---
title: "പള്ളിയിൽ സംഘർഷം; ശക്തമായ നടപടി വേണമെന്ന് മഹല്ല് കമ്മിറ്റി "
english_title: "The Mahal Committee wants strong action in the conflict in the mosque"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/97139/the-mahal-committee-wants-strong-action-in-the-conflict-in-the-mosque"
published_at: "2023-02-15T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ec7396f0d23_PALLI_AKARAMAM.jpg"
keywords: []
---

# പള്ളിയിൽ സംഘർഷം; ശക്തമായ നടപടി വേണമെന്ന് മഹല്ല് കമ്മിറ്റി 

> **Lead Summary:** **വടകര: **പള്ളിയിലെ സംഘർഷത്തിൽ ശക്തമായ നടപടി വേണമെന്ന് മഹല്ല് കമ്മിറ്റി. പതിയാരക്കര, മുല്ലത്ത് നട റഹ്മാനിയ ജുമുഅ മസ്ജിദിൽ സുബ്ഹി ബാങ്ക് വിളിക്കുന്നതിനിടെ വൃദ്ധനെ ആക്രമിച്ചിരുന്നു.

## Article Content

**വടകര: **പള്ളിയിലെ സംഘർഷത്തിൽ ശക്തമായ നടപടി വേണമെന്ന് മഹല്ല് കമ്മിറ്റി. പതിയാരക്കര, മുല്ലത്ത് നട റഹ്മാനിയ ജുമുഅ മസ്ജിദിൽ സുബ്ഹി ബാങ്ക് വിളിക്കുന്നതിനിടെ വൃദ്ധനെ ആക്രമിച്ചിരുന്നു.

കുനിയിൽ മൂസ്സയെ എപി വിഭാഗം സുന്നി നേതാക്കളായ അപ്പം കണ്ടി ഉബൈദും, കടിച്ചിനി സൈദലവി സഖാഫിയും ചേർന്ന് മർദ്ദിച്ചു എന്നാണ് മഹല്ല് കമ്മിറ്റി പറയുന്നത്.

സാരമായി പരിക്കേറ്റ കുനിയിൽ മൂസയെ വടകര സീ.യെം ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ 50 വർഷത്തിന് മുകളിലായി ഒരു സംഘടനയിലും ഉൾപ്പെടാതെ നിഷ്പക്ഷമായി പ്രവർത്തിക്കുകയാണ് ഈ ഒരു മസ്ജിദ്.

മൂന്ന് മാസമായി കമ്മിറ്റിയുടെ അനുവാദം കൂടാതെ, വ്യാജ റെസീപ്റ്റ് ബുക്കും, വൗച്ചറും സീലും ഒക്കെ നിർമ്മിച്ച് പള്ളി തങ്ങളുടേതാണെന്ന് അവകാശവാദം ഉന്നയിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് അക്രമം അഴിച്ചുവിട്ടതെന്ന് മഹല്ല് കമ്മിറ്റി പ്രതിനിധികൾ ആരോപിച്ചു.

കഴിഞ്ഞദിവസം വടകര സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പള്ളിയിൽ നടന്ന മധ്യസ്ഥ ചർച്ചയിൽ പുതിയൊരു ഇമാമിനെ വെച്ചിരുന്നു. ശേഷം എല്ലാവരും ഒന്നിച്ചു നമസ്കാരത്തിൽ പങ്കെടുത്ത് പ്രശ്നത്തിന് പരിഹാരം കണ്ടതായിരുന്നു.

ഇതിനിടെയാണ് കഴിഞ്ഞ ദിവസം ബാങ്ക് വിളിക്കുന്നതിനിടെ വൃദ്ധനെ ആക്രമിച്ചത്. ഇക്കാര്യത്തിൽ പ്രതികൾക്കെതിരെ ശക്തമായ നടപടി വേണമെന്ന് മഹല്ല് കമ്മിറ്റി ആവശ്യപ്പെട്ടു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/97139/the-mahal-committee-wants-strong-action-in-the-conflict-in-the-mosque)