ചിരുന്ന കാലത്തെ പുരാതനമായ ചന്തയാണ് ഓർക്കാട്ടേരി. 1938ൽ ഇന്ത്യയിലെ 36മത്തെ ചന്തയായാണ് ഓർക്കാട്ടേരി ചന്തക്ക് അന്നത്തെ മലബാർ ജില്ലാ കലക്ടർ അനുമതി നൽകിയത്. ആദ്യകാലത്ത് സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളുമായിരുന്നു ചന്ത നടത്തിയിരുന്നത്.

## Article Content

**ഓർക്കാട്ടേരി:** ബ്രിട്ടീഷുകാർ രാജ്യം ഭരിച്ചിരുന്ന കാലത്തെ പുരാതനമായ ചന്തയാണ് ഓർക്കാട്ടേരി. 1938ൽ ഇന്ത്യയിലെ 36മത്തെ ചന്തയായാണ് ഓർക്കാട്ടേരി ചന്തക്ക് അന്നത്തെ മലബാർ ജില്ലാ കലക്ടർ അനുമതി നൽകിയത്. ആദ്യകാലത്ത് സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളുമായിരുന്നു ചന്ത നടത്തിയിരുന്നത്.

പിന്നീട് ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായ പി കെ.കെ നമ്പ്യാർ അധികാരമേറ്റതിനു ശേഷമാണ് ചന്ത ഗ്രാമപഞ്ചായത്തും വ്യാപാരി സന്നദ്ധ സംഘടനകളും ചേർന്ന് ഏറ്റെടുക്കുവാൻ തുടങ്ങിയത്. ജനകീയ പങ്കാളിത്തത്തോടെ നടക്കുന്ന ഈ ചന്തക്ക് പെരുമകൾ ഏറെയാണ്.

മതമൈത്രിയുടെ ഒരു കടത്തനാടൻ മാതൃക തന്നെ ഇതിൽ കൂടെ നമുക്ക് കാണുവാൻ സാധിക്കും. ഭഗവതിക്ക് ചാർത്താനുള്ള കാച്ചിമുണ്ട് പുരാതനമായ മുസ്ലിം തറവാട്ടിൽ നിന്നാണ് വർഷങ്ങളായി നൽകി പോരുന്നത്.അതിനുശേഷമാണ് ചന്ത തുടങ്ങുന്നത്. ആദ്യ ദിവസമായ ഇന്നലെ പതിവുപോലെതന്നെ ജന നിബിടമായിരുന്നു.

പ്രശസ്തമായ ഹൽവയും പൊരിയും ഓർക്കാട്ടേരി ചന്തയുടെ ഒരു ഭാഗമാണ്. ഇന്നലെ മുതൽ തന്നെ വിവിധ ഹലുവ, പൊരി സ്റ്റാളുകൾ സജീവമായിരുന്നു. രാജസ്ഥാനി നാടോടി സംഘങ്ങളുടെ ബലൂൺ വില്പനയും സജീവമായിരുന്നു.ഏതെടുത്താലും 10 മുതൽ 30 രൂപ വരെയുള്ള ഫാൻസി ഐറ്റംസ്, വിവിധ വർണ്ണത്തിലുള്ള ഭരണികൾ, കുട്ടികളുടെ കളിപ്പാട്ടങ്ങൾ തുടങ്ങിയ കൊണ്ട് സമ്പന്നമായിരുന്നു സ്റ്റാളുകൾ.

കുട്ടികളുടെ പ്രധാന വിനോദ മേഖലയായ തോണിതൊട്ടിൽ ആകാശത്തോട്ടിൽ, ഫാന്റസി റൈഡുകൾ മുതലായവയുടെ ജോലികൾ പൂർത്തിയാകുന്നതേയുള്ളൂ. കോവിഡ് സൃഷ്ടിച്ച രണ്ടുവർഷത്തെ ഇടവേളക്ക് ശേഷമുള്ള ആദ്യത്തെ ചന്ത എന്ന നിലയിൽ റെക്കോർഡ് ഭേദിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/92759/orchatyri-market-it-was-crowded-on-the-first-day-itself)