---
title: "പോലീസുകാരനെ കുത്തിയ പ്രതിയെ തിരിച്ചറിഞ്ഞു; അന്വേഷണം ഊർജ്ജിതമാക്കി പോലീസ് "
english_title: "The suspect who stabbed the policeman has been identified"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/95847/the-suspect-who-stabbed-the-policeman-has-been-identified"
published_at: "2023-02-09T13:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e4abfbcb7d3_PRATHI_THIRICHARINJU_ERAMALA.jpg"
keywords: []
---

# പോലീസുകാരനെ കുത്തിയ പ്രതിയെ തിരിച്ചറിഞ്ഞു; അന്വേഷണം ഊർജ്ജിതമാക്കി പോലീസ് 

> **Lead Summary:** **ഏറാമല: **ഏറാമലയിലെ ക്ഷേത്രോത്സവത്തിനിടെ പോലീസുകാരനെ കുത്തിയ പ്രതിയെ തിരിച്ചറിഞ്ഞു. ചൂതാട്ട സ്ഥലത്ത് പരിശോധനയ്ക്ക് എത്തിയ പോലീസുകാരനെ കുത്തി വീഴ്ത്തിയത് ആഗ് ഓപ്പറേഷനിൽ നാദാപുരം പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

**ഏറാമല: **ഏറാമലയിലെ ക്ഷേത്രോത്സവത്തിനിടെ പോലീസുകാരനെ കുത്തിയ പ്രതിയെ തിരിച്ചറിഞ്ഞു. ചൂതാട്ട സ്ഥലത്ത് പരിശോധനയ്ക്ക് എത്തിയ പോലീസുകാരനെ കുത്തി വീഴ്ത്തിയത് ആഗ് ഓപ്പറേഷനിൽ നാദാപുരം പോലീസ് അറസ്റ്റ് ചെയ്തു.

ജാമ്യത്തിൽ വിട്ട യുവാവാണെന്ന് തിരിച്ചറിഞ്ഞു. കായപ്പനച്ചി സ്വദേശി ഷൈജുവിനെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊർജിതമാക്കി.

നാദാപുരം, വളയം, തലശ്ശേരി, പോലീസ് സ്റ്റേഷൻ പരിധിയിൽ കഞ്ചാവ് കേസുകളിലും തീവപ്പ് അടിപിടി കേസുകളിലും പ്രതിയാണ് ഷൈജു. 2021ൽ നാദാപുരം പോലീസ് ഗുണ്ടാ ലിസ്റ്റിൽ പെടുത്തിയതിനെ തുടർന്ന് നല്ല നടപ്പ് നിർദ്ദേശിച്ച് ആർ.ഡി.ഒ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

ശേഷം, കായപ്പനച്ചി- ഇരിങ്ങണ്ണൂർ റോഡിൽ സൂപ്പർമാർക്കറ്റ് തീവച്ച കേസിൽ ഉൾപ്പെട്ടതോടെയാണ് പോലീസ് നടപടി സ്വീകരിച്ചത്. കഴിഞ്ഞദിവസം ഗുണ്ടാ മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ട പ്രതികൾക്കെതിരെ സംസ്ഥാന വ്യാപകമായി നടത്തിയ ഓപ്പറേഷൻ ആഗിൽ ഷൈജുവിനെ നാദാപുരം പോലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.

പുതിയ കേസുകൾ ഉൾപ്പെടാത്തതിനാലും പഴയ കേസുകളിൽ ജാമ്യത്തിൽ ആയതിനാലും ആണ് വിട്ടയച്ചത്. എ ആർ ക്യാമ്പിലെ പോലീസുകാരൻ നടുവണ്ണൂർ സ്വദേശി അഖിലേഷിനാണ്(33) കുത്തേറ്റത്. പരിക്കേറ്റ ഇയാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കാലിന്റെ തുടയിൽ ആഴത്തിൽ മുറിവേറ്റ പോലീസുകാരൻ ശസ്ത്രക്രിയയ്ക്ക് വിധേയമായി സുഖം പ്രാപിച്ചു വരികയാണ്. തിങ്കളാഴ്ച രാത്രി 11.30 ഓടെയാണ് ഏറാമല മണ്ടോള്ളതിൽ ക്ഷേത്രോത്സവത്തിനിടെ പണം വെച്ച് ചീട്ടുകളി നടക്കുന്നതറിഞ്ഞ് എടച്ചേരി പോലീസിന്റെ നേതൃത്വത്തിൽ സ്ഥലത്ത് പരിശോധന നടത്തിയത്.

പോലീസ് സ്ഥലത്തെത്തിയതോടെ ചൂതാട്ടത്തിനെത്തിയവർ ചിതറി ഓടുകയും പോലീസിന് നേരെ കല്ലെറിയുകയും ചെയ്തിരുന്നു. ഇതിനിടെ ഷൈജു പോലീസുകാരനെ കുത്തി വീഴ്ത്തുകയായിരുന്നു. വടകര ഡിവൈഎസ്പി ആർ ഹരിപ്രസാദിന്റെ മേൽനോട്ടത്തിൽ എടച്ചേരി സിഐ ശിവൻ ചോടത്തിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തിൽ അഞ്ചുപേർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള കേസുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/95847/the-suspect-who-stabbed-the-policeman-has-been-identified)