---
title: "ഓർക്കാട്ടേരി ചന്ത; ജന ബാഹുല്യത്താൽ രണ്ടാം ദിവസവും "
english_title: "Orchatyri Market; 2nd day due to crowd"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/92946/orchatyri-market-2nd-day-due-to-crowd"
published_at: "2023-01-28T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d4c6a044f99_CHANTHA_2.jpg"
keywords: []
---

# ഓർക്കാട്ടേരി ചന്ത; ജന ബാഹുല്യത്താൽ രണ്ടാം ദിവസവും 

> **Lead Summary:** **ഓർക്കാട്ടേരി:** ബ്രിട്ടീഷുകാർ രാജ്യം ഭരിച്ചിരുന്ന കാലത്തെ പുരാതനമായ ചന്തയാണ് ഓർക്കാട്ടേരി ചന്ത. 1938ൽ ഇന്ത്യയിലെ 36മത്തെ ചന്തയായാണ് ഓർക്കാട്ടേരി ചന്തക്ക് അന്നത്തെ മലബാർ ജില്ലാ കലക്ടർ ടി ബി റസ്സൽ അനുമതി നൽകിയത്. ആദ്യകാലത്ത് സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളുമായിരുന്നു ചന്ത നടത്തിയിരുന്നത്. പിന്നീട് ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായ പി കെ.കെ നമ്പ്യാർ അധികാരമേറ്റതിനു ശേഷമാണ് ചന്ത ഗ്രാമപഞ്ചായത്തും വ്യാപാരി സന്നദ്ധ സംഘടനകളും ചേർന്ന് ഏറ്റെടുക്കുവാൻ തുടങ്ങിയത്.

## Article Content

**ഓർക്കാട്ടേരി:** ബ്രിട്ടീഷുകാർ രാജ്യം ഭരിച്ചിരുന്ന കാലത്തെ പുരാതനമായ ചന്തയാണ് ഓർക്കാട്ടേരി ചന്ത. 1938ൽ ഇന്ത്യയിലെ 36മത്തെ ചന്തയായാണ് ഓർക്കാട്ടേരി ചന്തക്ക് അന്നത്തെ മലബാർ ജില്ലാ കലക്ടർ ടി ബി റസ്സൽ അനുമതി നൽകിയത്. ആദ്യകാലത്ത് സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളുമായിരുന്നു ചന്ത നടത്തിയിരുന്നത്. പിന്നീട് ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായ പി കെ.കെ നമ്പ്യാർ അധികാരമേറ്റതിനു ശേഷമാണ് ചന്ത ഗ്രാമപഞ്ചായത്തും വ്യാപാരി സന്നദ്ധ സംഘടനകളും ചേർന്ന് ഏറ്റെടുക്കുവാൻ തുടങ്ങിയത്.

ജനകീയ പങ്കാളിത്തത്തോടെ നടക്കുന്ന ഈ ചന്തക്ക് പെരുമകൾ ഏറെയാണ്. മതമൈത്രിയുടെ ഒരു കടത്തനാടൻ മാതൃക തന്നെ ഇതിൽ കൂടെ നമുക്ക് കാണുവാൻ സാധിക്കും. ഭഗവതിക്ക് ചാർത്താനുള്ള കാച്ചിമുണ്ട് പുരാതനമായ മുസ്ലിം തറവാട്ടിൽ നിന്നാണ് വർഷങ്ങളായി നൽകി പോരുന്നത്. അതിനുശേഷമാണ് ചന്ത തുടങ്ങുന്നത്. രണ്ടാം ദിവസമായ ഇന്നലെ പതിവുപോലെതന്നെ ജന നിബിഠമായിരുന്നു. പ്രശസ്തമായ ഹൽവയും പൊരിയും ഓർക്കാട്ടേരി ചന്തയുടെ ഒരു ഭാഗമാണ്. ആകെ 300 സ്റ്റാളുകളിൽ 100 കണക്കിന് സ്റ്റാളുകൾ വരെ വിവിധ ഹലുവ, പൊരി സ്റ്റാളുകളാണ് എന്നുള്ളത് പ്രത്യേകതയാണ്.

രാജസ്ഥാനി നാടോടി സംഘങ്ങളുടെ ബലൂൺ വില്പനയും സജീവമായിരുന്നു. ഏതെടുത്താലും 10 മുതൽ 30 രൂപ വരെയുള്ള ഫാൻസി ഐറ്റംസ്, വിവിധ വർണ്ണത്തിലുള്ള ഭരണികൾ, കുട്ടികളുടെ കളിപ്പാട്ടങ്ങൾ തുടങ്ങിയ കൊണ്ട് സമ്പന്നമായിരുന്നു സ്റ്റാളുകൾ. ലൗ ബേർഡ്സ് വളർത്തു ജന്തുക്കളായ പൂച്ച, തത്ത, വിവിധ വർണ്ണത്തിലുള്ള കോഴിക്കുഞ്ഞുങ്ങൾ താറാവ് കാട കോഴി എല്ലാം ഉണ്ട്. കോഴിക്കോട് ജില്ലാ കാർഷിക നഴ്സറിയുടെ വിവിധ കാർഷിക ഉത്പന്നങ്ങളും പ്രദർശനത്തിന്റെ ഭാഗമായിട്ടുണ്ട്. കുട്ടികളുടെ ഇഷ്ട വിനോദവും ഓർക്കാട്ടേരി ചന്തയുടെ മുഖമുദ്രയുമായ തോണിതൊട്ടിൽ ആകാശത്തോട്ടിൽ, ഫാന്റസി റൈഡുകൾ എല്ലാം ഇന്നലെ മുതൽ സജീവമായി.

മൂന്ന് ആകാശത്തൊട്ടിൽ ഉണ്ട് എന്നുള്ളത് ഇപ്രാവശ്യത്തെ ചന്തയുടെ പ്രത്യേകതയാണ്. എടച്ചേരി കളിയാംവെള്ളി പാലം മുതൽ കാർത്തികപ്പള്ളി എം.എം സ്കൂൾ റോഡ് വരെയുള്ള എല്ലാ റോഡുകളും വാഹനങ്ങളാൽ നിറഞ്ഞിരിക്കുകയാണ്. 20 രൂപക്ക് ബൈക്കും 40 രൂപക്ക് കാറും എന്നുള്ള രീതിയിൽ വിവിധ സ്ഥലങ്ങളിൽ വിശാലമായ പാർക്കിംഗ് സ്ഥലങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ എടച്ചേരി പോലീസിന്റെ നേതൃത്വത്തിൽ സുരക്ഷാ സംവിധാനങ്ങളുമുണ്ട്. അവധി ദിനം ആയതിനാൽ ഇന്നും നാളെയും ആൾക്കാർ വർദ്ധിക്കുവാനുള്ള സാധ്യതയുമുണ്ട്.കോവിഡ് സൃഷ്ടിച്ച രണ്ടുവർഷത്തെ ഇടവേളക്ക് ശേഷമുള്ള ആദ്യത്തെ ചന്ത എന്ന നിലയിൽ റെക്കോർഡ് ഭേദിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/92946/orchatyri-market-2nd-day-due-to-crowd)