---
title: "ഓർമ്മകൾ പെയ്തിറങ്ങി; പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ അക്ഷരമുറ്റത്ത് ഒത്തുചേര്‍ന്നു "
english_title: "Alumni gathered in the courtyard"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/93639/alumni-gathered-in-the-courtyard"
published_at: "2023-01-31T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d8e4199ecc5_get_to_gather_f.jpg"
keywords: []
---

# ഓർമ്മകൾ പെയ്തിറങ്ങി; പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ അക്ഷരമുറ്റത്ത് ഒത്തുചേര്‍ന്നു 

> **Lead Summary:** **കോട്ടക്കൽ: **കുഞ്ഞാലി മരക്കാരുടെ സ്മരണയിൽ പൂർവ്വ വിദ്യാർത്ഥികൾ ഒത്തുചേർന്നു.നിറം മങ്ങിയ വിദ്യാലയ ജീവിതത്തിന്റെ ഓര്‍മ്മകള്‍ക്ക് വര്‍ണ്ണങ്ങള്‍ ചാര്‍ത്തി 27 വർഷങ്ങൾക്ക്ശേഷം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഇന്നലെകളെ ഒരിക്കല്‍ കൂടി ചേര്‍ത്ത് പിടിച്ച് കൊട്ടും പാട്ടുമായി വീണ്ടും ഒത്തുകൂടി. കുഞ്ഞാലി മരയ്ക്കാർ ഹയര്‍ സെക്കന്ററി സ്‌കൂളിലെ 95 - 96 ലെ എസ്. എസ്. എല്‍. സി. ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് വിദ്യാലയ മുറ്റത്ത് വീണ്ടും ഒത്തുചേര്‍ന്നത്.

## Article Content

**കോട്ടക്കൽ: **കുഞ്ഞാലി മരക്കാരുടെ സ്മരണയിൽ പൂർവ്വ വിദ്യാർത്ഥികൾ ഒത്തുചേർന്നു.നിറം മങ്ങിയ വിദ്യാലയ ജീവിതത്തിന്റെ ഓര്‍മ്മകള്‍ക്ക് വര്‍ണ്ണങ്ങള്‍ ചാര്‍ത്തി 27 വർഷങ്ങൾക്ക്ശേഷം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഇന്നലെകളെ ഒരിക്കല്‍ കൂടി ചേര്‍ത്ത് പിടിച്ച് കൊട്ടും പാട്ടുമായി വീണ്ടും ഒത്തുകൂടി. കുഞ്ഞാലി മരയ്ക്കാർ ഹയര്‍ സെക്കന്ററി സ്‌കൂളിലെ 95 - 96 ലെ എസ്. എസ്. എല്‍. സി. ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് വിദ്യാലയ മുറ്റത്ത് വീണ്ടും ഒത്തുചേര്‍ന്നത്.

> "ഓർമ്മകൾ പെയ്യുമ്പോൾ" എന്ന പേരിലാണ് സംഗമം സംഘടിപ്പിച്ചത്. പലരും പഠിച്ചിറങ്ങിയ ശേഷം ആദ്യമായാണ് വിദ്യാലയത്തിലേക്ക് വീണ്ടും എത്തുന്നത്. പിന്നിട്ട വഴികളില്‍ മാഞ്ഞുപോയെന്ന് കരുതിയ മധുരമൂറുന്ന വിദ്യാലയ ഓര്‍മ്മകള്‍ക്ക് അവര്‍ വീണ്ടും തിരി തെളിയിച്ചപ്പോള്‍ അളവറ്റ ആഹ്ലാദത്താല്‍ സ്‌കൂളും പരിസരവും വീര്‍പ്പുമുട്ടി. പ്രസ്തുത ബാച്ചിലെ പൂര്‍വ്വ വിദ്യാർഥികൾ ഒരു വര്‍ഷം മുമ്പ് ആരംഭിച്ച വാട്‌സാപ്പ് ഗ്രൂപ്പിലൂടെ വിദേശത്തും നാട്ടിലുമുള്ളവരുടെ പരിശ്രമത്തിന്റെ ഫലമായാണ് ഈ വിദ്യാലയ തിരുമുറ്റത്ത് ഒത്തുചേരലിന് വേദിയൊരുക്കിയത്.

