---
title: "മണ്ഡരി രോഗം; പൂർണ്ണ പരിഹാരമാകാതെ ഇന്നും "
english_title: "Mandari disease; Still not fully resolved"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/93025/mandari-disease-still-not-fully-resolved"
published_at: "2023-01-28T17:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d50863acb29_MANDARI_2.jpg"
keywords: []
---

# മണ്ഡരി രോഗം; പൂർണ്ണ പരിഹാരമാകാതെ ഇന്നും 

> **Lead Summary:** **വടകര: **തെങ്ങിനെ ആക്രമിക്കുന്ന പ്രധാനകീടമാണ് മണ്ഡരി. കേരളത്തിലെ ഒരു അധിനിവേശ ഇനമാണ് മണ്ഡരി. ആർത്രോപോട ഫൈലത്തിലെ അരക്കിനിട എന്ന എട്ടുകാലുള്ള ജീവി വിഭാഗത്തിൽ പെട്ട മൈറ്റുകൾ ആണ് ഇവ. തെങ്ങിന്റെ കരിക്ക്, മച്ചിങ്ങ, ഇളം തേങ്ങ, തുടങ്ങിയവയുടെ പുറം ഭാഗങ്ങളിൽ കയറി നീരൂറ്റിക്കുടിച്ച് വളരുകയും പൂർണ്ണ വളർച്ചയെത്തിയതിനു ശേഷം ഈ മണ്ഡരികൾ കാറ്റിലൂടെ പറന്നു പുതിയ തെങ്ങുകളിലേക്ക് താമസം മാറ്റുകയും ചെയ്യുന്നു.

## Article Content

**വടകര: **തെങ്ങിനെ ആക്രമിക്കുന്ന പ്രധാനകീടമാണ് മണ്ഡരി. കേരളത്തിലെ ഒരു അധിനിവേശ ഇനമാണ് മണ്ഡരി. ആർത്രോപോട ഫൈലത്തിലെ അരക്കിനിട എന്ന എട്ടുകാലുള്ള ജീവി വിഭാഗത്തിൽ പെട്ട മൈറ്റുകൾ ആണ് ഇവ. തെങ്ങിന്റെ കരിക്ക്, മച്ചിങ്ങ, ഇളം തേങ്ങ, തുടങ്ങിയവയുടെ പുറം ഭാഗങ്ങളിൽ കയറി നീരൂറ്റിക്കുടിച്ച് വളരുകയും പൂർണ്ണ വളർച്ചയെത്തിയതിനു ശേഷം ഈ മണ്ഡരികൾ കാറ്റിലൂടെ പറന്നു പുതിയ തെങ്ങുകളിലേക്ക് താമസം മാറ്റുകയും ചെയ്യുന്നു.

അതുകൊണ്ടുതന്നെ എല്ലാ തെങ്ങിനും ഈ രോഗം ബാധിക്കുവാനുള്ള സാധ്യത വളരെ കൂടുതലാണ്. നാട്ടിൻപുറത്തെ തെങ്ങുകൾക്ക് മച്ചിങ്ങ പൊഴിച്ചിൽ വരാനുള്ള പ്രധാന കാരണം ഈ മണ്ഡരിയാണ്. അര മില്ലീമീറ്ററിലും താഴെ മാത്രമാണ് ഇതിന്റെ വലിപ്പം. ഈ സൂക്ഷമ ജീവിയ്ക്ക് ആമയുടെ ആകൃതിയാണുള്ളത്. ഇതിന്റെ ശരീരം നിറയെ രോമങ്ങളും കൂടാതെ നാല് ജോടി കാലുകളുമുണ്ട്. ഇതിന് പറക്കാനോ വേഗത്തിൽ സഞ്ചരിക്കാനോ ഉള്ള കഴിവില്ല.

എന്നാൽ കാറ്റിലൂടെ വളരെ വേഗം വ്യാപിക്കാനാകും. വളരെ വേഗം പെരുകാനുള്ള കഴിവാണ് മണ്ഡരിയുടെ പ്രത്യേകതക. ചെറു പ്രദേശത്ത് തന്നെ ആയിരത്തിലേറേ ജീവികളുണ്ടാവും. ഇതിന്റെ ജീവിത ചക്രം 12 മുതൽ 14 ദിവസം വരെയാണ്. 1998 ലാണ് ഈ കീടം കേരളത്തിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. മെക്‌സിക്കൻ സ്വദേശിയായ ഈ കീടം ഇന്ന് ഉഷ്ണമേഖലാപ്രദേശങ്ങളിലാകെ തെങ്ങ് കർഷകരുടെ പേടിസ്വപ്‌നമാണ്. കൊപ്രയിൽ മുപ്പത് ശതമാനത്തിന്റെ കുറവ് മണ്ഡരിബാധ മൂലം ഉണ്ടാകുന്നു എന്നാണ് കണക്ക്. മണ്ഡരിയെ പ്രതിരോധിക്കുവാനായി കർഷകർ നിരവധി മാർഗ്ഗങ്ങളാണ് സ്വീകരിക്കുന്നത്.

