---
title: "പ്രതിഭാ സംഗമം; പുത്തൂരിൽ തുടക്കമായി "
english_title: "Pratibha Sangam; Started in Puttur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/94580/pratibha-sangam-started-in-puttur"
published_at: "2023-02-04T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63de0c3c2aaeb_PRATHIBA_SANGAMAM.jpg"
keywords: []
---

# പ്രതിഭാ സംഗമം; പുത്തൂരിൽ തുടക്കമായി 

> **Lead Summary:** **വടകര: **പുത്തൂർ ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ പ്രതിഭാ സംഗമത്തിന് തുടക്കമായി. ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഐടി പ്രവർത്തി പരിചയമേളകളിലും, കായികമേളയിലും, കലോത്സവത്തിലും, ജില്ലാ സംസ്ഥാനതലത്തിൽ ജേതാക്കളായവരെ അനുമോദിച്ചു.

## Article Content

**വടകര: **പുത്തൂർ ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ പ്രതിഭാ സംഗമത്തിന് തുടക്കമായി. ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഐടി പ്രവർത്തി പരിചയമേളകളിലും, കായികമേളയിലും, കലോത്സവത്തിലും, ജില്ലാ സംസ്ഥാനതലത്തിൽ ജേതാക്കളായവരെ അനുമോദിച്ചു.

കൂടാതെ വിവിധ സ്കോളർഷിപ്പുകൾ നേടിയവരെയും, പ്ലസ് വൺ പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയുമാണ് ചടങ്ങിൽ ആദരിച്ചത്. മുൻ വടകര എംപിയും, സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്സനുമായ അഡ്വ:പി സതീദേവി ഉദ്ഘാടനം ചെയ്തു.

മാറുന്ന കാലത്തിനനുസരിച്ച് പഠനത്തിലും തൊഴിലിലും മുന്നേറുന്ന പെൺകുട്ടികളോട് തുല്യബോധത്തിൽ ഇടപെടുന്ന ഗൃഹാന്തരീക്ഷവും വിദ്യാലയന്തരീക്ഷവും രൂപപ്പെടേണ്ടത് അനിവാര്യമാണ്. കോവിഡിന് ശേഷം സ്കൂൾ പരിസരങ്ങളിൽ വർദ്ധിച്ചുവരുന്ന ലഹരിയുടെ സ്വാധീനമടക്കമുള്ള കാര്യങ്ങളിൽ വിദ്യാലയങ്ങളുമായി ചേർന്നുകൊണ്ട് വിവിധ പ്രതിരോധ പ്രവർത്തനങ്ങൾ വനിതാ കമ്മീഷൻ ആസൂത്രണം ചെയ്തു വരികയാണെന്നും അവർ പറഞ്ഞു.

വടകര നഗരസഭാ ചെയർപേഴ്സൺ കെ പി ബിന്ദു അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ മനോജ് കെ കെ റിപ്പോർട്ട് അവതരിപ്പിച്ചു. കോഴിക്കോട് വിദ്യാഭ്യാസ ഡയറക്ടർ സി മനോജ് കുമാർ ഉപഹാര സമർപ്പണം നടത്തി. വടകര നഗരസഭ വൈസ് ചെയർപേഴ്സൺ കെ കെ വനജ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു പ്രേമൻ, വടകര നഗരസഭ കൗൺസിലർ കെ നാളിനാക്ഷൻ സംസാരിച്ചു. പിടിഎ പ്രസിഡണ്ട് ജയപ്രകാശ് പി എം സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അജിത്ത് മാസ്റ്റർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/94580/pratibha-sangam-started-in-puttur)