പൂര്‍വ്വ വിദ്യാര്‍ത്ഥികളും, അവരുടെ ജീവിത പങ്കാളിയും, മക്കളും ഒത്തുചേര്‍ന്നപ്പോള്‍ അത് വലിയൊരു കുടുംബ സംഗമമായി മാറി. ബാച്ചിലെ ഒട്ടുമിക്ക പൂര്‍വ്വ വിദ്യാര്‍ത്ഥികളും, പഴയ കാല അദ്ധ്യാപകരും ഒത്തു ചേര്‍ന്നപ്പോള്‍ എന്തെന്നില്ലാത്ത ആഹ്ലാദമായി മാറി. അകാലത്തില്‍ പൊലിഞ്ഞു പോയ അധ്യാപകർക്കും , സഹപാഠികൾക്കും വേണ്ടി ഒരു മിനിറ്റ് മൗന പ്രാര്‍ത്ഥനയോടെ പരിപാടിക്ക് തുടക്കമായി. ദൂരസ്ഥലങ്ങളിൽ നിന്നും പെണ്‍കുട്ടികളടക്കം വന്നതും പരിപാടിക്ക് പൊലിമയേറി. ഗൃഹാതുരത്വം തുളുമ്പുന്ന പഴയ കാല മിഠായികളും ,വിഭവസമൃതമായ ഭക്ഷണവും ഒരുക്കിയിരുന്നു.

കുട്ടികളുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും വിവിധ കലാ പരിപാടികളും ഒത്തുചേരലിന് വര്‍ണ്ണപ്പകിട്ടേകി. പരിപാടിയില്‍ ദിവാകരൻ മാസ്റ്റർ, ഉണ്ണികൃഷ്ണൻ മാസ്റ്റർ, ബാലഗോപാലൻ മാസ്റ്റർ തുടങ്ങിയ പഴയ അധ്യാപകർ സജീവമായി സമാപനം വരെ പരിപാടി ആസ്വദിക്കാന്‍ ഉണ്ടായിരുന്നു. ഒത്തുചേരലിന്റെ ഓര്‍മ്മക്കായ് വര്‍ണ്ണാഭമായ ഒരു ഗ്രൂപ്പ് ഫോട്ടോ പകര്‍ത്താനും സാദിച്ചത് 27 വർഷത്തെ ഓര്‍മ്മക്ക് വലിയൊരു മുതല്‍കൂട്ടായി. വിട പറയുമ്പോള്‍ ഇനിയൊരിക്കല്‍ കൂടി ഒത്തുചേരലിന് അവസരം ഒരുക്കണമെന്ന വിദ്യാര്‍ത്ഥിനികളുടെ അഭ്യര്‍ത്ഥനയോടെ വ്യത്യസ്തമായ പരിപാടികളും, മധുരമൂറുന്ന പൂര്‍വ്വകാല സ്മൃതിയും അയവിറക്കി അവര്‍ ഒടുവില്‍ വിദ്യാലയത്തിൽ നിന്നും പടിയിറങ്ങി.

പരിപാടി അന്നത്തെ ഹെഡ് മാസ്റ്റർ ആയിരുന്ന വി.പി. നാണു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വി.വി .നിധിഷ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ദിവാകരൻ മാസ്റ്റർ, ബാലഗോപാലൻ മാസ്റ്റർ ,ഉണ്ണികൃഷ്ണൻ മാസ്റ്റർ, പത്മാവതി ടീച്ചർ,പി.വി.സജിത്ത്, ജിതേഷ്.പി.ടി,ഷിനു.ടി,പ്രദീപ് മൂരാട്,പ്രമോദ്.സി.പി,ലൈജിത്ത് കൊളാവി , പ്രജീഷ് ടി,ഷെമീന, സൗമ്യ സംസാരിച്ചു. ഷൈമ,ഹഫ്സാന, സുജിത,സിന്ദു .ടി.വി, സുകൃത,സമീറ, ഷൈജു.കെ.വി. തുടങ്ങിയവർ നേതൃത്വം നൽകി. ചടങ്ങിൽ വെച്ച് അധ്യാപകരെ ആദരിക്കുകയും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോൽക്കളി , ദഫ് മുട്ട് എന്നിവയിൽ 'എ' ഗ്രേഡ് നേടിയ കുഞ്ഞാലി മരയ്ക്കാർ ഹയർ സെക്കഡറി സ്കൂൾ വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/93639/alumni-gathered-in-the-courtyard)