---
title: "'രാധേശ്യാം'; കൃഷ്ണ ഭഗവാനായി പ്രണയകാവ്യം "
english_title: "A love poem for Lord Krishna"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/97488/a-love-poem-for-lord-krishna-newpost"
published_at: "2023-02-16T17:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ee1796be1b0_RADESHYAM.jpg"
keywords: []
---

# 'രാധേശ്യാം'; കൃഷ്ണ ഭഗവാനായി പ്രണയകാവ്യം 

> **Lead Summary:** **വടകര:** 'ഹരിതാമൃതം 23' ജൈവ മേളയിലെ പുസ്തക കാഴ്ചകൾ സന്ദർശകരെ ആനന്ദത്തിലാക്കുന്നു. ഫെബ്രുവരി 10 മുതലാണ് വടകര ടൗൺഹാളിൽ ഹരിതാമൃതം 23 ജൈവമേള ആരംഭിച്ചത്. ഇന്നാണ് സമാപനം.ടൗൺഹാളിലെ ഉൾവശത്തെ പ്രവേശന കവാടത്തിൽ തന്നെ ആരെയും വിസ്മയിപ്പിക്കുന്ന കാഴ്ചയാണ് വിനീത വേണുഗോപാലിന്റെ പുസ്തക സ്റ്റാൾ.

## Article Content

**വടകര:** 'ഹരിതാമൃതം 23' ജൈവ മേളയിലെ പുസ്തക കാഴ്ചകൾ സന്ദർശകരെ ആനന്ദത്തിലാക്കുന്നു. ഫെബ്രുവരി 10 മുതലാണ് വടകര ടൗൺഹാളിൽ ഹരിതാമൃതം 23 ജൈവമേള ആരംഭിച്ചത്. ഇന്നാണ് സമാപനം.ടൗൺഹാളിലെ ഉൾവശത്തെ പ്രവേശന കവാടത്തിൽ തന്നെ ആരെയും വിസ്മയിപ്പിക്കുന്ന കാഴ്ചയാണ് വിനീത വേണുഗോപാലിന്റെ പുസ്തക സ്റ്റാൾ.

വടകര കൊപ്ര ഭവനിൽ നിന്ന് ഒരു വർഷം മുമ്പ് വടകര എംഎൽഎ കെ.കെ രമ പ്രകാശനം ചെയ്ത 'രാധേശ്യാം' എന്ന കാവ്യസമഹാര പുസ്തകം, പുസ്തക സ്നേഹികളെയും, കൃഷ്ണ ഭഗവാനെ സ്നേഹിക്കുന്നവരെയും ഏറെ ആകർഷിക്കുന്നു. കഴിഞ്ഞവർഷം എൻഎസ്എസ് വിദ്യാഭ്യാസ ധനസഹായ പരിപാടിയോടനുബന്ധിച്ചായിരുന്നു എംഎൽഎ പ്രകാശനം ചെയ്തത്.

എൻഎസ്എസ് വടകര യൂണിയൻ പ്രസിഡണ്ട് വി ശശീന്ദ്രൻ മാസ്റ്റർ, യൂണിയൻ സെക്രട്ടറി കെ എം വിനോദ് കുമാർ, എം എസ് എസ് എസ് കോ:ഓർഡിനേറ്റർ ജയപ്രകാശൻ, ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തിരുന്നു. വായനക്കാർക്കിടയിൽ നിന്നും മികച്ച അഭിപ്രായമാണ് ഈ കവിത സമാഹാരത്തിന് ലഭിച്ചത്. ഹരിതാമൃതം മേളയിൽ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ അറുപതോളം കോപ്പികളാണ് വിറ്റുപോയത്. രാധേ ശ്യാം എന്ന കാവ്യാസമാഹാരത്തെ അടുത്തറിയാൻ ശ്രമിക്കുന്ന ഏതൊരാൾക്കും അവയിൽ ജ്ഞാനത്തെക്കാൾ ഭക്തിയാണ് കൂടുതൽ എന്ന് ബോധ്യമാവും.

 

രാധേ ശ്യാം എന്ന വാക്കിനർത്ഥം തന്നെ രാധയുടെ പ്രേമം അഥവാ സ്നേഹം എന്നാണ്. ദേവന്മാരോടുള്ള സ്നേഹവിശേഷമാണ് ഭക്തി. കവിയത്രി ദൈവങ്ങളെ പ്രത്യേകിച്ച് ശ്രീകൃഷ്ണ ഭഗവാന്റെ കീർത്തനങ്ങൾ ആണ് രചിച്ചിട്ടുള്ളത്. ശ്രീകൃഷ്ണ ഭഗവാനെ സംശുദ്ധ ഭക്തിയാൽ പ്രാർത്ഥിക്കുന്ന പാകത്തിൽ ചിട്ടപ്പെടുത്തിയ 40ൽപരം കവിതകളുടെ സമാഹാരമാണ് രാധേ ശ്യാം. കവിതാ സമാഹാരത്തിന്റെ അവതാരിക എഴുതിയത് പ്രമുഖ നാടക കൃത്തും, മുൻ പ്രധാനാധ്യാപകനുമായ ഒഞ്ചിയം പ്രഭാകരനാണ്.

