---
title: "വികലാംഗനെ മർദ്ദിച്ചു; പഞ്ചായത്ത് സെക്രട്ടറിക്കെതിരെ പരാതി "
english_title: "A disabled man was beaten; Complaint against Panchayat Secretary"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/94692/a-disabled-man-was-beaten-complaint-against-panchayat-secretary"
published_at: "2023-02-04T19:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63de63a01160e_police.jpg"
keywords: []
---

# വികലാംഗനെ മർദ്ദിച്ചു; പഞ്ചായത്ത് സെക്രട്ടറിക്കെതിരെ പരാതി 

> **Lead Summary:** **ഓർക്കാട്ടേരി: **ഏറാമല ഗ്രാമ പഞ്ചായത്ത് സെക്രട്ടറി വികലാംഗനെ മർദ്ദിച്ചതായി പരാതി. ഓർക്കാട്ടേരി ടൗണിൽ ഇന്ന് ഉച്ചക്കാണ് സംഭവം. ഫുട്പാത്തിലെ സാധനങ്ങൾ മാറ്റാനുള്ള ശ്രമത്തിനിടെയാണ് ബ്രദേഴ്സ് ബേക്കറിയിലെ ജീവനക്കാരനും വികലാഗംനുമായ രാജനെ പഞ്ചായത്ത് സെക്രട്ടറി മർദ്ദിച്ചത്.

## Article Content

**ഓർക്കാട്ടേരി: **ഏറാമല ഗ്രാമ പഞ്ചായത്ത് സെക്രട്ടറി വികലാംഗനെ മർദ്ദിച്ചതായി പരാതി. ഓർക്കാട്ടേരി ടൗണിൽ ഇന്ന് ഉച്ചക്കാണ് സംഭവം. ഫുട്പാത്തിലെ സാധനങ്ങൾ മാറ്റാനുള്ള ശ്രമത്തിനിടെയാണ് ബ്രദേഴ്സ് ബേക്കറിയിലെ ജീവനക്കാരനും വികലാഗംനുമായ രാജനെ പഞ്ചായത്ത് സെക്രട്ടറി മർദ്ദിച്ചത്.

ബേക്കറിയുടെ ഫുട്പാത്തിനോട് ചേർന്നുള്ള വരാന്തയിൽ വെച്ച ബേക്കറി സാധനങ്ങൾ സെക്രട്ടറിയുടെ നേതൃത്വത്തിൽ റോഡിൽ വലിച്ചിടുകയും ഫോട്ടോ എടുക്കുകയും ചെയ്തിരുന്നു. ഇത് അന്വേഷിച്ചതാണ് മർദ്ദനത്തിന് കാരണമെന്ന് ബ്രദേഴ്സ് ബേക്കറി ഉടമ ചന്ദ്രൻ പറഞ്ഞു .

തുടർന്ന് പഞ്ചായത്തിൽ വെയിസ്റ്റ് എടുക്കുന്ന വണ്ടിയിൽ ബേക്കറി സാധനങ്ങൾ കയറ്റുകയും ചെയ്തു. മാർക്കറ്റിലെക്കുള്ള വഴിയിൽ നിന്നും സാധനങ്ങൾ എടുത്തു മാറ്റുമ്പോഴാണ് വ്യാപാരികളും നാട്ടുകാരും പഞ്ചായത്ത് വണ്ടിയും സെക്രട്ടറിയേയും തടഞ്ഞത്.

തുടർന്ന് രോഷാകുലരായ നാട്ടുകാരും വ്യാപാരികളും വികലാംഗനായ രാജനെ മർദ്ദിച്ച സെക്രട്ടറിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഏറെ സമയം വാക്കേറ്റവും സംഘർഷാവസ്ഥയും ഉണ്ടായി.

തുടർന്ന് എടച്ചേരി പൊലീസ് സ്ഥലത്തെത്തിയതോടുകൂടി സംഘർഷാവസ്ഥക്ക് അയവുണ്ടാവുകയായിരുന്നു. പഞ്ചായത്ത് സെക്രട്ടറി ഉൾപ്പടെ പഞ്ചായത്തിൻ്റെ രണ്ടു വണ്ടികളും എടച്ചേരി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

മർദ്ദനമേറ്റന്നു പറയുന്ന വികലാംഗനായ രാജനെ ഓർക്കാട്ടേരി ഗവ: ഹെൽത്ത് സെൻ്ററിലും തുടർന്ന് വടകര ഗവ: ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. എന്നാൽ വിഗലാംഗനായ രാജനെ മർദ്ദിച്ചിട്ടില്ല എന്നാണ് പഞ്ചായത്ത് സെക്രട്ടറി സജീവൻ്റെ വിശദീകരണം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/94692/a-disabled-man-was-beaten-complaint-against-panchayat-secretary)