---
title: "ഒടുവിൽ തുറന്നു; പട്ടികളെ പിടികൂടി മാഹി പാർക്ക് തുറന്നു കൊടുത്തു "
english_title: "The dogs were captured and Mahi Park was opened"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/95601/the-dogs-were-captured-and-mahi-park-was-opened"
published_at: "2023-02-08T14:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e360c0c3b7c_MAHI_PARK_OPEN.jpg"
keywords: []
---

# ഒടുവിൽ തുറന്നു; പട്ടികളെ പിടികൂടി മാഹി പാർക്ക് തുറന്നു കൊടുത്തു 

> **Lead Summary:** **മാഹി:** പട്ടികളെ പിടികൂടി മാഹി പാർക്ക് തുറന്നു. ടാഗോർ പാർക്കിനകത്ത് വെച്ച് ഏഴ് പേരെ കടിച്ച തെരുവ് പട്ടിയെ ഭയന്ന്, കഴിഞ്ഞ മൂന്ന് ദിവസങ്ങളായി പാർക്ക് അടച്ചിട്ടിരുന്നു. പാർക്കിലെ തെരുവ് പട്ടികളെ ഒന്നടങ്കം കണ്ണൂരിൽ നിന്ന് വന്ന വിദഗ്ധരുടെ സഹായത്തോടെ പിടികൂടി.പാർക്ക് ജനങ്ങൾക്കായി തുറന്ന് കൊടുത്തിട്ടുണ്ട്.

## Article Content

**മാഹി:** പട്ടികളെ പിടികൂടി മാഹി പാർക്ക് തുറന്നു. ടാഗോർ പാർക്കിനകത്ത് വെച്ച് ഏഴ് പേരെ കടിച്ച തെരുവ് പട്ടിയെ ഭയന്ന്, കഴിഞ്ഞ മൂന്ന് ദിവസങ്ങളായി പാർക്ക് അടച്ചിട്ടിരുന്നു. പാർക്കിലെ തെരുവ് പട്ടികളെ ഒന്നടങ്കം കണ്ണൂരിൽ നിന്ന് വന്ന വിദഗ്ധരുടെ സഹായത്തോടെ പിടികൂടി.പാർക്ക് ജനങ്ങൾക്കായി തുറന്ന് കൊടുത്തിട്ടുണ്ട്.

ജനശബ്ദം മാഹി, വോക് വേ മോണിങ്ങ് സ്റ്റാർ എന്നീ സംഘടനകൾ പട്ടി ശല്യത്തിനെതിരെ സമരം നടത്തിവരികയായിരുന്നു. ദേശീയ ടൂറിസം മാപ്പിൽ ഇടം നേടിയ മാഹി ടാഗോർ പാർക്കിലെ ഉദ്യാനങ്ങൾ ജനങ്ങളുടെ സംഗമഭൂമിയാണ്. പുഴയോര നടപ്പാതയിലേക്കും, ഹിൽ ടോപ്പിലേക്കും, ടാഗോർ ഉദ്യാനത്തിലേക്കുമുള്ള മൂന്ന് പ്രവേശന കവാടങ്ങളും അധികൃതർ കഴിഞ്ഞ മൂന്ന് ദിവസങ്ങളായി അടച്ചിട്ടത് വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

വിദൂരങ്ങളിൽ നിന്നടക്കം നിത്യേന നൂറ് കണക്കിനാളുകൾ വന്നെത്തുന്ന ടൂറിസം കേന്ദ്രമാണിത്. അക്രമിയായ പട്ടി അവശ നിലയിൽ പാർക്കിനകത്ത് കിടപ്പുണ്ടായിരുന്നു. പുറത്ത് പൊലീസിൻ്റെ കാവലുമുണ്ടായിരുന്നു.മയ്യഴിയുടെ ഭരണ സിരാ കേന്ദ്രമായ ഗവ: ഹൗസിനോട് ചേർന്നാണ് ഈ ടൂറിസം കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നത്.

നൂറ് കണക്കിന് തെരുവ് പട്ടികളാണ് മയ്യഴിയിലെങ്ങും. ബാറുകൾക്കും, ഇറച്ചിക്കടകൾക്കും, ഹോട്ടലുകൾക്കുമെല്ലാം പരിസരങ്ങളിലായി അലഞ്ഞ് നടക്കുകയായിരുന്നു ഇവ. പട്ടി കടിയേൽക്കുന്നത് പതിവ് സംഭവമായിത്തീർന്നിട്ടുണ്ട്. തെരുവ് പട്ടികളെ പിടികൂടി, ഏതാണ്ട് പ്രവർത്തനരഹിതമായ പള്ളൂർ മൃഗാശുപത്രി കോമ്പാണ്ടിനകത്ത് പാർപ്പിക്കണമെന്ന് ജനശബ്ദം ഭാരവാഹികൾ മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്ററെ നേരിൽ കണ്ട് ആവശ്യപ്പെട്ടു.

ചാലക്കര പുരുഷു ,ടി എം സുധാകരൻ, ഇ.കെ.റഫീഖ്, ഷാജി പിണക്കാട്ട്, ജസീമ മുസ്തഫ എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്. കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപ്പിലാക്കിയത് പോലുള്ള പട്ടി സംരക്ഷണ കേന്ദ്രങ്ങൾ മയ്യഴിക്കും പ്രാവർത്തികമാക്കാനാവുമോ എന്ന കാര്യം സജീവമായി പരിശോധിക്കുമെന്ന അഡ്മിനിസ്ട്രേറ്റരുടെ ഉറപ്പിനെത്തുടർന്ന് നാളെ ജനശബ്ദം മാഹി സ്റ്റാച്യു സ്ക്വയറിൽ നടത്താനിരുന്ന ഉപവാസ സമരം മാറ്റിവെച്ചതായി നേതാക്കൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/95601/the-dogs-were-captured-and-mahi-park-was-opened)