---
title: "ഷാര്‍ജ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം വടകര മംഗലാട് സ്വദേശിയുടേത്"
english_title: " The body kept in the Sharjah mortuary belongs to a native of Vadakara Mangalad"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/9708/the-body-kept-in-the-sharjah-mortuary-belongs-to-a-native-of-vadakara-mangalad"
published_at: "2021-11-09T16:08:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618a4fc058646_abdul sathar .jpg"
keywords: []
---

# ഷാര്‍ജ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം വടകര മംഗലാട് സ്വദേശിയുടേത്

> **Lead Summary:** വടകര: രണ്ട് മാസത്തോളം ഷാര്‍ജ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മലയാളിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. വടകര മംഗലാട് സ്വദേശി പട്ടേരി കുനിയില്‍ താമസിക്കുന്ന തുണ്ടിക്കണ്ടിയില്‍ അബ്ദുല്‍ സത്താറിന്റേതാണ് മൃതദേഹം.

## Article Content

വടകര: രണ്ട് മാസത്തോളം ഷാര്‍ജ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മലയാളിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. വടകര മംഗലാട് സ്വദേശി പട്ടേരി കുനിയില്‍ താമസിക്കുന്ന തുണ്ടിക്കണ്ടിയില്‍ അബ്ദുല്‍ സത്താറിന്റേതാണ് മൃതദേഹം.

പിതാവ് : പോക്കര്‍, മാതാവ്: ഖദീജ ഭാര്യ: സജീറ. മക്കള്‍: റാനിഷ് മുഹമ്മദ്. സഹോദരങ്ങള്‍: അമ്മത് (ബഹറൈന്‍), റംല, ഹൈറുന്നിസ. അബൂദാബിയിലെ ഒരു കഫ്തീരിയയില്‍ ജോലി ചെയ്തുവന്നിരുന്ന ഇദ്ദേഹത്തിന്റെ വിസ രണ്ട് വര്‍ഷം മുന്‍പ് ക്യാന്‍സല്‍ ചെയ്തിരുന്നു. പിന്നീട് എവിടെയാണ് ജോലി ചെയ്തിരുന്നത് എന്നതിനെക്കുറിച്ച് കുറിച്ച് വിവരമില്ലായിരുന്നു.

ഷാര്‍ജയില്‍ കണ്ടിരുന്നതായി ചില സുഹൃത്തുക്കള്‍ പറയുന്നുണ്ട്. ഇദ്ദേഹം നാട്ടില്‍ വന്നു പോയിട്ട് അഞ്ച് വര്‍ഷത്തോളമായെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കഴിഞ്ഞ ആഗസ്റ്റിലാണ് ഇദ്ദേഹം മരിച്ചത്. ഔദ്യോഗിക രേഖകളൊന്നും കയ്യിലില്ലാത്തതിനാല്‍ മൃതദേഹം തിരിച്ചറിയാനാകാതെ ഷാര്‍ജ പൊലീസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഫോട്ടോയും അബ്ദുല്‍ സത്താര്‍ തുണ്ടികണ്ടിയില്‍ പോക്കര്‍ എന്ന പേരും മാത്രമാണ് ലഭ്യമായിരുന്നത്.

കഴിഞ്ഞ ദിവസം യാദൃശ്ചികമായി വിവരം അറിഞ്ഞ സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി ഇദ്ദേഹത്തെക്കുറിച്ച് തിരക്കി ഫേസ്ബുക്കില്‍ പോസ്റ്റ് ഇടുകയായിരുന്നു. തിങ്കളാഴ്ച രാത്രി ഫേസ്ബുക്ക് പോസ്റ്റ് പുറത്ത് വന്ന് ഒരു മണിക്കൂറിനകം ആളുകള്‍ ഇദ്ദേഹത്തെ തിരിച്ചറിയുകയായിരുന്നു. വടക മംഗലാട് സ്വദേശിയാണ് അബ്ദുല്‍ സത്താര്‍ എന്ന് തിരിച്ചറിഞ്ഞ ആളുകള്‍ യു.എ.ഇയില്‍ തന്നെയുള്ള അകന്ന ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ആളെ തിരിച്ചറിഞ്ഞതോടെ മൃതദേഹം ഉടന്‍ നാട്ടിലയക്കാന്‍ ആവശ്യമായ നടപടികള്‍ ആരംഭിച്ചതായി അഷറഫ് താമരശ്ശേരി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/9708/the-body-kept-in-the-sharjah-mortuary-belongs-to-a-native-of-vadakara-mangalad)