---
title: "കേസെടുത്തു; പോലീസുകാരന് കുത്തേറ്റ സംഭവത്തിൽ അഞ്ചുപേർക്കെതിരെ കേസെടുത്തു "
english_title: "registered against five people in the incident of stabbing a policeman"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/95557/registered-against-five-people-in-the-incident-of-stabbing-a-policeman"
published_at: "2023-02-08T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e342ee1e53e_POLICE_CASE_KUTTHETTATH.jpg"
keywords: []
---

# കേസെടുത്തു; പോലീസുകാരന് കുത്തേറ്റ സംഭവത്തിൽ അഞ്ചുപേർക്കെതിരെ കേസെടുത്തു 

> **Lead Summary:** **ഏറാമല: **ക്ഷേത്രോത്സവത്തിലെ ഡ്യൂട്ടിക്കിടയിൽ പോലീസുകാരന് കുത്തേറ്റ സംഭവത്തിൽ വഴിത്തിരിവ്. സംഭവത്തിൽ എടച്ചേരി പോലീസ് അഞ്ചുപേർക്കെതിരെ കേസെടുത്തു.

## Article Content

**ഏറാമല: **ക്ഷേത്രോത്സവത്തിലെ ഡ്യൂട്ടിക്കിടയിൽ പോലീസുകാരന് കുത്തേറ്റ സംഭവത്തിൽ വഴിത്തിരിവ്. സംഭവത്തിൽ എടച്ചേരി പോലീസ് അഞ്ചുപേർക്കെതിരെ കേസെടുത്തു.

എ ആർ ക്യാമ്പിലെ ഉദ്യോഗസ്ഥനും നടുവണ്ണൂർ സ്വദേശിയുമായ അഖിലേഷിനെ ആക്രമിച്ചതിനും പോലീസിന്റെ കൃത്യ നിർവഹണം തടസ്സപ്പെടുത്തിയതിനുമാണ് കേസ്.

അഖിലേഷിനെ കുത്തിയ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. മദ്യ- മയക്കുമരുന്ന് അടിപിടി കേസിൽ ഉൾപ്പെട്ട പ്രതിയെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി.

എടച്ചേരി സി.ഐ ശിവൻ ചോടത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. അതേസമയം സംഭവം നടന്ന സ്ഥലത്ത് സൈന്റിഫിക് ഓഫീസർ കെ വി നബീലയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു.

രക്ത സാമ്പിളുകളും മറ്റും സയന്റിഫിക് സംഘം പരിശോധനയ്ക്ക് എടുത്തു. ഏറാമല മണ്ടോള്ളതിൽ ക്ഷേത്രോത്സവത്തിനിടെയായിരുന്നു ആക്രമണം നടന്നത്.

ഉത്സവത്തിൽ പണം വച്ച് ചീട്ടുകളിയും, ചട്ടിക്കളിയും നടക്കുന്ന വിവരം നാട്ടുകാർ വിളിച്ചറിയിച്ചതിനെ തുടർന്നാണ് പോലീസ് സംഘം എത്തിയത്. എന്നാൽ അപ്പോഴേക്കും ആളുകൾ ഓടി മറഞ്ഞിരുന്നു.

തിരികെ വരുകയായിരുന്നു പോലീസ് സംഘത്തിൽ ഉൾപ്പെട്ട അഖിലേഷിനെ യുവാവ് കത്തി പോലുള്ള മാരകായുധം ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അഖിലേഷിന്റെ ആരോഗ്യനില തൃപ്തികരമാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/95557/registered-against-five-people-in-the-incident-of-stabbing-a-policeman)