'കണ്ടുകണ്ടങ്ങരിക്കും ജനങ്ങളെ, കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ. രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ, കൃഷ്ണാ കൃഷ്ണാ മുകുന്ദാ ജനാർദ്ദനാ.. കൃഷ്ണാ ഗോവിന്ദാ.. നാരായണ ഹരേ..' രാധേ ശ്യാം മിലെ ഭഗവാനെ പ്രകീർത്തിച്ച് കൊണ്ടുള്ള നിരവധി സ്ത്രോത്രങ്ങൾ ഇതേപോലെ കാണാം. സ്നേഹമെന്ന വിശുദ്ധ വികാരമാണ് ഭക്ത കവികളുടെയെല്ലാം പ്രത്യയശാസ്ത്രം.

ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസമായ മഹാകവി അക്കിത്തം അതിനെ സാക്ഷ്യപ്പെടുത്തുന്നു. 'നിരുപാധിക മദം സ്നേഹം ബലമായി വരും ക്രമാൽ, അതാണഴകേ സത്യം, അതു ശീലിക്കൽ ധർമ്മവും.' മേൽപ്പത്തൂരിനെ, പൂന്താനത്തെ, തുഞ്ചത്തെഴുത്തച്ഛനെ പോലെയുള്ള ജ്ഞാനികളിൽ നിന്ന് ജനങ്ങൾക്ക് ധർമ്മാനുശ്രുത ജീവിതത്തിന്റെ പാഠങ്ങൾ മനസ്സിലാക്കാം.

ഫലം സമാധാനം ആനന്ദം ശുഭം. വിലപ്പെട്ട ഒട്ടേറെ തിരിച്ചറിവുകളുടെ, ഭക്തിയുടെ സംഭരണിയാണ് രാധേ ശ്യാം എന്ന ഈ കീർത്തന സമാഹാരം. വിലപ്പെട്ട ഒട്ടേറെ തിരിച്ചറിവുകളുടെ, ഭക്തിയുടെ സംഭരണിയാണ് രാധേ ശ്യാം എന്ന ഈ കീർത്തന സമാഹാരം.ഇത് ഭക്തരുടെ മനസ്സുകളിൽ ഏറെ പ്രകാശം പരത്തട്ടെ എന്ന ആശംസയോടെയാണ് ഒഞ്ചിയം പ്രഭാകരൻ അവതാരിക അവസാനിപ്പിച്ചത്.

വടകര താലൂക്കിലെ, ചോറോട് പഞ്ചായത്തിലെ ചേന്ദമംഗലം ക്ഷേത്രത്തിനു സമീപം വള്ളോളി വേണുഗോപാല കുറുപ്പിന്റെയും, കല്ല്യാട്ട് പനോളി പ്രസന്നകുമാരിയുടെയും മകളായി 1976 മാർച്ച് 21നാണ് കവയത്രി വിനീത വേണുഗോപാൽ ജനിച്ചത്. ചേന്ദമംഗലം എൽ പി സ്കൂൾ, എസ് ജി എം എസ് ബി വടകര, സെന്റ് ആൻറണീസ് സ്കൂൾ വടകര, മടപ്പള്ളി ഗവ: കോളേജ്, മേഴ്സി കോളേജ് വടകര എന്നിവിടങ്ങളിലായിരുന്നു പഠനം.

തുടർന്ന് വടകര താലൂക്കിലെ വിവിധ പ്രൈവറ്റ് സ്കൂളുകളിൽ ടീച്ചറായി ജോലി ചെയ്തു. കഴിഞ്ഞ ആറുവർഷമായി വടകര താലൂക്ക് എൻഎസ്എസ് ഓഫീസിൽ സ്റ്റാഫ് ആയി ജോലി ചെയ്തു വരുന്നു. ഈയടുത്തകാലത്ത് 'വിനീതാ കൃഷ്ണ' എന്ന തൂലികാനാമം സ്വീകരിച്ചു. മലപ്പുറം ജില്ലയിലെ കുഞ്ഞിമൊയ്തീൻ ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം അധ്യാപകനായ കൂടത്തിൽ സുകുമാരൻ മാസ്റ്ററുടെ ഭാര്യയാണ്. ഇനിയും ഒരുപാട് ഭക്ത കവിതകൾ രചിക്കുവാൻ വിനീതക്ക് കഴിയട്ടെ എന്ന് ആശംസിക്കുകയാണ് പ്രിയ വായനക്കാർ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/97488/a-love-poem-for-lord-krishna-newpost)