---
title: "അവഗണന; ബജറ്റ് വ്യാപാര മേഖലയെ അവഗണിച്ചു- രാജു അപ്സര"
english_title: "neglect; Budget ignores trade sector - Raju Apsara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/93944/neglect-budget-ignores-trade-sector-raju-apsara"
published_at: "2023-02-01T21:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63da94622d411_VYAPARY.jpg"
keywords: []
---

# അവഗണന; ബജറ്റ് വ്യാപാര മേഖലയെ അവഗണിച്ചു- രാജു അപ്സര

> **Lead Summary:** **വടകര: **ധനകാര്യ മന്ത്രി അവതരിപ്പിച്ച ബജറ്റിൽ വടകരയിലും സമ്മിശ്ര പ്രതികരണം. വ്യാപാരി വ്യവസായി ഏകോപന സമിതി നാഷണൽ വൈസ് പ്രസിഡണ്ടായ രാജു അപ്സര ബജറ്റിൽ അവഗണനയാണ് എന്നാണ് പറഞ്ഞത്.

## Article Content

**വടകര: **ധനകാര്യ മന്ത്രി അവതരിപ്പിച്ച ബജറ്റിൽ വടകരയിലും സമ്മിശ്ര പ്രതികരണം. വ്യാപാരി വ്യവസായി ഏകോപന സമിതി നാഷണൽ വൈസ് പ്രസിഡണ്ടായ രാജു അപ്സര ബജറ്റിൽ അവഗണനയാണ് എന്നാണ് പറഞ്ഞത്.

കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ഇന്ന് അവതരിപ്പിച്ച 2023-24 വർഷത്തേയ്ക്കുള്ള കേന്ദ്ര ബജറ്റിൽ, വ്യാപാരി സമൂഹത്തിന് ആശ്വാസകരമായ യാതൊരു നിർദ്ദേശങ്ങളും ഉൾക്കൊള്ളിക്കാത്തത് പ്രതിഷേധാർഹമാണ്.

ഒരു നയാപൈസ പോലും പ്രതിഫലമായി കൈപറ്റാതെ, ലക്ഷക്കണക്കിനു കോടി രൂപ ജി.എസ്.റ്റി. ഇനത്തിൽ, പിരിച്ച് ഖജനാവിലേയ്ക്ക് അടച്ചുവരുന്ന വ്യാപാരി സമൂഹം, പ്രത്യേകിച്ച് ചെറുകിട ഇടത്തരം വ്യാപാരികൾ, ജി.എസ്.റ്റി. നിയമത്തിൻ്റെ കുരുക്കിൽപ്പെട്ട് ഉഴലുകയാണ്.

ഇവർക്ക് സമാശ്വാസം നൽകുന്ന ഒരു നിർദ്ദേശവും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. ജി.എസ്.റ്റി. യുടെ ആരംഭകാലത്ത്, ജി.എസ്.റ്റി. നെറ്റ് വർക്ക് നേരാംവണ്ണം പ്രവർത്തിക്കാത്ത സാഹചര്യങ്ങളിൽ പോലും, ഭാരിച്ച നികുതി നിർണ്ണയവും, പലിശയും, പെനാൽറ്റിയും ഈടാക്കി വരുന്നതിന് തടയിടുന്നതിനുള്ള നിർദ്ദേശങ്ങൾ ബജറ്റിൽ ഉണ്ടാകും എന്ന് വ്യാപാരി സമൂഹം കരുതിയിരുന്നു.

എന്നാൽ, ഉണ്ടായില്ല എന്നത് തികച്ചും ഖേദകരമാണ്. ബജറ്റിൻ്റെ തുടർ ചർച്ചാ വേളയിൽ, ഈ വിഷയത്തിൽ ഒരു അനുകൂല നിലപാട് ഉണ്ടാകുമെന്നും പ്രത്യാശിക്കുന്നു. ഏറ്റവും കൂടുതൽ ചെറുകിട വ്യവസായങ്ങളും വ്യാപാരികളും ഉള്ള പ്രദേശം കൂടിയാണ് വടകര. വരും ദിവസങ്ങളിൽ എങ്ങനെയായിരിക്കും കച്ചവടത്തെ ബാധിക്കുക എന്ന ആകാംക്ഷയിലാണ് വ്യാപാരികൾ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/93944/neglect-budget-ignores-trade-sector-raju-apsara)