---
title: "ഒടുവിൽ യാഥാർത്ഥ്യമായി; ജീവനക്കാർക്കായി സ്വന്തം ക്വാർട്ടേഴ്സ്"
english_title: "Quarters have become a reality for Vadakara municipal employees."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/95427/quarters-have-become-a-reality-for-vadakara-municipal-employees"
published_at: "2023-02-07T20:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e2667ad23bc_jeevanakkark_quarters.jpg"
keywords: []
---

# ഒടുവിൽ യാഥാർത്ഥ്യമായി; ജീവനക്കാർക്കായി സ്വന്തം ക്വാർട്ടേഴ്സ്

> **Lead Summary:** **വടകര:** വടകര നഗരസഭാ ജീവനക്കാർക്കായി ക്വാർട്ടേഴ്സ് യാഥാർത്ഥ്യമായി. നഗരസഭയിലെ ജീവനക്കാരുടെ ഏറെക്കാലത്തെ ആഗ്രഹമായിരുന്നു താമസ സ്ഥലം എന്നുള്ളത്. ദൂരസ്ഥലങ്ങളിൽ നിന്നും വരുന്ന ജീവനക്കാർക്ക് താമസത്തിനുള്ള ക്വാർട്ടേഴ്സ് യാഥാർത്ഥ്യമായതിൽ വളരെ ആഹ്ലാദമുണ്ട്.

## Article Content

**വടകര:** വടകര നഗരസഭാ ജീവനക്കാർക്കായി ക്വാർട്ടേഴ്സ് യാഥാർത്ഥ്യമായി. നഗരസഭയിലെ ജീവനക്കാരുടെ ഏറെക്കാലത്തെ ആഗ്രഹമായിരുന്നു താമസ സ്ഥലം എന്നുള്ളത്. ദൂരസ്ഥലങ്ങളിൽ നിന്നും വരുന്ന ജീവനക്കാർക്ക് താമസത്തിനുള്ള ക്വാർട്ടേഴ്സ് യാഥാർത്ഥ്യമായതിൽ വളരെ ആഹ്ലാദമുണ്ട്.

നിരവധി ബഡ്ജറ്റുകളിൽ പ്രതിപാദിച്ച് പോയെങ്കിലും ഫണ്ടിന്റെ അപര്യാപ്തത കാരണം യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞിരുന്നില്ല. ദൂരസ്ഥലങ്ങളിൽ നിന്നുമെത്തി സമയപരിധി നോക്കാതെ ജോലി ചെയ്യുന്ന ജീവനക്കാർക്ക് വേണ്ടി കൗൺസിലിന്റെ രണ്ടാം വാർഷികം പ്രമാണിച്ചാണ് ക്വാർട്ടേഴ്സ് ജീവനക്കാർക്കായി തുറന്നുകൊടുത്തത്.

50 ലക്ഷം രൂപ ചെലവിൽ അതിമനോഹരമായി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ആണ് ക്വാർട്ടേഴ്സിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. ട്രെഞ്ചിംഗ് ഗ്രൗണ്ടിന് സമീപത്ത് തന്നെയാണ് ഈ കോട്ടേഴ്സ് എന്നത് പ്രദേശവാസികൾക്കും ആശ്വാസം തന്നെയാണ്. ക്വാർട്ടേഴ്സിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ കെപി ബിന്ദു നിർവഹിച്ചു.

വൈസ് ചെയർപേഴ്സൺ കെ കെ വനജ അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ എൻജിനീയർ സുധീപ് റിപ്പോർട്ട് അവതരിപ്പിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, മുൻ ചെയർമാൻ കെ ശ്രീധരൻ, സെക്രട്ടറി എൻ കെ ഹരീഷ്,പ്രാദേശിക പാർട്ടി ലീഡർമാരായ കെ വത്സലൻ, ഇ ടി കെ രാഘവൻ, പുതുക്കുടി രാജീവൻ, ബാബു കൊയിലോത്ത്, തൈയുള്ളതിൽ രാധാകൃഷ്ണൻ, നഗരസഭാ ജീവനക്കാരുടെ പ്രതിനിധികളായ കെ കെ ശ്രീജിത്ത്, രഘുനാഥ് ടി ടി, സംഘാടകസമിതി കൺവീനറായ വൈക്കിലേരി കുഞ്ഞിരാമൻ സംസാരിച്ചു.

പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ബിജു സ്വാഗതം പറഞ്ഞു. വാർഡ് കൗൺസിലർ ലീബ.പി.പി നന്ദിയും പറഞ്ഞു. ഉദ്ഘാടനത്തിനുശേഷം പ്രദേശത്തെ കുടുംബശ്രീ പ്രവർത്തകരുടെ കലാപരിപാടികളും കുറുമ്പയിൽ പ്രദേശത്തെ കലാപ്രവർത്തകരുടെ ഗാനമേളയും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/95427/quarters-have-become-a-reality-for-vadakara-municipal-employees)