---
title: "പുത്തൻ കാൽവെപ്പ്; കലാസാംസ്കാരിക അക്കാദമി വടകരയിൽ "
english_title: "Kala samsarika Academy Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/95855/kala-samsarika-academy-vadakara"
published_at: "2023-02-09T14:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e4b21b7a1f9_kala_samskarika_vedi.jpg"
keywords: []
---

# പുത്തൻ കാൽവെപ്പ്; കലാസാംസ്കാരിക അക്കാദമി വടകരയിൽ 

> **Lead Summary:** **വടകര:** കലാസാംസ്കാരിക രംഗത്ത് പുത്തൻ കാൽവെപ്പുമായി നഗരസഭ. വടകര നഗരസഭയിൽ കലാസാംസ്കാരിക അക്കാദമിക്ക് രൂപം നൽകി. നഗരസഭയിലെ കലാസാംസ്കാരിക പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് വേദിക്ക് രൂപം നൽകിയത്.

## Article Content

**വടകര:** കലാസാംസ്കാരിക രംഗത്ത് പുത്തൻ കാൽവെപ്പുമായി നഗരസഭ. വടകര നഗരസഭയിൽ കലാസാംസ്കാരിക അക്കാദമിക്ക് രൂപം നൽകി. നഗരസഭയിലെ കലാസാംസ്കാരിക പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് വേദിക്ക് രൂപം നൽകിയത്.

നഗരസഭയിലെ സാംസ്കാരിക പ്രവർത്തകരെയും കലാസമിതി, വായനശാല പ്രവർത്തകരെയും ചേർത്തുകൊണ്ട് നഗരസഭയുടെ നേതൃത്വത്തിൽ സാംസ്കാരിക അക്കാദമിയുടെ രൂപീകരണ യോഗം നഗരസഭ പാർക്ക് ഓഡിറ്റോറിയത്തിൽ നടന്നു.

വടകരയുടെ സാംസ്കാരിക തനിമ വിളിച്ചോതുന്ന രീതിയിൽ അക്കാദമിയുടെ കീഴിൽ വിവിധങ്ങളായ പ്രവർത്തനങ്ങളും പരിപാടികളും നടത്തുന്നതോടൊപ്പം വടകരക്കാർ ആഗ്രഹിക്കുന്ന രീതിയിൽ സാംസ്കാരികോത്സവവും നടത്താൻ സാധിക്കണം.

സാംസ്കാരിക അക്കാദമിയുടെ രൂപീകരണയോഗം പ്രശസ്ത നാടകകൃത്തും ചെറുകാട് അവാർഡ് ജേതാവുമായ സുരേഷ് ബാബു ശ്രീസ്ഥ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു അധ്യക്ഷത വഹിച്ചു.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ കെ വനജ, പി സജീവ് കുമാർ, കൗൺസിലർ വി കെ അസീസ് മാസ്റ്റർ സംസാരിച്ചു. സാംസ്കാരിക മേഖലയിലെ നിരവധി പ്രവർത്തകർ അവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അവതരിപ്പിച്ചു.

മുൻസിപ്പൽ ചെയർപേഴ്സനും, നഗരസഭാ സെക്രട്ടറി കൺവീനറും കലാ-സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികളായ എംസി ഇബ്രാഹിം, പി ബാലൻ മാസ്റ്റർ ടി രാജൻ മാസ്റ്റർ, സോമൻ മുതുവന, പുറന്തോടത്ത് ഗംഗാധരൻ, ഇ വി വത്സൻ മാസ്റ്റർ, പ്രേംകുമാർ വടകര, തയുള്ളതിൽ രാജൻ, സി കുമാരൻ, സിന്ധു പ്രേമൻ എന്നിവർ വൈസ് ചെയർമാൻമാരും ടി ടി വത്സലൻ കോഡിനേറ്ററുമായി കമ്മിറ്റി രൂപീകരിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു പ്രേമൻ സ്വാഗതം പറഞ്ഞു. ബാലകൃഷ്ണൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/95855/kala-samsarika-academy-vadakara)