---
title: "കണ്ണീരോടെ വിട; നൂറ്റാണ്ടോളം പഴക്കമുള്ള കെട്ടിടം ഇനി ഓർമ്മ"
english_title: " Vadakara sub-registrar building comes to mind"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/96207/vadakara-sub-registrar-building-comes-to-mind"
published_at: "2023-02-10T23:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e684260926d_vadakara_sub_registar_ofc.jpg"
keywords: []
---

# കണ്ണീരോടെ വിട; നൂറ്റാണ്ടോളം പഴക്കമുള്ള കെട്ടിടം ഇനി ഓർമ്മ

> **Lead Summary:** **വടകര: **ഒന്നര നൂറ്റാണ്ടോളം പഴക്കമുള്ള വടകര സബ് രജിസ്ട്രാർ കെട്ടിടം ഓർമ്മയാകുന്നു. ഓഫീസ് താൽക്കാലികമായി എടോടിയിലെ വാടക കെട്ടിടത്തിൽ പ്രവർത്തിക്കും. റവന്യൂ ടവർ നിർമാണത്തിന്റെ ഭാഗമായാണ് കെട്ടിടം പൊളിച്ചുമാറ്റാൻ തീരുമാനമായത്.

## Article Content

**വടകര: **ഒന്നര നൂറ്റാണ്ടോളം പഴക്കമുള്ള വടകര സബ് രജിസ്ട്രാർ കെട്ടിടം ഓർമ്മയാകുന്നു. ഓഫീസ് താൽക്കാലികമായി എടോടിയിലെ വാടക കെട്ടിടത്തിൽ പ്രവർത്തിക്കും. റവന്യൂ ടവർ നിർമാണത്തിന്റെ ഭാഗമായാണ് കെട്ടിടം പൊളിച്ചുമാറ്റാൻ തീരുമാനമായത്.

1865 മാർച്ച് 13നാണ് വടകരയിൽ സബ് രജിസ്ട്രാർ ഓഫീസ് പ്രവർത്തനമാരംഭിച്ചത്. വടകര നടക്കുതാഴെ ചോറോട് വില്ലേജുകളിലായി 12 ദേശങ്ങൾ ഉൾപ്പെടുന്നതാണ് വടകര സബ് രജിസ്ട്രാർ ഓഫീസിന്റെ പരിധി. ഭൂമി കൈമാറ്റ രജിസ്ട്രേഷൻ, ഒസ്യത്തുകൾ, വിവാഹ രജിസ്ട്രേഷൻ, ചിട്ടി രജിസ്ട്രേഷൻ, എന്നിവയാണ് പ്രധാനമായും ഇവിടെ രജിസ്റ്റർ ചെയ്തിരുന്നത്.

1969 വരെ ആധാരത്തിന്റെ പകർപ്പുകൾ ജീവനക്കാർ തന്നെ എഴുതി സൂക്ഷിക്കൽ ആയിരുന്നു പതിവ്. പിന്നീട് ഫയലിംഗ് സമ്പ്രദായത്തിലേക്ക് മാറി. ഇത്തരത്തിലുള്ള മൂവായിരത്തിലധികം വോള്യങ്ങളും, അതിലേറെ സൂചക പത്രങ്ങളും ഓഫീസിൽ കേടുകൂടാതെ സൂക്ഷിച്ചിട്ടുണ്ട്.

1988 മുതലുള്ള രജിസ്ട്രേഷൻ രേഖകൾ കമ്പ്യൂട്ടറുകളിലും സൂക്ഷിച്ചിട്ടുണ്ട്. ഇവയെല്ലാം തന്നെ താൽക്കാലിക ഓഫീസിലേക്ക് മാറ്റാനുള്ള ശ്രമകരമായ പ്രവർത്തനം നടന്നു വരികയാണ്. റവന്യൂ ടവർ നിർമ്മാണത്തിനായി സബ് രജിസ്ട്രാർ ഓഫീസ് മാത്രമാണ് നിലവിൽ പൊളിച്ചു മാറ്റാൻ ബാക്കി ഉള്ളത്. അഗ്നിയ്ക്കരിയായ വടകര താലൂക്ക് ഓഫീസ് ഉൾപ്പെടെ സ്ഥിതി ചെയ്തിരുന്ന സ്ഥലത്താണ് റവന്യൂ ടവർ നിർമ്മാണം. സബ് രജിസ്ട്രാർ, ഹെഡ് ക്ലാർക്ക്, ഒരു സീനിയർ ക്ലാർക്ക്, രണ്ട് ക്ലർക്കുമാർ, രണ്ട് ഓഫീസ് അസിസ്റ്റൻറ്, ഒരു പാർട്ട് ടൈം സ്വീപ്പർ ഉൾപ്പെടെ 8 ജീവനക്കാരാണ് ഓഫീസിലുള്ളത്. റവന്യൂ ടവർ യാഥാർത്ഥ്യമാകുന്നതോടെ ഓഫീസ് പുതിയ കെട്ടിടത്തിൽ പ്രവർത്തിച്ചു തുടങ്ങും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/96207/vadakara-sub-registrar-building-comes-to-mind)