തെങ്ങിന്റെ സമീപത്ത് പുകയിടുക. തെങ്ങിന്റെ മണ്ട വൃത്തിയാക്കുക തുടങ്ങിയവ കർഷകർ ചെയ്തുവരുന്നു.ഏപ്രിൽ- മെയ് മാസങ്ങളിൽ ഡൈക്കോഫോൺ, ആറു മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഒഴിച്ചു കൊടുക്കുക. എന്നാൽ, ഒരു പരിധിവരെ മണ്ഡരി ശല്യത്തിൽ നിന്നും തെങ്ങ് നശീകരണത്തിൽ നിന്നും രക്ഷിച്ചടുക്കുവാൻ സാധിക്കും. ഇത് മണ്ഡരിയെ പ്രതിരോധിക്കുവാൻ മികച്ച ഒരു മാതൃകയാണ്. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ വെളുത്തുള്ളി വേപ്പെണ്ണ മിശ്രിതം ഉണ്ടാക്കി തെങ്ങിന്റെ മണ്ടയിൽ ഒഴിച്ചു കൊടുത്താലും മണ്ഡരി ആക്രമങ്ങളിൽ നിന്നും രക്ഷിച്ചെടുക്കുവാൻ സാധിക്കും. ഡിസംബർ- ജനുവരി മാസങ്ങളിൽ വീണ്ടും ഒരു ലിറ്റർ വെള്ളത്തിൽ ആറു മില്ലി ഡൈക്കോഫോൺ മിശ്രിതം ചേർത്ത് തെങ്ങിന്റെ മണ്ടയിൽ ഒഴിച്ചുകൊടുക്കുക.

ഇങ്ങനെ ചെയ്താൽ മണ്ഡരി രോഗം പൂർണമായി ഭേദപ്പെടുത്തുവാൻ സാധിക്കും. പ്രധാനമായും തെങ്ങു പരിപാലനമാണ് കൃഷി വകുപ്പും അധികൃതരും കർഷകരോടും തെങ്ങുകയറ്റ തൊഴിലാളികളോടും നാട്ടുകാരോടും പറയുന്നത്. നാട്ടിൻപുറത്തെ സാധാരണക്കാർ പറയുന്നത് കേരളത്തിൽ മാത്രമാണ് ഈ മണ്ഡരി രോഗം ഉള്ളത് എന്നുള്ളതാണ്. കർണാടകയിൽ പോയാൽ ഇത് കാണുവാൻ സാധിക്കുന്നില്ല. കൽപ്പക വൃക്ഷമായ തെങ്ങിനെ കൂടുതൽ ശ്രദ്ധയോടെ പരിപാലിക്കേണ്ടതിന്റെ കാലഘട്ടം കൂടിയാണിത്. വടകരയിലെ തേങ്ങാ കച്ചവടവും, കൊപ്ര വിപണിയുമെല്ലാം ഒരുകാലത്ത് പ്രശസ്തമായിരുന്നു. പ്രതാപ കാലത്ത് ക്വിന്റൽ കണക്കിന് കൊപ്രകളും തേങ്ങകളുമായിരുന്നോ കച്ചവടം ചെയ്തു വന്നത്. കേരളത്തിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട കൊപ്ര മാർക്കറ്റ് ആയിരുന്നു വടകരയിലേത്. 1998ൽ വടകരയെ മണ്ഡരി രോഗം ബാധിച്ചത് മുതൽ തേങ്ങയുടെ വലിപ്പത്തിൽ വലിയ വ്യത്യാസമാണ് ഉണ്ടായത്.

ആദ്യകാലത്ത് വലിയ വലിപ്പമുള്ള തേങ്ങ വടകരയുടെ പ്രത്യേകതയായിരുന്നു. എന്നാൽ ഇന്ന് ചെറിയ തേങ്ങയായി മാറി. തേങ്ങ ഉരിക്കാൻ വരുന്നവർക്കും മണ്ഡരി രോഗമുള്ള തേങ്ങ ഉരിക്കാൻ വളരെ ബുദ്ധിമുട്ടാണ്. മണ്ഡരി രോഗം മൂർച്ഛിച്ചതിനു ശേഷം നിരവധി തെങ്ങുകളായിരുന്നു വടകരയിൽ വെട്ടി മാറ്റിയത്. ജനകീയ പങ്കാളിത്തത്തോടെ മണ്ഡരി രോഗത്തെ പൂർണമായി ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇനിയെങ്കിലും നടത്തേണ്ടത്. അതിന് കൃഷി വകുപ്പും അധികൃതരും മുൻകൈ എടുക്കും എന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. ഒരുകാലത്ത് ഏക്കർ കണക്കിന് തെങ്ങ് കൃഷി നടത്തിയിരുന്ന പല കർഷകരും, പ്രമാണിമാരും കുടുംബാംഗങ്ങളുമെല്ലാം ഇന്ന് തെങ്ങ് കൃഷിയിൽ നിന്നും അന്യം പോയി. കഴിഞ്ഞ 25 വർഷമായി അനുഭവിക്കുന്ന ഈ ഒരു ദുരന്തത്തെ എത്രയും പെട്ടെന്ന് ഉന്മൂലനം ചെയ്യാൻ കഴിയട്ടെ എന്ന പ്രാർത്ഥനയിലാണ് കർഷകർ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/93025/mandari-disease-still-not-fully-resolved)