---
title: "'ചവിട്ടി'ക്കയറാൻ; പാഴ്‌ത്തുണികളിൽ നിന്നും ചവിട്ടി നിർമ്മാണം "
english_title: "Making treads from waste cloths"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/97268/making-treads-from-waste-cloths"
published_at: "2023-02-15T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ece7cb51e47_CHAVITTY.jpg"
keywords: []
---

# 'ചവിട്ടി'ക്കയറാൻ; പാഴ്‌ത്തുണികളിൽ നിന്നും ചവിട്ടി നിർമ്മാണം 

> **Lead Summary:** **വടകര: **ഉപയോഗത്തിനുശേഷം ഒഴിവാക്കുന്ന പാഴ്‌ത്തുണികളിൽനിന്ന്‌ ‘ചവിട്ടി’നിർമാണവുമായി വടകര. വടകര നഗരസഭയിലെ ഹരിയാലി ഹരിതകർമസേനയാണ് പുതിയ കണ്ടുപിടുത്തവുമായി രംഗത്തെത്തിയത്. തറി മാതൃകയിൽ യന്ത്രം രൂപകല്പന ചെയ്തതിന് ശേഷം അതിലാണ് നിർമാണം.

## Article Content

**വടകര: **ഉപയോഗത്തിനുശേഷം ഒഴിവാക്കുന്ന പാഴ്‌ത്തുണികളിൽനിന്ന്‌ ‘ചവിട്ടി’നിർമാണവുമായി വടകര. വടകര നഗരസഭയിലെ ഹരിയാലി ഹരിതകർമസേനയാണ് പുതിയ കണ്ടുപിടുത്തവുമായി രംഗത്തെത്തിയത്. തറി മാതൃകയിൽ യന്ത്രം രൂപകല്പന ചെയ്തതിന് ശേഷം അതിലാണ് നിർമാണം.

പാഴ്‌ത്തുണികൾകൊണ്ട്‌ ഉണ്ടാകുന്ന മാലിന്യപ്രശ്നം ഒഴിവാക്കാനും പുനരുപയോഗത്തിന്റെ സാധ്യത ഉപയോഗപ്പെടുത്തി തൊഴിൽസാധ്യത തുറക്കാനും ഇതിലൂടെ കഴിയുമെന്ന് നഗരസഭാ ചെയർപേഴ്‌സൺ കെ.പി. ബിന്ദു പറഞ്ഞു. ജെ.ടി. റോഡിലെ നഗരസഭയുടെ ഗ്രീൻ ടെക്‌നോളജി സെന്ററിലാണ് നിർമാണം തുടങ്ങിയത്.

മണിയൂർ ഇൻഡസ്ട്രീസിൽനിന്നാണ് ഇതിനാവശ്യമായ തറി നിർമിച്ചത്. തുണി നെയ്യുന്ന അതേ പ്രക്രിയയിലാണ് നിർമാണമെങ്കിലും നൂലിനുപകരം പഴയവസ്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. പഴയ സാരിയും നൈറ്റിയും മുണ്ടുമെല്ലാം ഇതിനായി ഉപയോഗിക്കാം. ഹരിതകർമസേന വീടുകളിൽനിന്ന്‌ പഴയവസ്ത്രങ്ങൾ ശേഖരിക്കുന്നുണ്ട്. ഇത് അണുനശീകരണം നടത്തിയശേഷമാണ് ചവിട്ടിനിർമാണത്തിന് ഉപയോഗിക്കുന്നത്.

നിലവിൽ ഒരു ചവിട്ടിക്ക് 50 രൂപ വിലയുണ്ട്. 40 രൂപയ്ക്ക് ഇത് നിർമിച്ചുനൽകാനാണ് ഹരിയാലി തീരുമാനം. 100 രൂപയ്ക്ക് മൂന്നെണ്ണം നൽകും. ചവിട്ടി നിർമിക്കുന്ന ഉപകരണം നിർമിച്ചുനൽകാനും തയ്യാറാണെന്ന് ഹരിതകർമസേന കോ-ഓർഡിനേറ്റർ മണലിൽ മോഹനൻ പറഞ്ഞു. 35,000 രൂപ ഇതിന് ചെലവുവരും.

വാഴപ്പോള, കമുകിൻപാള, മുള, കൈതോല എന്നിവകൊണ്ട് ബാഗ്, ഫയൽ, കർട്ടൻ എന്നിവ നിർമിച്ചുനൽകാനും പദ്ധതിയുണ്ട്. ചവിട്ടിനിർമാണം കാണാൻ നഗരസഭാ ചെയർപേഴ്‌സണും കൗൺസിലർമാരും ഗ്രീൻ ടെക്‌നോളജി കേന്ദ്രത്തിലെത്തി. നേരത്തേയും പാഴ്‌വസ്തുക്കൾകൊണ്ട് ഒട്ടേറെ ഉത്പന്നങ്ങൾ നിർമിച്ച് ഹരിയാലി ശ്രദ്ധനേടിയിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/97268/making-treads-from-waste-cloths)