---
title: "മാസ്റ്റേഴ്‌സ് അക്കാദമി ഒരുങ്ങി;    കോളജുകള്‍ ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നാളെ തുറക്കും   "
english_title: " Higher education institutions, including colleges, will reopen tomorrow"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/960/higher-education-institutions-including-colleges-will-reopen-tomorrow"
published_at: "2021-10-03T15:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61597f5c88645_maps photo.jpg"
keywords: []
---

# മാസ്റ്റേഴ്‌സ് അക്കാദമി ഒരുങ്ങി;    കോളജുകള്‍ ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നാളെ തുറക്കും   

> **Lead Summary:** വടകര: സംസ്ഥാനത്തെ കോളജുകള്‍ ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നാളെ തുറക്കും. അവസാന വര്‍ഷ ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്കാണ് ക്ലാസ് തുടങ്ങുന്നത്. ഇതോടൊപ്പം സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ അവസാനഘട്ടത്തിലെത്തി. ഇതോടെ വടകര നഗരത്തിലെ സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി.

## Article Content

വടകര: സംസ്ഥാനത്തെ കോളജുകള്‍ ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നാളെ തുറക്കും. അവസാന വര്‍ഷ ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്കാണ് ക്ലാസ് തുടങ്ങുന്നത്. ഇതോടൊപ്പം സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ അവസാനഘട്ടത്തിലെത്തി. ഇതോടെ വടകര നഗരത്തിലെ സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി.

മാസ്‌റ്റേഴ്‌സ് അക്കാദമിയില്‍ ജീവനക്കാരും അധ്യാപകരും എത്തി ശുചീകരണം നടത്തി. ഇന്ന് വിദ്യാഭ്യാസ ഓഫിസര്‍മാരുടെ യോഗം ചേരും. കോളജുകളില്‍ ബിരുദാനന്തര ബിരുദ ക്ലാസ്സുകള്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും വച്ച് നടത്തും.

ബിരുദ ക്ലാസ്സുകള്‍ പകുതി വീതം വിദ്യാര്‍ത്ഥികളെ ഓരോ ബാച്ചാക്കി ഇടവിട്ട ദിവസങ്ങളിലോ, പ്രത്യേക ബാച്ചുകളാക്കി ദിവസേനയോ നടത്താനാണ് തീരുമാനം. ക്ലാസുകള്‍ക്ക് മൂന്നു സമയക്രമം നിര്‍ദ്ദേശിച്ചിട്ടുണ്ട്. രാവിലെ 8.30 മുതല്‍ 1.30 വരെയുള്ള ഒറ്റ സെഷന്‍, അല്ലെങ്കില്‍, 9 മുതല്‍ 3 വരെ, 9.30 മുതല്‍ 3.30 വരെ. ഇതില്‍ കോളേജ് കൗണ്‍സിലുകള്‍ക്ക് സൗകര്യമനുസരിച്ച് തിരഞ്ഞെടുക്കാമെന്നാണ് നിര്‍ദ്ദേശം.

മിക്ക കോളജുകളും 8.30 മുതലുള്ള ഒറ്റ സെഷനാണ് തെരഞ്ഞെടുത്തിട്ടുള്ളത്. ആഴ്ചയില്‍ 25 മണിക്കൂര്‍ ക്ലാസ് വരത്തക്കവിധം ഓണ്‍ലൈന്‍ ഓഫ്‌ലൈന്‍ കഌസുകള്‍ സമ്മിശ്രരീതിയിലാക്കിയാണ് ടൈം ടേബിള്‍. മറ്റു സെമസ്റ്ററുകളുടെ ക്ലാസ്സുകള്‍ ഓണ്‍ലൈനില്‍ തന്നെ തുടരും. എഞ്ചിനീയറിങ് കോളജുകളില്‍ ആറ് മണിക്കൂര്‍ ദിവസേന ക്ലാസ് നടത്തുന്ന സംവിധാനം തുടരും.

ഹോസ്റ്റലുകള്‍ തുറന്നു പ്രവര്‍ത്തിക്കും. കാമ്പസുകളില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നത് ഉറപ്പാക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് കാമ്പസുകള്‍ കേന്ദ്രീകരിച്ച് വാക്‌സിന്‍ നല്‍കിയ ശേഷമാണ് നാളെ മുതല്‍ ക്ലാസുകള്‍ തുടങ്ങുന്നത്. സ്‌കൂള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖ മറ്റന്നാള്‍ പുറത്തിറക്കും.

ഓരോ സ്‌കൂളിലും ഒരു ഡോക്ടറുടെ സേവനം ഉറപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സര്‍ക്കാര്‍, സ്വകാര്യ ഡോക്ടര്‍മാരുടെ സേവനം ഇതിനായി ഉപയോഗിക്കാം. ആയുഷ് നിര്‍ദ്ദേശിച്ച ഹോമിയോ മരുന്നുകള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/960/higher-education-institutions-including-colleges-will-reopen-tomorrow)